പെരുനാട് ക്ഷേത്രത്തില്‍ ഷര്‍ട്ട് ധരിച്ച് ദര്‍ശനം നടത്തി എസ്എന്‍ഡിപി പ്രവര്‍ത്തകര്‍
1535975
Monday, March 24, 2025 3:44 AM IST
പത്തനംതിട്ട: ജാതി വിവേചനത്തിനെതിരേ എസ്എന്‍ഡിപി സംയുക്ത സമിതിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ക്ഷേത്രത്തില്‍ ഷര്‍ട്ട് ധരിച്ച് ദര്‍ശനം നടത്തി. റാന്നി പെരുനാട് കക്കാട്ട് കോയിക്കല്‍ ധര്‍മശാസ്താ ക്ഷേത്രത്തിലാണ് ഷര്‍ട്ട് ധരിച്ച് കയറിയത്.
ഇന്നലെ രാവിലെ 9.15നു ഷര്‍ട്ട് ധരിച്ച് ദര്‍ശനത്തനെത്തിയ എസ്എന്‍ഡിപി പ്രവര്‍ത്തകരോട് മേല്‍ വസ്ത്രം ഊരി മാറ്റണമെന്ന് ക്ഷേത്രം മേല്‍ശാന്തി ആവശ്യപ്പെട്ടു. സമാധാനപരമായി പ്രാര്‍ഥിക്കാന്‍ എത്തിയതാണെന്നും ഷര്‍ട്ട് ധരിച്ചു കയറുക എന്നതാണ് തങ്ങളുടെ തീരുമാനമെന്നും മറ്റ് പ്രശ്നങ്ങള്‍ ഇല്ലെന്നും പ്രവര്‍ത്തകര്‍ മറുപടി പറഞ്ഞു.
തൃശൂര്‍ കൂടല്‍ മാണിക്യം ക്ഷേത്രത്തില്‍ ബാലു എന്ന യുവാവിനെ ക്ഷേത്ര ജോലികളില്‍നിന്ന് മാറ്റിനിര്‍ത്തി ജാതി വിവേചനം കാട്ടിയ തന്ത്രിയുടെ പ്രവണതയില്‍ തങ്ങള്‍ക്ക് പ്രതിഷേധം ഉണ്ടെന്നും ഈ വിഷയം ഉന്നയിച്ചാണ് ക്ഷേത്രത്തില്‍ ഷര്‍ട്ട് ധരിച്ചു കയറിയതെന്നും എസ്എന്‍ഡിപി പ്രവര്‍ത്തകര്‍ പറഞ്ഞു.
ക്ഷേത്രം നിലനില്‍ക്കുന്ന പഞ്ചായത്തായ പെരുനാട്, നാറാണംമൂഴി പഞ്ചായത്തുകള്‍ സമീപ പഞ്ചായത്തുകള്‍ എന്നിവിടങ്ങളില്‍നിന്നുള്ള എസ്എന്‍ഡിപി ശാഖകളിലെ പ്രവര്‍ത്തകരാണ് പ്രതിഷേധത്തില്‍ പങ്കെടുത്തത്.
സ്ത്രീകള്‍ മുടി അഴിച്ചിട്ടും പുരുഷന്മാര് ഷര്‍ട്ട്, ബനിയന്, കൈലി എന്നിവ ധരിച്ചും ക്ഷേത്രത്തില്‍ പ്രവേശിക്കരുത് എന്ന ബോര്‍ഡ് പെരുനാട് ക്ഷേത്രത്തില്‍ സ്ഥാപിച്ചിട്ടുണ്ട്.
ശബരിമലയില്‍നിന്ന് തിരുവാഭരണ ഘോഷയാത്ര മടങ്ങി വരുമ്പോള്‍ തിരുവാഭരണം വിഗ്രഹത്തില്‍ ചാര്‍ത്തുന്ന ഏക ക്ഷേത്രമാണ് പെരുനാട് കക്കാട്ട് കോയിക്കല്‍ ധര്‍മശാസ്താ ക്ഷേത്രം.
എല്ലാ ക്ഷേത്രങ്ങളിലും ഷര്‍ട്ട് ധരിച്ച് കയറാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം നടത്തിയതെന്ന് പ്രവര്‍ത്തകര്‍ പറഞ്ഞു.
ഈ വിഷയത്തില്‍ സര്‍ക്കാരുമായി അഭിപ്രായ വ്യത്യാസമില്ലെന്നും ഷര്‍ട്ടിട്ട് കയറാന്‍ സര്‍ക്കാര്‍ പറഞ്ഞിട്ടുണ്ടെന്നും ദേവസ്വം ബോര്‍ഡ് ഭാരവാഹികള്‍, തന്ത്രിമാര്‍ ഇവരുമായാണ് തങ്ങള്‍ക്ക് അഭിപ്രായ വ്യത്യാസം എന്നും അവര്‍ പറഞ്ഞു.