അടച്ചുറപ്പുള്ള വീടെന്ന സെലീനയുടെ സ്വപ്നം സാക്ഷാത്കരിച്ച് കരുതൽ ഉച്ചയൂണ് കൂട്ടായ്മ
1489462
Monday, December 23, 2024 5:25 AM IST
ഹരിപ്പാട്: സമാധാനത്തിന്റെ സന്ദേശവുമായി ഉണ്ണിയേശു പിറന്ന ഈ ക്രിസ്മസ് കാലം സെലീനയ്ക്ക് പുതുജീവിതം. സ്വപ്നംപോലും കാണാന്‍ കഴിയാതിരുന്ന സ്വന്തമായി ഒരു വീട് എന്നത് യാഥാര്‍ഥ്യമായതിന്റെ സന്തോഷമാണ് സെലീനയ്ക്ക്. ഇതിനു കണ്ണീരോടെ നന്ദി പറയുന്നത് ഒരു കൂട്ടം നന്മ മനസുകള്‍ക്ക്.
തോട്ടപ്പള്ളി കൊട്ടാരവളവ് ഗേറ്റിങ്കല്‍ വീട്ടില്‍ സെലീനയ്ക്കാണ് ഹരിപ്പാട് കരുതല്‍ ഉച്ചയുണ് കൂട്ടായ്മയുടെ നേതൃത്വത്തില്‍ ഒരു കൂട്ടം സുമനസുകളുടെ സഹായത്താല്‍ വീടു നിര്‍മിച്ചു നല്‍കിയത്. ഭര്‍ത്താവ് ജോസഫ് മൂന്നു വര്‍ഷം മുന്‍പ് അപകടത്തില്‍ മരണപ്പെട്ടതോടെ ഉപജീവനത്തിനായി പലരുടെയും മുന്നില്‍ കൈ നീട്ടേണ്ടിവന്നു.
സെലീനയുടെ ദുരിത ജീവിതമറിഞ്ഞ കരുതല്‍ ഉച്ചയൂണ് കൂട്ടായ്മ ചെയര്മാന് ഷാജി.കെ. ഡേവിഡ് മുന്‍കൈയെടുത്ത് ഉപജീവനത്തിനായി ഉണ്ണിയപ്പം നല്കി. ഇതു വിറ്റു കിട്ടുന്ന പണമാണ് സെലീനയ്ക്ക് ആശ്രയമായിരുന്നത്. ഇതിനിടയില്‍ സെലീനയ്ക്ക് അന്തിയുറങ്ങാന്‍ മെഴുകുതിരി ചലഞ്ച് നടത്തി സമാഹരിച്ച തുക കൊണ്ട് കെട്ടുറപ്പുള്ള വീടു നിര്‍മാണത്തിനും തുടക്കമിട്ടു.
കരുതലിന്റെ മെഴുകുതിരി വെളിച്ചത്തിന്റെ കാരുണ്യകരസ്പര്ശത്തില് തീര്‍ത്ത വീടിന്റെ ഗൃഹപ്രവേശം ഡോ. ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ് കൂദാശാകര്‍മം നിര്‍വഹിച്ചു. കരുതല്‍ ഉച്ചയൂണ് കൂട്ടായ്മ ചെയര്മാന് ഷാജി.കെ. ഡേവിഡ് അധ്യക്ഷനായി. സ്വാമി മഥുര നാഥ്, എം.എസ്. സൈഫുദീന്‍ മിസ്ബാഫി തുടങ്ങിയവര്‍ അനുഗ്രഹ പ്രഭാഷണങ്ങള്‍ നടത്തി.
ഫാ. തോമസ് പാലവിള, ഫാ. ജിബിന്‍ കുര്യാക്കോസ് സിസ്റ്റര്‍ ഫ്ളോറ, കെ.ടി. തോമസ്, വര്‍ഗീസ്. കെ.തോമസ്, കെ.ടി. ചാക്കോ, പോള്‍ വര്‍ഗീസ്, അനിഷ്, റിയാസ്, അഷറഫ്, സുഭാഷ് ജോമോന്, സാദിക്ക് ഇരുവേലി ജോസ് എന്നിവര്‍ പങ്കെടുത്തു.
കരുതല്‍ ഉച്ചയൂണ് കൂട്ടായ്മയുടെ 75-ാമത് വീടാണിത്. മെഴുകുതിരി ചലഞ്ചിലൂടെ അഞ്ച് വീടുകളാണ് കരുതല്‍ ഉച്ചയൂണ് കൂട്ടായ്മ നിര്‍മിക്കുന്നത്. ഇതില്‍ ഒരു വീടിന്റെ നിര്‍മാണം പൂര്‍ത്തിയാക്കി. മറ്റു മൂന്നു വീടുകളുടെ നിര്‍മാണം പുരോഗമിക്കുകയാണ്.