ഡ്രോണിനെ കൃഷിയോടിണക്കി സെമിനാര്‍ ചേർത്തലയിൽ
1489450
Monday, December 23, 2024 5:13 AM IST
ചേര്‍ത്തല: ഡ്രോണുകളെ കൃഷിയുമായി എങ്ങനെ ഇണക്കാം എന്നതും സാധ്യതകളും വിഷയമാക്കി സെമിനാര്‍. ചേര്‍ത്തല സെന്റ് മൈക്കിള്‍സ് കോളജ് മൈതാനിയില്‍ നടക്കുന്ന കരപ്പുറം കാഴ്ചകളില്‍ നടന്ന സെമിനാറില്‍ കോട്ടയം കൃഷി വിജ്ഞാന കേന്ദ്രത്തിലെ അസിസ്റ്റന്റ് പ്രഫസര്‍ ഡോ. മാനുവല്‍ അലക്സ്, ഡ്രോണ്‍ ഓപ്പറേറ്റേഴ്സ് അസോസിയേഷന് ഓഫ് ഇന്ത്യ കോ-ഓര്‍ഡിനേറ്റര്‍ എ.ബി. അനൂപ് എന്നിവര്‍ സെമിനാര്‍ നയിച്ചു. വിവിധ ഡ്രോണുകള്‍ പരിചയപ്പെടുത്തി.
മുഹമ്മ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍.ടി. റെജി അധ്യക്ഷനായി. സംസ്ഥാന വില നിര്‍ണയ ബോര്‍ഡ് ചെയര്മാന് ഡോ.പി. രാജശേഖരന് സെമിനാര്‍ ഉദ്ഘാടനം ചെയ്തു. തെരഞ്ഞെടുത്ത 150 കര്‍ഷകരാണ് പങ്കെടുത്തത്.
മുഹമ്മപഞ്ചായത്തിലെ കലാകാരന്മാര് കലാപരിപാടികള്‍ അവതരിപ്പിച്ചു. മേളയോടനുബന്ധിച്ചുള്ള കാര്‍ഷിക പ്രദര്‍ശനത്തില്‍ നൂറിലധികം പ്രദര്‍ശന സ്റ്റാളുകള്‍ സജ്ജമാക്കിയിട്ടുണ്ട്. കൃഷി വകുപ്പിന്റെ സ്റ്റാളില്‍നിന്ന് കര്‍ഷകര്‍ക്ക് സംസ്ഥാന വിള ഇന്‍ഷ്വറന്‍സ് പദ്ധതി, കാലാവസ്ഥധിഷ്ഠിത വിള ഇന്‍ഷുറന്‍സ് പദ്ധതി, കൃഷി വകുപ്പിന്റെ കതിര് ആപ്, പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ പദ്ധതി എന്നിവയെക്കുറിച്ച് മനസിലാക്കുന്നതിനും സൗജന്യ ഓണ്‍ലൈന്‍ സേവനത്തിനും സൗകര്യം ഉണ്ടായിരിക്കും.
23നു രാവിലെ ഒമ്പതു മുതല്‍ അഞ്ചുവരെ കാര്‍ഷിക യന്ത്രോപകരണങ്ങളുടെ സീസണല്‍ അറ്റകുറ്റപ്പണികള്‍ക്കായുള്ള സര്‍വീസ് ക്യാമ്പ് നടത്തും. രാവിലെ കേരള ഭൂപരിഷ്കരണ റിവ്യുബോര്ഡംഗം ആര്. സുഖലാല്‍ ഉദ്ഘാടനം ചെയ്യും. ജില്ലാപഞ്ചായത്തംഗം വി. ഉത്തമന് അധ്യക്ഷനാകും.
രാവിലെ 10ന് കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞരുടെ നേതൃത്വത്തില്‍ കിഴങ്ങുവിളകളുടെ നൂതന കൃഷിമുറകളും പരിപാലനവും, രോഗകീട നിയന്ത്രണം, ഉത്പന്ന വൈവിധ്യവും സംരംഭക സാധ്യതകളും എന്നി വിഷയങ്ങളില്‍ സെമിനാര്‍ നടത്തും.