അന്വേഷണ കമ്മീഷനെ നിയോഗിച്ചു
1489059
Sunday, December 22, 2024 5:35 AM IST
അമ്പലപ്പുഴ: രക്തം പരിശോധിക്കാൻ നൽകിയ വയോധികന് പരിശോധനാഫലം തെറ്റി നൽകിയ സംഭവത്തിൽ അന്വേഷണക്കമ്മീഷനെ നിയോഗിച്ചു. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് കഞ്ഞിപ്പാടം മൂന്നുപറയിൽ കുഞ്ഞുമോന് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് പരിശോധനാ ഫലം മാറി നൽകിയ സംഭവത്തിലാണ് അന്വേഷണം നടത്താൻ തീരുമാനിച്ചത്.
ആർഎംഒ, അക്കൗണ്ട്സ് ഓഫീസർ എന്നിവരെയാണ് ഇതിനായി നിയോഗിച്ചതെന്ന് സൂപ്രണ്ട് ഡോ. എ. അബ്ദുൾ സലാം പറഞ്ഞു.
റിപ്പോർട്ട് ലഭിച്ചശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്നും സൂപ്രണ്ട് പറഞ്ഞു. മൂത്രാശയ രോഗമുള്ള കുഞ്ഞുമോൻ ബുധനാഴ്ച ഒപിയിൽ യൂറോളജി വിഭാഗത്തിൽ പരിശോധനയ്ക്കെത്തിയിരുന്നു. രക്ത പരിശോധന നടത്തി പരിശോധനാ ഫലവുമായി രണ്ടാഴ്ചയ്ക്കുശേഷം വരാനായി ഡോക്ടർ നിർദേശിച്ചു.
ഇതിനെത്തുടർന്ന് ആശുപത്രി ലാബിൽ രക്തസാമ്പിൾ പരിശോധനയ്ക്കായി നൽകി. പിന്നീട് 44 വയസുള്ള രതീഷ് എന്നയാളുടെ മൂത്രത്തിന്റെയും രക്തത്തിന്റെ യും പരിശോധനാഫലമാണ് കുഞ്ഞുമോന് നൽകിയത്. ഇതിനെത്തുടർന്നാണ് സൂപ്രണ്ടിന് പരാതി നൽകിയത്.