പോക്സോ കേസ് പ്രതിക്ക് 25 വർഷം കഠിന തടവും പിഴയും
1536267
Tuesday, March 25, 2025 6:55 AM IST
അടൂർ:പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവിന് 25 വർഷം കഠിന തടവും 11000 രൂപ പിഴയും. സീതത്തോട് വില്ലേജിൽ ഉറുമ്പനി പനംതോട്ടത്തിൽ പി.ബി. ബ്ലസനെയാണ് (23) അടൂർ അതിവേഗ കോടതി ജഡ്ജി റ്റി. മഞ്ജിത് ശിക്ഷിച്ചത്.
ഇൻസ്റ്റഗ്രാം മുഖേന പെൺകുട്ടിയുമായി പരിചയപ്പെട്ട ഇയാൾ നിരന്തരം ഫോണിൽ വിളിച്ചു ലൈംഗികച്ചുവയുള്ള സന്ദേശങ്ങൾ അയച്ചു വശീകരിച്ച് വീട്ടിൽ അതിക്രമിച്ചു കയറി പീഡിപ്പിക്കുകയായിരുന്നു. .പെരുനാട് പോലീസ് പെൺകുട്ടിയുടെ ആദ്യമൊഴി പ്രകാരം കേസ് എടുത്ത് എഫ്ഐആർ രജിസ്റ്റർ ചെയ്തു. പീഡനവുമായി ബന്ധപ്പെട്ട് പല കേസുകളിലായി 19 പേരെ പ്രതി ചേർത്തിട്ടുണ്ട്. പെൺകുട്ടിയെ പല സ്ഥലങ്ങളിലായി പീഡനത്തിനു വിധേയരാക്കിയവരാണിവർ.
പെരുനാട് പോലീസ് ഇൻസ്പെക്ടർ ആയിരുന്ന വി. ബിജുവാണ് ബ്ലസനെതിരേയുള്ള കുറ്റപത്രം കോടതിയിൽ സമർപ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ സ്മിത ജോൺ ഹാജരായി. പിഴത്തുക അടയ്ക്കുന്ന പക്ഷം ആയത് അതിജീവിതയ്ക്ക് നൽകാൻ ലീഗൽ സർവീസ് അഥോറിറ്റിക്ക് കോടതി നിർദേശം നൽകി. അവശേഷിക്കുന്ന 18 കേസുകളിൽ കോടതിയിൽ വിചാരണ നടന്നുവരികയാണ്.