കാരുണ്യ മെഡിക്കൽ സ്റ്റോർ: ചേര്‍ത്തലയില്‍ ഭരണ-പ്രതിപക്ഷ പോര്
1489052
Sunday, December 22, 2024 5:35 AM IST
ചേര്‍ത്തല: താലൂക്ക് ആസ്ഥാന ആശുപത്രിയിലെ കാരുണ്യ ഫാര്‍മസിയുടെ പ്രവര്‍ത്തനം തടസപ്പെട്ടതിനെച്ചൊല്ലി ചേര്‍ത്തലയില്‍ രാഷ്ട്രീയപ്പോര് ശക്തമാകുന്നു. ചേര്‍ത്തല താലൂക്ക് ആശുപത്രിയിൽ നിർമിക്കുന്ന ബഹുനില കെട്ടിടത്തിനുള്ള പ്രധാന കവാടത്തിനായി പഴയ കെട്ടിടം പൊളിച്ചപ്പോഴാണ് കാരുണ്യ ഫാർമസിയുടെ മരുന്നു വിതരണം തടസപ്പെട്ടത്.
അവശ്യമരുന്നുകൾക്കടക്കം 20 മുതൽ 93 ശതമാനംവരെ വിലക്കിഴിവ് ഉണ്ടെന്നതിനാൽ ഒട്ടേറെ രോഗികളാണ് കാരുണ്യ ഫാർമസിയെ ആശ്രയിക്കുന്നത്. പ്രധാനമായും വൃക്കരോഗികൾക്കുള്ള മരുന്നുകൾ ഇതുവഴിയാണ് വിതരണം ചെയ്യുന്നത്.
താലൂക്ക് ആശുപത്രിയിലെ 70 ഡയാലിസിസ് രോഗികളും തുറവൂർ താലൂക്ക് ആശുപത്രിയിലും സ്വകാര്യ ആശുപത്രികളിലും ഡയാലിസിസ് ചെയ്യുന്ന 200 രോഗികളും മരുന്നിന് ആശ്രയിക്കുന്നത് ചേര്‍ത്തല താലൂക്ക് ആശുപത്രയില്‍ സ്ഥിതിചെയ്യുന്ന കാരുണ്യ ഫാർമസിയെയാണ്. മരുന്നുവിതരണം തടസപ്പെട്ടതിനെതുടര്‍ന്ന് ഡയാലിസിസ് രോഗികളും ബന്ധുക്കളുമടക്കം പ്രതിഷേധവുമായി രംഗത്തെത്തി.
പത്തുദിവസത്തോളം മരുന്നുവിതരണം തടസപ്പെട്ടതിനെത്തു ടര്‍ന്ന് പ്രതിഷേധം കോണ്‍ഗ്രസ് ഏറ്റെടുക്കുകയും കഴിഞ്ഞദിവസം സൂപ്രണ്ടിനെ ഉപരോധിക്കുകയും ചെയ്തു.
ആശുപത്രിയെ തര്‍ക്കഭൂമിയാക്കി രോഗികളെ വഴിയാധാരമാക്കുന്ന നടപടികളാണ് സര്‍ക്കാരും നഗരസഭയും നടത്തുന്നതെന്നാരോപിച്ച് കോൺഗ്രസ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ ഇന്നലെ ആശുപത്രിക്കു മുമ്പിൽ ധര്‍ണ നടത്തി. കെപിസിസി ജനറൽ സെക്രട്ടറി എ.എ. ഷുക്കൂർ പ്രതിഷേധ സമ്മേളനം ഉദ്ഘാടനം ചെയ്തു.
ഈസ്റ്റ് മണ്ഡലം പ്രസിഡന്റ് വിശ്വംഭരൻപിള്ള അധ്യക്ഷത വഹിച്ചു. കെപിസിസി സെക്രട്ടറി എസ്. ശരത്, സി.ഡി. ശങ്കർ, ആർ. ശശിധരൻ, സജി കുര്യാക്കോസ്, പി. ഉണ്ണികൃഷ്ണൻ, ടി.ഡി. രാജൻ, ബി. ഫൈസൽ, കെ.പി. പ്രകാശൻ, മധുകുമാര്‍, ബി. ഭാസി, കെ. ദേവരാജൻപിള്ള, രമേശ്പണിക്കർ, എം.എ. സാജു, ബാബു മുള്ളൻചിറ, കെ.ആർ. രൂപേഷ്, രഘുനാഥപ്പണിക്കർ, എ. സിദ്ധാർഥൻ, ബേബി കമലം, മാമ്പലശ്രീകുമാർ, രാധാകൃഷ്ണൻ ചക്കരക്കുളം എന്നിവർ പ്രസംഗിച്ചു.
അതേസമയം, കാരുണ്യ ഫാര്‍മസി കൂടുതല്‍ നാള് അടഞ്ഞുകിടന്നാല്‍ ചേര്‍ത്തലയില്‍ കോണ്‍ഗ്രസ് രാഷ്ട്രീയലാഭം നേടുമെന്ന് മനസിലാക്കിയ ഭരണപക്ഷം ഉടന്‍തന്നെ നടപടിയുമായി രംഗത്തെത്തി. ചേർത്തല താലൂക്ക് ആശുപത്രിയിൽ ഒരാഴ്ചയായി മുടങ്ങിക്കിടന്ന കാരുണ്യ ഫാർമസിയുടെ മരുന്ന് വിതരണം പുനഃസ്ഥാപിച്ചതായി മന്ത്രി പി. പ്രസാദ് അറിയിച്ചു.
കേരള മെഡിക്കൽ സർവീസ് കോർപറേഷന്റെ കീഴിൽ പ്രവർത്തിക്കുന്ന കാരുണ്യാ ഫാർമസിയുടെ ഉന്നത ഉദ്യോഗസ്ഥന്മാരുമായി മന്ത്രി നടത്തിയ ചർച്ചയിലാണ് തീരുമാനം. നിലവിൽ പേ-വാർഡിനു സമീപമാണ് പ്രവർത്തനം തുടങ്ങിയത്.
അടുത്തദിവസം കേരള മെഡിക്കൽ കോർപറേഷൻ ഉദ്യോഗസ്ഥർ ആശുപത്രിസന്ദർശനം നടത്തുമെന്നും സാധാരണക്കാരായ ഡയാലിസിസ് രോഗികളടക്കമുള്ളവർക്ക് ഏറ്റവും ഉപകാരപ്രദമായ കാരുണ്യാ ഫാർമസിയുടെ പ്രവർത്തനം തടസപ്പെടില്ലെന്നും മന്ത്രി പി.പ്രസാദ് അറിയിച്ചു.