റോഡ് ഉദ്ഘാടനം വിവാദത്തില്‍; ഫലകം പിഴുതുമാറ്റി പഞ്ചായത്ത് അധികൃതര്‍
1489467
Monday, December 23, 2024 5:25 AM IST
എടത്വ: പൊതുപ്രവര്‍ത്തകന്റെ നേതൃത്വത്തില്‍ നടത്തിയ റോഡ് ഉദ്ഘാടനം വിവാദത്തില്‍. ഉദ്ഘാടനത്തിനു സ്ഥാപിച്ച ഫലകം പിഴുതുമാറ്റി എടത്വാ ഗ്രാമപ്പഞ്ചായത്തധികൃതര്‍. എടത്വാ പള്ളിപ്പാലം-കാട്ടുംഭാഗം റോഡിന്റെ പേരിലാണ് വിവാദം കൊഴുക്കുന്നത്.
റോഡിന്റെ അവകാശത്തര്‍ക്കമാണ് വിവാദത്തില്‍ കലാശിച്ചത്. മന്ത്രി സജി ചെറിയാന് പദ്ധതിക്കു തുകയനുവദിച്ചത് തന്റെ ശ്രമഫലമായാണെന്നു പറഞ്ഞ് പൊതുപ്രവര്ത്തകന് ജെയ്സപ്പന്‍ മത്തായി റോഡ് നാടമുറിച്ച് ഉദ്ഘാടനം ചെയ്യുകയും ഫലകം സ്ഥാപിക്കുകയും ചെയ്തതോടെയാണ് വിവാദം ആരംഭിച്ചത്.
നിര്‍മാണാനുമതി നേരത്തേ ലഭിച്ചതെന്ന്
എന്നാല്‍, പഞ്ചായത്തധികൃതരുടെ വാദം മറിച്ചാണ്. എടത്വാ പള്ളിപ്പാലം-കാട്ടുംഭാഗം റോഡ് ഹാര്‍ബര്‍ എന്‍ജിനിയറിംഗ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 46.30 ലക്ഷം രൂപ മുടക്കിയാണു ടാര്‍ ചെയ്തതെന്നും റോഡുനിര്‍മാണത്തിനുള്ള അനുമതി ഫിഷറീസ് വകുപ്പില്‍നിന്നു നേരത്തേ ലഭ്യമായതാണന്നുമാണ് പഞ്ചായത്തിന്റെ വാദം.
മാത്രവുമല്ല നിര്‍മാണം പൂത്തിയാക്കിയശേഷം ഉദ്ഘാടനത്തിന് തയാറെടുപ്പുനടത്തിവരുന്ന സന്ദര്‍ഭത്തില്‍ പഞ്ചായത്തധികൃതരെ അറിയിക്കാതെ ഉദ്ഘാടനം നടത്തിയ നടപടി തികച്ചും അപലപനീയമാണന്നും പഞ്ചായത്ത് അധികൃതര്‍ കുറ്റപ്പെടുത്തി.
ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ജെയ്സപ്പന്‍ മത്തായി സ്ഥാപിച്ച ഫലകം പിഴുതുമാറ്റിയത്. പിഴുതെടുത്ത ഫലകം പഞ്ചായത്തുവളപ്പിലെത്തിച്ചു. റോഡുനിര്‍മാണം പൂര്‍ത്തിയാക്കി പൊതുജനങ്ങളുടെ ദുരിതത്തിന് അറുതിവരുമ്പോഴാണ് നിര്‍മാണത്തിലെ അവകാശത്തര്‍ക്കത്തിന്റെ പേരില്‍ പുതിയ വിവാദത്തിനു തിരികൊളുത്തിയത്.