ലഹരിക്കും അക്രമങ്ങള്‍ക്കുമെതിരേ യുവാക്കള്‍ കര്‍മനിരതരാകണം: മാര്‍ ക്രിസോസ്റ്റമോസ്
1535582
Sunday, March 23, 2025 3:54 AM IST
പരുമല: ലഹരിക്കും അക്രമങ്ങള്‍ക്കുമെതിരേ യുവജനങ്ങള്‍ കര്‍മനിരതരാകണമെന്ന് ഓര്‍ത്തഡോക്സ് സഭ എപ്പിസ്കോപ്പല്‍ സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ്. ഓര്‍ത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനം കേന്ദ്ര ജനറല്‍ അസംബ്ലി പരുമല സെമിനാരിയില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മനുഷ്യ സമൂഹത്തെ കാര്‍ന്നുതിന്നുന്ന ലഹരിക്കെതിരായ പോരാട്ടവും ബോധവത്കരണവും തലമുറയോടുള്ള കടപ്പാടാണെന്നും ഈ തിന്മയെ സമൂഹത്തില്‍നിന്ന് ഉന്മൂലനം ചെയ്യാനുള്ള കടമയും ഉത്തരവാദിത്വവും നാം നിര്‍വഹിക്കണമെന്നും മെത്രാപ്പോലീത്ത പറഞ്ഞു.
പ്രസിഡന്റ് ഡോ. ഗീവര്‍ഗീസ് മാര്‍ യൂലിയോസ് അധ്യക്ഷത വഹിച്ചു. കേന്ദ്ര വൈസ് പ്രസിഡന്റ് ഫാ. ഷിജി കോശി, ജനറല്‍ സെക്രട്ടറി ഫാ. വിജു ഏലിയാസ്, ട്രഷറാര്‍ പേള്‍ കണ്ണേത്ത്, ഫാ. എല്‍ദോ ഏലിയാസ്, മുന്‍ ജനറല്‍ സെക്രട്ടറി ഫാ. അജി കെ. തോമസ്, മുന്‍ ട്രഷറാര്‍ ജോജി പി. തോമസ്, റിട്ടേണിംഗ് ഓഫീസര്‍ ബിനു സാമുവേല്‍ എന്നിവര്‍ പ്രസംഗിച്ചു.