കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം
1535971
Monday, March 24, 2025 3:44 AM IST
ചുങ്കപ്പാറ: വേനല്‍മഴയ്ക്കൊപ്പം ഉണ്ടായ കാറ്റില്‍ ചുങ്കപ്പാറ, പെരുമ്പെട്ടി, എഴുമറ്റൂര്‍ ഭാഗങ്ങളില്‍ വ്യാപക നാശനഷ്ടം. കെട്ടിടങ്ങളുടെയും വാഹനങ്ങളുടെയും മുകളിലേക്ക് പലയിടങ്ങളിലും മരങ്ങള്‍ കടപുഴകിയും ശിഖരങ്ങള്‍ ഒടിഞ്ഞുവീണും നഷ്ടമുണ്ടായി. കെട്ടിടങ്ങളുടെ മുകളിലെ ടിന്‍ഷീറ്റുകള്‍ പറന്നു പോയി. കോട്ടാങ്ങല്‍ - പാടിമണ്‍, വായ്പൂര് - ഊട്ടുകുളം റോഡില്‍ മരങ്ങള്‍ കടപുഴകി വീണു.
വൈദ്യുതത്തൂണുകള്‍ നിലംപതിച്ചതോടെ പലയിടങ്ങളിലും വൈദ്യുതി വിതരണവും തകരാറിലായി. കാറ്റ് കാര്‍ഷികമേഖലയിലും നാശംവരുത്തി. കുലച്ചതും കുലയ്ക്കാറായതുമായ ഏത്തവാഴകള്‍ പലയിടത്തും ഒടിഞ്ഞുവീണു. പെരുമന കടയന്ത്ര ഈപ്പന് മാത്യുവിന്റെ കൃഷിയിടത്തിലെ 350 ഏത്തവാഴകളാണ് നശിച്ചത്. പാട്ടത്തിനെടുത്ത വസ്തുവിലാണ് കൃഷി നടത്തിയിരുന്നത്.
ആനിക്കാട് മേഖലയിലും കാറ്റ് നാശം വിതച്ചു
മല്ലപ്പള്ളി: കാറ്റിലും മഴയിലും ആനിക്കാട് ഭാഗങ്ങളിലും വ്യാപക നാശനഷ്ടം. ഇന്നലെ വൈകുന്നേരം വീശിയടിച്ച കാറ്റില്‍ ആനിക്കാട് പഞ്ചായത്തില്‍ കാവനാക്കടവ്, മുറ്റത്തുമാവ്, പുളിക്കാമല, തേക്കട എന്നീ സ്ഥലങ്ങളില്‍ പല സ്ഥലത്തും മരങ്ങള്‍ വീണും വൈദ്യുത പോസ്റ്റ് ഒടിഞ്ഞും കമ്പി പൊട്ടിയും നാശനഷ്ടം ഉണ്ടായി. മരങ്ങള്‍ കടപുഴകിയും ശിഖരങ്ങള്‍ ഒടിഞ്ഞും കെട്ടിടങ്ങള്‍ക്കു മുകളിലേക്കും വീണു.