കറ്റോട് പാലംപണിക്ക് 1.22 കോടിയുടെ പദ്ധതി
1535985
Monday, March 24, 2025 3:53 AM IST
തിരുവല്ല: തിരുവല്ല - കുമ്പഴ സംസ്ഥാന പാതയില്‍ കറ്റോട് പാലം പൊളിച്ചു പണിയുന്നതിന് 1.22 കോടി രൂപയുടെ എസ്റ്റിമേറ്റ് തയാറായി. ഭരണാനുമതി തേടി സര്‍ക്കാരിലേക്ക് പദ്ധതി സമര്‍പ്പിച്ചിരിക്കുകയാണ്.
പാലത്തിനോടു ചേര്‍ന്ന് ജലസേചനവകുപ്പിന്റെ ഉടമസ്ഥതയിലുള്ള ഷട്ടര്‍ മാറ്റി സ്ഥാപിക്കുന്നതാണ് പണികള്‍ക്കു തടസമായിനിന്നിരുന്നത്. പാലം പണി തടസപ്പെടുന്ന വിഷയം മാത്യു ടി. തോമസ് എംഎല്‍എ സബ്മിഷനിലൂടെ നിയമസഭയില്‍ അവതരിപ്പിച്ചിരുന്നു.
ഇതിനുള്ള മറുപടിയില്‍ മന്ത്രി റോഷി അഗസ്റ്റിനാണ് എസ്റ്റിമേറ്റിന് ഭരണാനുമതി തേടിയ വിവരം അറിയിച്ചത്.കറ്റോട്ട് പുതിയ പാലം പണിയാന്‍ രണ്ടുവര്‍ഷം മുമ്പ് പണം അനുവദിച്ച് അനുമതി നല്‍കിയതാണ്.
പാലത്തിനു താഴെയുള്ള കറ്റോട് വലിയതോട്ടില്‍ ജലസേചനം നിയന്ത്രിക്കുന്നതിനാണ് ഷട്ടര്‍ സ്ഥാപിച്ചിട്ടുള്ളത്. കവിയൂര്‍ പുഞ്ചയിലെ വെള്ളപ്പൊക്കം നിയന്ത്രിക്കുന്നതിലും ഷട്ടറിനു വലിയ പങ്കുണ്ട്.
റെഗുലേറ്റര്‍ കം ബ്രിഡ്ജായാണ് പാലം നിലനില്‍ക്കുന്നത്. പുതിയ പാലത്തിനു തുക അനുവദിച്ചെങ്കിലും ഷട്ടര്‍ മാറ്റാന്‍ പദ്ധതിയില്ലാത്തതിനാല്‍ കരാര്‍ നടപടികളിലേക്ക് ആദ്യം കടന്നിരുന്നില്ല. പിന്നീട് ഷട്ടര്‍ നീക്കി സ്ഥാപിക്കുന്നതിന് 45 ലക്ഷം രൂപയുടെ പദ്ധതി ജലസേചന വകുപ്പ് തയാറാക്കി. സിവിലും മെക്കാനിക്കലുമായ ജോലികള്‍ക്കാണ് തുക വകയിരുത്തിയിരിക്കുന്നത്.