ചേർത്തല പൊലിമ കരപ്പുറം കാഴ്ചകളിലേക്ക് ജനപ്രവാഹം
1489053
Sunday, December 22, 2024 5:35 AM IST
ചേർത്തല: ചേർത്തലയുടെ സമഗ്ര കാർഷികവികസനം ലക്ഷ്യമാക്കിയും കരപ്പുറത്തിന്റെ പരമ്പരാഗത കാർഷികപ്പെരുമ തിരികെ കൊണ്ടുവരാനും കൃഷിമന്ത്രി പി. പ്രസാദിന്റെ നേതൃത്വത്തിൽ കൃഷിവകുപ്പ് നടത്തുന്ന ചേർത്തല പൊലിമ കരപ്പുറം കാഴ്ചകളിലേക്ക് ജനപ്രവാഹം.
കാർഷിക സെമിനാറുകൾ, ബിടുബി മീറ്റുകൾ, ഇൻകുബേറ്റർ സെന്റർ, കാർഷിക വായ്പാ സെന്ററുകൾ, വിദഗ്ധർ നൽകുന്ന കാർഷിക പഠന ക്ലാസുകൾ, തദ്ദേശ കലാകാരന്മാരുടെ കലാപരിപാടികൾ എന്നിവയും മേളയിലുണ്ട്. ചേർത്തല സെന്റ് മൈക്കിള്‍സ് കോളജ് മൈതാനിയില്‍ കൃഷിവകുപ്പിന്റെ മൂവായിരത്തിലധികം ഉത്പന്നങ്ങൾ നൂറിലധികം സ്റ്റാളുകളിലായാണ് പ്രദർശനം.
ചേർത്തല മണ്ഡലത്തിൽ ഉൾപ്പെടുന്ന പഞ്ചായത്തുകളായ കഞ്ഞിക്കുഴി, ചേർത്തല തെക്ക്, മുഹമ്മ, തണ്ണീർമുക്കം, കടക്കരപ്പള്ളി, വയലാർ, പട്ടണക്കാട് ഉൾപ്പെടെ ചേർത്തല നഗരസഭയിലെയും മുഴുവൻ കർഷകരുടെയും ജനപ്രതിനിധികളുടെയും കലാ-സാംസ്ക്കാരിക പ്രവർത്തകരെയും ഉൾപ്പെടുത്തിയാണ് മേള സംഘടിപ്പിച്ചിരിക്കുന്നത്.
കാർഷിക സംരംഭങ്ങൾക്കും കർഷക ഗ്രൂപ്പുകൾക്കും ആശയങ്ങൾ വിപുലീകരിക്കുന്നതിനും പ്രാവർത്തികമാക്കുന്നതിനും സഹായകമാക്കുന്ന ഡിപിആർ ക്ലിനിക്കും കർഷകരും ഉപഭോക്താക്കളും തമ്മിലുള്ള അന്തരം കുറയ്ക്കാനും വിപണന സാധ്യത കണ്ടെത്താനും ബി ടു ബീ മീറ്റ് മേളയുടെ പ്രത്യേകതയാണ്.
ദേശീയപാതയിലൂടെ യാത്ര ചെയ്യുന്ന അനവധി കുടുംബങ്ങളും മേളയിൽ എത്തി കാഴ്ചകൾ കണ്ടശേഷം ഫുഡ് സെന്ററുകളിൽ ഭക്ഷണവും കഴിച്ചാണ് മടങ്ങുന്നത്. 29ന് പ്രദര്‍ശനം സമാപിക്കും.
വേദിയിൽ ഇന്ന് രാവിലെ 10ന് നടക്കുന്ന കാർഷിക സെമിനാർ സാംസ്കാരിക പ്രവർത്തകക്ഷേമനിധി ബോർഡ് അംഗം ജയൻ ചേർത്തല ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് രണ്ടിന് കാർഷിക പ്രശ്നോത്തരി. വൈകുന്നേരം നാലുമുതൽ കലാപരിപാടികൾ. ഏഴിന് ഫ്യൂഷൻ കൈകൊട്ടിക്കളി.