കണ്ടല്ലൂരിൽ ബേക്കറി വ്യാപാരിക്കും മകനും നേരേ ആക്രമണം
1489748
Tuesday, December 24, 2024 7:00 AM IST
കായംകുളം: കണ്ടല്ലൂരിൽ വിമുക്തഭടനായ ബേക്കറി വ്യാപാരിക്കും മകനും നേരേ ആക്രമണം. കോൺഗ്രസ് വാർഡ് കമ്മിറ്റി ഭാരവാഹി കൂടിയായ ബേക്കറി വ്യാപാരി അജീന്ദ്ര ദാസനെയും മകനെയുമാണ് ഒരു സംഘം ആക്രമിച്ചത്.
തലക്ക് ഗുരുതര പരിക്കേറ്റ അജീന്ദ്ര ദാസിനെ പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് അടിയന്തിര ശാസ്ത്രക്രിയക്ക് വിധേയനാക്കി. സംഭവം അറിഞ്ഞിട്ടും പോലീസ് എത്താൻ വൈകിയതിലും പ്രതികളെ അറസ്റ്റ് ചെയ്യാത്തതിലും കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധേ വുമായി രംഗത്തെത്തി. സംഭവത്തിൽ സിപി എം നേതൃത്തിന്റെ ഇടപെടൽ ഉണ്ടെന്ന് കോൺഗ്രസ് ആരോപിച്ചു.
പ്രതികളെ രക്ഷിക്കാൻ സിപിഎം ശ്രമിക്കുന്നു
കായംകുളം: ബേക്കറി വ്യാപാരി അജേന്ദ്ര ദാസിനെയും മകനെയും മുളകുപൊടി എറിഞ്ഞ് വടിവാൾ കൊണ്ട് വെട്ടി മാരകമായി പരിക്കേൽപ്പിച്ച പ്രതികളെ രക്ഷിക്കാൻ സിപിഎം നടത്തുന്ന ഇടപെടൽ നാട്ടിൽ ക്രമസമാധാനം തകർക്കുന്ന ഗുണ്ടകളെ രക്ഷിക്കാനുള്ള ഗൂഢലക്ഷ്യത്തിന്റെ ഭാഗമാണെന്ന് കോൺഗ്രസ് ആരോപിച്ചു.
സംഭവത്തിൽ വധശ്രമത്തിന് കേസെടുക്കേണ്ട പോലീസ് സിപിഎം സമ്മർദത്തെതുടർന്ന് ജാമ്യം ലഭിക്കുന്ന വകുപ്പുകൾ ചേർത്ത് പ്രതികളെ രക്ഷിക്കാൻ ശ്രമിക്കുകയാണെന്ന് കായംകുളം ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ടി. സൈനുലാബ്ദീൻ ആരോപിച്ചു. കേസിൽനിന്ന് രക്ഷപ്പെടാൻ ആശുപത്രിയിൽ അഡ്മിറ്റ് ആയി കൗണ്ടർ കേസെടുത്ത് രക്ഷപ്പെടാനാണ് പ്രതികൾ ശ്രമിക്കുന്നതെന്നും ബ്ലോക്ക് പ്രസിഡന്റ് പറഞ്ഞു.