കാണികളുടെ മനം കവർന്ന് ഫിലിം ഫെസ്റ്റ്
1489055
Sunday, December 22, 2024 5:35 AM IST
മുഹമ്മ: പാതിരാമണൽ ഫെസ്റ്റിന്റെ ഭാഗമായി ഫിലിം ഫെസ്റ്റിവൽ സംഘടിപ്പിച്ചു. സിനിമാ സംവിധായകൻ പ്രിയനന്ദനൻ ആദിവാസികളുടെ ജീവിതത്തെ ആസ്പദമാക്കി ചിത്രീകരിച്ച ധബാരി കുരുവി എന്ന സിനിമയുടെ പ്രദർശനമാണ് നടന്നത്. അട്ടപ്പാടിയിലെ ആദിവാസികളുടെ ജീവിതത്തിന്റെ നേർക്കാഴ്ചയൊരുക്കിയ ചിത്രപ്രദർശനം കാണികളുടെ മനം നിറച്ചു.
ആദിവാസി ജീവിതത്തിന്റെ തനിമ ഒട്ടും ചോരാതെയാണ് ചിത്രീകരിച്ചത്. കാനന ദൃശ്യങ്ങളുടെ വശ്യതയും ഇതിവൃത്തത്തിന്റെ തികവും ഒത്തിണങ്ങിയ ചിത്രം പാർശ്വവത്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെ ജീവിത പ്രശ്നങ്ങളിലേക്കുള്ള കണ്ണാടിയായി.
മുഹമ്മയിൽ വികസനത്തിന്റെ തിരയിളക്കം സൃഷ്ടിക്കാൻ കഴിയുന്നതാണ് പാതിരാമണൽ വികസനമെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച പഞ്ചായത്ത് പ്രസിഡന്റ് സ്വപ്നാ ഷാബു പറഞ്ഞു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.ടി. റെജി, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൻ നസീമ, പഞ്ചായത്തംഗങ്ങളായ ജി. സതീഷ്, ടി.സി. മഹീധരൻ, പി.വി. വിനോദ് എന്നിവർ പ്രസംഗിച്ചു.
ചിത്രരചനാ മത്സരം
മുഹമ്മ: പാതിരാമണൽ ഫെസ്റ്റിനോടനുബന്ധിച്ച് സ്കൂൾ വിദ്യാർഥികൾക്കായി ചാരമംഗലം സംസ്കൃത ഹൈസ്കൂള്ളിൽ ചിത്രരചനാമത്സ രം നടത്തി. എൽപി, യുപി, ഹൈസ്കൂൾ വിഭാഗങ്ങളിലായാണ് മത്സരം നടന്നത്. പ്രമുഖ കാർട്ടുണിസ്റ്റ് ബേബി ഉദ്ഘാടനം ചെയ്തു.