തിരുവല്ലയോടു റെയില്‍വേ അവഗണന തുടരുന്നു : രാത്രികാല ട്രെയിനുകളുടെ സ്റ്റോപ്പ് പുനഃസ്ഥാപിക്കാനാകില്ലെന്ന്
1535970
Monday, March 24, 2025 3:44 AM IST
തിരുവല്ല: പത്തനംതിട്ട ജില്ലയിലെ ഏക റെയില്‍വേ സ്റ്റേഷനായ തിരുവല്ലയോടുള്ള അവഗണന തുടരുന്നു. വരുമാനത്തില്‍ മുന്നില്‍ നില്ക്കുന്നതും ക്ലാസിഫിക്കേഷനില്‍ എ ക്ലാസ് വിഭാഗത്തില്‍പ്പെട്ടതുമായ റെയില്‍വേ സ്റ്റേഷനാണ് തിരുവല്ല. എന്നാല്‍ ട്രെയിനുകളുടെ സ്റ്റോപ്പുകളുടെ കാര്യത്തിലും റിസര്‍വേഷന്‍ ക്വോട്ടയിലും സ്ലീപ്പര്‍ ടിക്കറ്റിലുമൊക്കെ തിരുവല്ലയോടുള്ള വേര്‍തിരിവ് പ്രകടം. ലാഭനഷ്ടം നിരത്തി തിരുവല്ലയുടെ ആവശ്യങ്ങളോടു പുറംതിരിയുന്ന റെയില്‍വേ സമീപ സ്റ്റേഷനുകളില്‍ ഇതേ ആവശ്യങ്ങള്‍ അംഗീകരിച്ചു നല്‍കുന്നുമുണ്ട്.
തിരുവനന്തപുരം ഭാഗത്തേക്കുള്ള മൂന്ന് പ്രതിദിന ട്രെയിനുകളുടെ രാത്രികാല സ്റ്റോപ്പ് കോവിഡ് കാലത്ത് നിര്‍ത്തിയതാണ്. ഇതു പുനഃസ്ഥാപിച്ചു ലഭിക്കണമെന്നത് മൂന്നുവര്‍ഷമായി തിരുവല്ലയുടെ നിരന്തര ആവശ്യമാണ്. ആന്റോ ആന്റണി എംപി അടക്കം ഇതേ ആവശ്യവുമായി കേന്ദ്ര റെയില്‍വേ മന്ത്രി അടക്കമുള്ളവരെ സമീപിച്ചു. ചങ്ങനാശേരി, മാവേലിക്കര തുടങ്ങി സമീപ സ്റ്റേഷനുകളില്‍ സ്റ്റോപ്പുകള്‍ പുനഃസ്ഥാപിച്ചപ്പോഴും തിരുവല്ലയെ വെട്ടി.
അമൃത്, രാജ്യറാണി, മംഗലാപുരം എക്സ്പ്രസ് ട്രെയിനുകളുടെ സ്റ്റോപ്പാണ് പുനഃസ്ഥാപിക്കേണ്ടത്. മൂന്ന് ട്രെയിനുകളും വടക്കോട്ടുള്ള യാത്രയില്‍ തിരുവല്ലയില്‍ നിര്ത്തുന്നവയാണ്. തിരുവനന്തപുരം ഭാഗത്തേക്കുള്ള മടക്കയാത്രയില്‍ സമയനഷ്ടം ചൂണ്ടിക്കാട്ടി തിരുവല്ലയില്‍ നിര്‍ത്താതെ പായുകയാണ്. മലബാര്‍ മേഖലയില്‍നിന്ന് നിരവധി യാത്രക്കാരാണ് ഈ ട്രെയിനുകളില്‍ തിരുവല്ല ഭാഗത്തേക്ക് യാത്ര ചെയ്യുന്നത്.
തിരുവല്ലയില്‍ സ്റ്റോപ്പില്ലെന്നു മനസിലാക്കാതെ പലരും ജനറല്‍ കംപാര്‍ട്ട്മെന്റില്‍ ടിക്കറ്റെടുത്ത് കയറാറുമുണ്ട്. ഇവര്‍ ചെങ്ങന്നൂരില്‍ പാതിരാത്രിയിലും പുലര്‍ച്ചെയുമൊക്കെ ഇറങ്ങി കാത്തിരിക്കേണ്ട സ്ഥിതിയാണ്.
അതിരാവിലെ തലസ്ഥാനത്ത് എത്തേണ്ടവര്‍ക്കും ആര്‍സിസിയില്‍ അടക്കം ചികിത്സയ്ക്ക് പോകുന്നവര്‍ക്കും ഈ ട്രെയിനുകള്‍ ഏറെ പ്രയോജനപ്പെട്ടിരുന്നു.
ഒരു ജില്ലയില്‍ ഒരു സ്റ്റോപ്പ്
ഒരു ജില്ലയില്‍ ഒരു സ്റ്റോപ്പ് എന്ന തത്വംപോലും തിരുവല്ലയുടെ കാര്യത്തില്‍ പരിഗണിക്കപ്പെടുന്നില്ല. പത്തനംതിട്ട ജില്ലയിലെ ഏക റെയില്‍വേ സ്റ്റേഷന് എന്നതു മാത്രമല്ല, നിരവധി തീര്‍ഥാടന കേന്ദ്രങ്ങളുടെ പ്രവേശനകവാടം കൂടിയാണ് തിരുവല്ല.
ശബരിമല, ചക്കുളത്തുകാവ്, എടത്വ, മാരാമണ്‍, പരുമല, മഞ്ഞനിക്കര, ചെറുകോല്‍പ്പുഴ തുടങ്ങിയ സ്ഥലങ്ങളിലേക്കു പോകേണ്ടവര്‍ ഇറങ്ങേണ്ടതും തിരുവല്ലയിലാണ്. ശബരിമല തീര്‍ഥാടകരുടെ യാത്രാ സൗകര്യം പരിഗണിച്ച് ചെങ്ങന്നൂരിനെ റെയില്‍വേ പട്ടികയില്‍ ഉള്‍പ്പെടുത്തിയെങ്കിലും ശബരിമല ഉള്‍പ്പെടുന്ന പത്തനംതിട്ട ജില്ലയിലെ ഏക റെയില്‍വേ സ്റ്റേഷന് തിരുവല്ലയാണ്.
ഒരു ജില്ലയ്ക്ക് ഒരു സ്റ്റോപ്പ് എന്നരീതിയില്‍ കടന്നുപോകുന്ന വന്ദേഭാരതിനും വിവേക് എക്സ്പ്രസ് അടക്കമുള്ള ട്രെയിനുകള്‍ക്കും തിരുവല്ലയില്‍ സ്റ്റോപ്പ് ആവശ്യപ്പെട്ടതാണ്. പരിഗണിക്കാന്‍ റെയില്‍വേ തയാറായില്ല. വന്ദേഭാരതിന് തിരുവല്ലയിൽ സ്റ്റോപ്പ് നല്‍കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും റെയില്‍വേയക്ക് കത്തു നല്‍കിയിരുന്നു.
പുലര്‍ച്ചെ തിരുവല്ലയില്‍നിന്ന് തിരുവനന്തപുരം ഭാഗത്തേക്കുള്ള ചെന്നൈ - തിരുവനന്തപുരം സൂപ്പര്‍ ഫാസ്റ്റിന് തിരുവല്ല സ്റ്റേഷനില്‍നിന്ന് സ്ലീപ്പര്‍ ടിക്കറ്റ് സമീപകാലത്തായി നല്‍കുന്നില്ല. തിരുവനന്തപുരത്തേക്ക് പോകേണ്ട നിരവധി യാത്രക്കാരാണ് ഈ ട്രെയിനിനെ ആശ്രയിക്കുന്നത്. മുമ്പ് ഇതിനു സ്ലീപ്പര്‍ ടിക്കറ്റ് ലഭ്യമായിരുന്നു. ചങ്ങനാശേരി അടക്കമുള്ള സ്റ്റേഷനുകളില്‍നിന്ന് സ്ലീപ്പര്‍ ടിക്കറ്റ് ലഭ്യവുമാണ്.
നവീകരണം പൂര്‍ത്തിയാകുമ്പോള്‍ സ്റ്റേഷന്റെ പരിമിതികള്‍ മാറ്റണം
ആന്റോ ആന്റണി എംപിയുടെ ശ്രമഫലമായി കോടിക്കണക്കിനു രൂപയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളും സ്റ്റേഷന് നവീകരണവും തിരുവല്ലയില്‍ പുരോഗമിക്കുകയാണ്. ഇതോടെ സ്റ്റേഷന്റെ മുഖഛായതന്നെ മാറും. എന്നാല്‍ ഇതിനു മുമ്പായി യാത്രക്കാരുടെ അടിസ്ഥാന പ്രശ്നങ്ങള്‍ പരിഹരിച്ച് യാത്രാസൗകര്യം മെച്ചപ്പെടുത്തണമെന്ന് കേരള യൂത്ത് ഫ്രണ്ട്-എം സംസ്ഥാന ജനറല്‍ സെക്രട്ടറി വി.ആര്. രാജേഷ് ആവശ്യപ്പെട്ടു.
പ്രധാനപ്പെട്ട ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് ഇല്ലാത്തത് തിരുവല്ല സ്റ്റേഷനെ ആശ്രയിക്കുന്ന യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടാണ്. പത്തനംതിട്ട ജില്ലയിലുള്പ്പെട്ടവരും ആലപ്പുഴ ജില്ലയിലെ പടിഞ്ഞാറന്മേഖലയിലുള്ളവരും തിരുവല്ല സ്റ്റേഷനെയാണ് ആശ്രയിക്കുന്നത്. എന്നാല്‍ റിസര്‍വേഷന്‍ ക്വാട്ട ലഭ്യതയിലും തിരുവല്ലയെ അവഗണിക്കുകയാണ്.
രാത്രികാല ട്രെയിനുകളുടെ സ്റ്റോപ്പ് പുനഃസ്ഥാപിക്കല്‍ അടക്കം അടിയന്തര പ്രാധാന്യത്തോടെ പരിഹരിക്കപ്പെടണമെന്ന് രാജേഷ് ആവശ്യപ്പെട്ടു.