ക്രിസ്മസ് പ്രകൃതിസൗഹൃദമാക്കാന്‍ ജീവനുള്ള ക്രിസ്മസ് ട്രീയുമായി ആലുവ ഫാം
1489449
Monday, December 23, 2024 5:13 AM IST
ആലപ്പുഴ: ജീവന് തുടിക്കുന്ന പ്രകൃതി സൗഹൃദ ക്രിസ്മസ് ട്രീയുമായാണ് ഇക്കുറി ആലുവ ഫാം കരപ്പുറം കാഴ്ച കാര്ഷികമേളക്കെത്തിയത്. ചെടിച്ചട്ടിയില്‍ നട്ടുവളര്‍ത്തിയ ഒറിജിനല്‍ ക്രിസ്മസ് ട്രീകളാണ് ആലുവയിലെ സംസ്ഥാന വിത്തുത്പാദന കേന്ദ്രത്തിന്റെ സ്റ്റാളില്‍ സന്ദര്‍ശകരെ ആകര്‍ഷിക്കുന്നത്. കൃഷിവകുപ്പ് മന്ത്രി പി. പ്രസാദിന്റെ ആശയമായ പ്ലാസ്റ്റിക് രഹിത പ്രകൃതി സൗഹൃദ ക്രിസ്മസ് ട്രീ കഴിഞ്ഞ വര്‍ഷം മുതലാണ് ഫാമില്‍ പ്രാവര്‍ത്തികമാക്കിത്തുടങ്ങിയത്.
ഈ വര്‍ഷവും നിരവധി ആവശ്യക്കാരാണ് ട്രീ തേടിയെത്തുന്നത്. തട്ടുകളായി വളരുന്ന അരോക്കേരിയ എന്ന ചെടിയാണ് ഇതിനായി വളര്‍ത്തുന്നത്. മൂന്നു തട്ടു വരെയുള്ള ചെടിക്ക് 300 രൂപയും അതിന് മുകളിലുള്ളതിന് 400 രൂപയുമാണ് വില. അഞ്ചുവര്‍ഷം വരെ ചെടിച്ചട്ടിയില്ത്തന്നെ വളര്‍ത്താവുന്ന ഇവ പിന്നീട് മണ്ണിലേക്ക് മാറ്റി നടാം.