കാട്ടുപന്നി ശല്യത്തിനു പരിഹാരം തേടി കൗണ്‍സിലറുടെ പ്രതിഷേധം
1535989
Monday, March 24, 2025 3:53 AM IST
അടൂര്‍: നഗരസഭയിലെ വിവിധ പ്രദേശങ്ങളില്‍ കാട്ടുപന്നി ശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് അടൂര്‍ നഗരസഭാ കൗണ്‍സിലര്‍ ഗോപു കരുവാറ്റ കുത്തിയിരുന്ന് പ്രതിക്ഷേധിച്ചു.
നഗരസഭാ കവാടത്തിന് മുമ്പിലാണ് കുത്തിയിരുന്ന് പ്രതിഷേധിച്ചത്. നഗരസഭയുടെ വിവിധ പ്രദേശങ്ങളില്‍ ഒട്ടേറെ ആളുകളാണ് പന്നി ശല്യം കാരണം പ്രയാസപ്പെടുന്നത്. പലരുടെയും കൃഷികള്‍ നശിപ്പിക്കുന്നു.
ഇത്രയും പ്രയാസങ്ങള്‍ ജനങ്ങള്‍ക്ക് ഉണ്ടായിട്ടും സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിക്കാത്തതിലുംകൂടിയാണ് പ്രതിക്ഷേധിച്ചതെന്ന് ഗോപു കരുവാറ്റ പറഞ്ഞു.
തനതു ഫണ്ടായി ഒരു ലക്ഷം രൂപയും കളക്ടറേറ്റില്‍ ലൈസന്‍സുള്ള ഷൂട്ടര്‍മാരുടെ ലിസ്റ്റ് ഉണ്ടായിട്ടും ഒരു ഷൂട്ടറെ നിയമിക്കാന്‍ നഗരസഭയ്ക്ക് സാധിക്കുന്നില്ലെന്നും ഗോപു കരുവാറ്റ ആരോപിച്ചു.