പത്തനംതിട്ട നഗരസഭാ ബജറ്റ്: പദ്ധതി പൂർത്തീകരണത്തിനു മുൻഗണന
1536272
Tuesday, March 25, 2025 6:55 AM IST
പത്തനംതിട്ട: ഏറ്റെടുത്തിട്ടുള്ള വിവിധ വികസന പദ്ധതികളുടെ പൂർത്തീകരണത്തിനും നിർമാണത്തിലുള്ളവയുടെ സമയബന്ധിത പൂർത്തീകരണത്തിനും ഫണ്ടു നീക്കിവച്ച് പത്തനംതിട്ട നഗരസഭ ബജറ്റ്. എട്ടു മാസം മാത്രം അവശേഷിക്കുന്ന ഭരണസമിതിക്കുവേണ്ടി ഉപാധ്യക്ഷ ആമിന ഹൈദരാലി ഇന്നലെ അവതരിപ്പിച്ച ബജറ്റ് 85,04,86,608 രൂപ വരവും 75,65,04,320 രൂപ ചെലവും 9,39,82,288 രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്നതാണ്. ചെയർമാൻ ടി. സക്കീർ ഹുസൈൻ ആമുഖപ്രസംഗം നടത്തി.
ശബരിമല ഇന്റർനാഷണൽ ട്രാൻസിസ്റ്റ് ഹബ് ആൻഡ് ശ്രീ അയ്യപ്പ ഹൈടെക് കൺവൻഷൻ സെന്റർ എന്ന പേരിൽ നിലവിലെ ഇടത്താവളം കേന്ദ്രീകരിച്ച് നടപ്പാക്കാനുദ്ദേശിക്കുന്ന വികസന പ്രവർത്തനങ്ങൾക്കായി കേന്ദ്ര സർക്കാരിൽ നിന്നും പ്രത്യേക സഹായമായി 100 കോടി രൂപ പ്രതീക്ഷിക്കുന്നു. പദ്ധതിക്ക് സംസ്ഥാന സർക്കാർ പിന്തുണയും ശിപാർശയും നൽകിയിട്ടുണ്ടെന്നും ബജറ്റിൽ ഉപാധ്യക്ഷ ചൂണ്ടിക്കാട്ടി.
ജീവനോപാധി വികസനത്തിലൂടെ നഗര ദരിദ്രരുടെ ജീവിത നിലവാരം മെച്ചപ്പെടുത്തൽ ലക്ഷ്യം വച്ച് നടപ്പിലാക്കുന്ന കേന്ദ്രാവിഷ്കൃത പദ്ധതി പ്രവർത്തനങ്ങൾക്കായി 15 ലക്ഷം രൂപ വകയിരുത്തി.
നഗരത്തിലെ ഗതാഗത കുരുക്കിന് പരിഹാരമായി ചുരുളിക്കോട്, തോണിക്കുഴി, മുണ്ടുകോട്ടക്കൽ, മൈലപ്ര, കുമ്പഴ, കല്ലറ കടവ്, കോളജ് ജംഗ്ഷൻ എന്നീസ്ഥലങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് ഔട്ടർ റിംഗ് വിഭാവനം ചെയ്തു മാസ്റ്റർപ്ലാനിൽ ഉൾപ്പെടുത്തുമെന്നും ബജറ്റിൽ വ്യക്തമാക്കി. നഗരസഭയുടെ എല്ലാ വാർഡുകളിലും ജനപ്രതിനിധികളുടെ ആസ്ഥാനം എന്ന നിലയിൽ വാർഡ് ഭവനങ്ങൾ നിർമിക്കും. സ്ഥലം ലഭ്യമായ ഒരു വാർഡിൽ ആദ്യഘട്ടത്തിൽ നിർമാണം ആരംഭിക്കും. കാർഷിക മേഖല, മൃഗസംരക്ഷണം പ്രവർത്തനങ്ങൾക്കായി 25 ലക്ഷം രൂപയാണ് ബജറ്റിൽ നീക്കിവച്ചിരിക്കുന്നത്.
റോക്ക് റിഡ്ജ് പാർക്ക് നഗരസഭ 25-ാം വാർഡിൽ അച്ചൻകോവിലാറിനോടു ചേർന്ന് വിശ്രമകേന്ദ്രമായി രൂപകൽപ്പന ചെയ്യും . ഉദയാസ്തമനം ആസ്വദിക്കാൻ നദീതടത്തിനരികിൽ വിശ്രമകേന്ദ്രം നിർമിക്കും.
തരിശു കിടക്കുന്ന നെൽപാടങ്ങളും പുരയിടങ്ങളും പച്ചക്കറി, പൂവ്, മത്സ്യ, ഫല വൃക്ഷ, ഔഷധസസ്യങ്ങൾ എന്നിവയ്ക്കായി പ്രയോജനപ്പെടുത്തും.
ഫാം ടൂറിസം പോലുള്ള വിനോദസഞ്ചാര പരിപാടികൾ ഉൾപ്പെടുത്തിയും ആദായകരമായ പദ്ധതികൾക്ക് നഗരസഭ നേതൃത്വം നൽകുമെന്ന് വൈസ് ചെയർപേഴ്സൺ പറഞ്ഞു.
വനിതകളുടെ ഉന്നമനത്തിനും വിവിധ ക്ഷേമപ്രവർത്തനങ്ങൾക്കായി 51 ലക്ഷം രൂപയും വകയിരുത്തി. ബജറ്റിൻമേലുള്ള ചർച്ച നാളെയാണ്.
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കാമറ നൽകാൻ അഞ്ചുലക്ഷം
നഗരത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ലഹരി വിരുദ്ധ കാന്പെയിന്റെ ഭാഗമായി നീരിക്ഷണ കാമറകൾ സ്ഥാപിക്കും. അഞ്ചുലക്ഷം രൂപയുടേതാണ് പദ്ധതി.പത്തനംതിട്ട നഗരത്തിലെ ഏക സർക്കാർ ഹയർ സെക്കൻഡറി വിദ്യാലയമായ തൈക്കാവ് സ്കൂളിന്റെ സമഗ്ര വികസനത്തിനായി പ്രത്യേക മാസ്റ്റർ പ്ലാൻ തയാറാക്കും. പ്രാഥമിക ജോലികൾക്കായി അഞ്ചുലക്ഷം രൂപ നൽകും.
കെ.കെ. നായർ ജില്ലാ സ്റ്റേഡിയം നിർമാണം
കെ.കെ. നായർ ജില്ലാ സ്റ്റേഡിയം നിർമാണം പൂർത്തീകരണ ഘട്ടത്തിലേക്ക് കടക്കുകയാണെന്ന് നഗരസഭ ബജറ്റിൽ പറയുന്നു. സംസ്ഥാന സർക്കാർ കിഫ്ബി മുഖേന അനുവദിച്ച 50 കോടി രൂപ ചെലവഴിച്ചാണ് നിർമാണം.
നഗരസഭയുടെ ആദ്യ പ്രതിപക്ഷ നേതാവും ജില്ലാ രൂപീകരണത്തിൽ നേതൃപരമായ പങ്കുവഹിച്ച വ്യക്തിയുമായ ഏബ്രഹാം മണ്ണായിക്കലിന്റെ പേരിൽ ബാഡ്മിന്റൺ കോർട്ട് നിർമിക്കുന്നതിനായി 30 ലക്ഷം രൂപ വകയിരുത്തി .
അമൃത് 2.0 കുടിവെള്ള പദ്ധതി 2026ൽ
അമൃത് 2.0 കുടിവെള്ള പദ്ധതി നാലു ഘട്ടങ്ങളിലായാണ് നടപ്പിലാക്കുന്നത്.
ദയ രണ്ടുഘട്ടങ്ങൾ പൂർത്തീകരിച്ചു. മൂന്നാം ഘട്ടമായുള്ള പ്ലാന്റ് നിർമാണം ആരംഭിച്ചു. കേന്ദ്ര സംസ്ഥാന നഗരസഭാ വിഹിതങ്ങൾ ഉൾപ്പെടെയുള്ള 27 കോടി രൂപയുടെ പദ്ധതി 2026ൽ നാടിന് സമർപ്പിക്കാൻ കഴിയും.
ഇന്നോവേഷൻ വില്ലേജ്
അഞ്ചക്കാലയിൽ സ്റ്റാർട്ടപ്പ് സംരംഭങ്ങൾക്കും ഐടി ഹബ്ബിനുമായി ഇന്നോവേഷൻ വില്ലേജ് നിർമിക്കും. ഇതിനായി പുറമ്പോക്ക് ഭൂമി കണ്ടെത്തും.
അഴൂർ കടവ്, പാറക്കടവ്, വ്യാഴിക്കടവ്, ഇല്ലത്ത് കടവ്, തോണ്ടകടവ്, മൂപ്പൻ കടവ് , കല്ലറക്കടവ് എന്നിവ വിനോദ വിശ്രമ മേഖലകളാക്കും. പ്രാരംഭ പ്രവർത്തനങ്ങൾക്ക് ഒരു ലക്ഷം രൂപ വകയിരുത്തി.
ഹാപ്പി ഹോം ആൻഡ് ഹാർമണി സെന്റർ
നഗരസഭാ മൂന്നാം വാർഡിൽ ബഡ്സ് സ്കൂളിനായി നിർമിച്ച കെട്ടിടവും അനുബന്ധ സൗകര്യങ്ങളും സ്ത്രീകൾക്കും കുട്ടികൾക്കും പ്രായമായവർക്കും വിനോദത്തിനും വിശ്രമത്തിനുമായി ഉപയോഗിക്കും. പകൽവീട്, സെന്റർ ഹോം എന്നീ സൗകര്യങ്ങൾ വിഭാവനം ചെയ്യുന്നു. പ്രാരംഭ നടപടികൾക്ക് മൂന്നു ലക്ഷം രൂപ വകയിരുത്തി.സുബല പാർക്കിനായി 75 ലക്ഷം രൂപ അമൃത് പദ്ധതിയിലൂടെ ചെലവഴിക്കും. പദ്ധതി സാങ്കേതിക അനുമതിക്കായി സമർപ്പിച്ചിട്ടുണ്ട്.
അങ്കണവാടികളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും പോഷകാഹാര വിതരണത്തിനും 35 ലക്ഷം രൂപ വകയിരുത്തുന്നു. ബഡ്സ്കൂൾ പ്രവർത്തനത്തിനും ഭിന്നശേഷി ക്ഷേമത്തിനുമായി 35 ലക്ഷവും ബജറ്റ് വിഹിതമായുണ്ട്.
കേന്ദ്ര ചത്വരം, സെൻട്രൽ പാർക്ക്
പത്തനംതിട്ട സെൻട്രൽ ജംഗ്ഷനിൽ പഴയ നഗരസഭ കെട്ടിടം നീക്കം ചെയ്തു മനോഹരവും ആകർഷണീയവുമായ കേന്ദ്ര ചത്വരം വാണിജ്യ ഉപയോഗങ്ങൾക്കായി നിർമിക്കും. പദ്ധതിയുടെ വിശദമായ പ്രോജക്ട് റിപ്പോർട്ട് തയാറാക്കുന്നതിലേക്ക് രണ്ടുലക്ഷം രൂപ വകയിരുത്തി.
നഗരസഭയുടെ 9, 30 വാർഡുകളുടെ സംഗമസ്ഥാനത്ത് വിനോദ കേന്ദ്രമായി അർബൻ സെൻട്രൽ പാർക്ക് നിർമിക്കും. ഡിപിആർ തയാറാക്കുന്നതിനായി ഒരു ലക്ഷം രൂപ വകയിരുത്തി. പുതുതലമുറയുടെ വിവാഹ സംബന്ധമായ ആഘോഷങ്ങൾ സംഘടിപ്പിക്കാൻ മൈലാടുംപാറയിലും അഴൂർ പ്രദേശത്തും രണ്ട് ഡെസ്റ്റിനേഷൻ വെഡിംഗ് സെന്ററുകൾ നിർമിക്കും. ഡിപിആർ തയാറാക്കുന്നതിനായി ഒരുലക്ഷം രൂപയാണ് നീക്കിവച്ചിരിക്കുന്നത്.
ആർട്ട് ഗാലറി
പ്രാദേശിക പൈതൃക കലകൾ, ആധുനിക സമകാലീന കലാസൃഷ്ടികൾ എന്നിവയുടെ പ്രദർശനങ്ങൾക്കും, ആർട്ട് വർക്ക് ഷോപ്പുകളും സെമിനാറുകളും സംഘടിപ്പിക്കുന്നതിനുമായി എക്സിബിഷൻ ഹാളുകൾ ഉൾപ്പെടെ ആർട്ട് ഗാലറി നിർമിക്കും. പ്രാരംഭ പ്രവർത്തനങ്ങൾക്കായി അഞ്ചുലക്ഷം രൂപ വകയിരുത്തി.
ഫുഡ് സ്ട്രീറ്റ്
തദ്ദേശീയ ഭക്ഷണ സംസ്കാരത്തെ പ്രോത്സാഹിപ്പിക്കുന്നതിനും ആരോഗ്യരുചിഭേദങ്ങൾ നഗരത്തിന് പരിചയപ്പെടുത്തുന്നതിനും ചെറിയ സംരംഭകരെ പിന്തുണയ്ക്കുന്നതിനും നഗരസഭയുടെ ഒമ്പതാം വാർഡിൽ പരിസ്ഥിതി സൗഹാർദ ഭക്ഷണ തെരവു പദ്ധതി നടപ്പാക്കും. 25 ലക്ഷം രൂപയാണ് ബജറ്റ് വിഹിതം.
വഞ്ചിപ്പൊയ്ക ടൂറിസത്തിന് പത്തു ലക്ഷം
വഞ്ചിപ്പൊയ്കയിലെ പ്രകൃതി മനോഹരമായ വെള്ളച്ചാട്ടം ആകർഷണീയമായ ലൈറ്റിംഗ്, ലേസർ ഷോ, റോക്ക് ഗാർഡൻ, നടപ്പാതകൾ എന്നിവ നൽകി വികസിപ്പിച്ച് പെരിങ്ങമല റോഡിൽ നിന്നു വെള്ളച്ചാട്ടം വീക്ഷിക്കുന്നതിലേക്ക് വ്യൂ പോയിന്റ് നിർമിക്കും. പത്തുലക്ഷം രൂപയാണ് ബജറ്റ് വിഹിതം.
സാഹസിക വിനോദ സാധ്യതകൾ കൂടി ഉൾക്കൊണ്ട് ബേസ് ക്യാമ്പ്, കേബിൾ കാർ തുടങ്ങിയ സൗകര്യങ്ങളോടു കൂടി വിനോദ കേന്ദ്രം തുടങ്ങാൻ നടപടികൾ ആരംഭിക്കും. സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ച തുക ഉപയോഗിച്ച് ലൈറ്റിംഗ് സംവിധാനം സ്ഥാപിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ വേഗത്തിലാക്കും.
കുളവരിക്കൽ പാറയിലെ പാറക്കുളങ്ങളുടെയും പാറക്കെട്ടുകളുടെയും സാധ്യതകൾ പ്രയോജനപ്പെടുത്തി റോക്ക് ക്ലൈംബിംഗ് ഉൾപ്പെടെയുള്ള സാഹസിക വിനോദ പിപാടകൾക്കായി പാർക്ക് ഒരുക്കും. പദ്ധതി തയാറാക്കാനായി ഒരുലക്ഷം രൂപ വകയിരുത്തി. ജോഗിംഗ്,സൈക്ലിംഗ്, ഓപ്പൺ ജിം, യോഗ സെന്റർ തുടങ്ങിയ സൗകര്യങ്ങൾ ഒരുക്കി റിംഗ് റോഡിനെ അർബൻ ഹെൽത്ത് കോറിഡോർ ആക്കി ഉയർത്താനായി ഒരുലക്ഷം രൂപയുടെ പദ്ധതിയും ബജറ്റിൽ പ്രഖ്യാപിച്ചു.
നഗരത്തിലെ ആയുർവേദ ഡിസ്പെൻസറി ആശുപത്രിയാക്കുന്നതും ഹെൽത്ത് ഗ്രാന്റ് വിനിയോഗവും ബജറ്റിലുണ്ട്. നഗരസഭ അക്കൗണ്ടിൽ ജനറൽ ആശുപത്രിക്കായി ലഭിച്ച 50 ലക്ഷം രൂപ നൽകുന്നതിനുള്ള നിർദേശവും ബജറ്റിലുണ്ട്.
ദിശാബോധത്തോടെയുള്ള ബജറ്റെന്ന് ചെയർമാൻ
പുതുതായി ചുമതലയേൽക്കുന്ന ഭരണസമിതിക്ക് പത്തനംതിട്ട നഗര വികസനത്തെ സംബന്ധിച്ചു വ്യക്തമായ ദിശാബോധം നൽകുന്ന ബജറ്റാണ് അവതരിപ്പിച്ചതെന്ന് ചെയർമാൻ ടി. സക്കീർ ഹുസൈൻ.
പത്തനംതിട്ട മാസ്റ്റർപ്ലാൻ യാഥാർഥ്യമാകുന്ന ഘട്ടത്തിൽ വികസന പ്രവർത്തനങ്ങളിലും പുതിയ കാഴ്ചപ്പാടുകൾ വരും. മാസ്റ്റർപ്ലാനിന്റെ ഭാഗമായ അഞ്ച് വിശദ നഗരാസൂത്രണ പദ്ധതികളിൽ കുന്പഴ സ്കീമിന്റെ അന്തിമ വിജ്ഞാപനത്തിന് നഗരസഭ കൗൺസിൽ അനുമതി നൽകിയിട്ടുണ്ട്. മറ്റു നാല് സ്കീമുകളുടെ കരട് വിജ്ഞാപനം ഇതിനോടകം പുറപ്പെടുവിച്ചിട്ടുണ്ട്. നഗരചത്വരം സമയബന്ധിതമായി പൂർത്തീകരിച്ച് സമർപ്പിക്കാനായത് ഭരണസമിതിയുടെ പ്രധാന നേട്ടമാണ്. ഇതിലൂടെ നഗരത്തിന്റെ മുഖച്ഛായ തന്നെ മാറും. ബസ് സ്റ്റാൻഡിലെ നിർമാണ ജോലികളും പൂർത്തീകരിക്കാനായി. നഗരം വിനോദ വിശ്രമ ഹബ്ബായി മാറുകയാണ്.
നിർമാണത്തിലുള്ള അബാൻ മേൽപ്പാലം വേഗത്തിലാക്കാൻ നഷ്ടപരിഹാരത്തിനു കാത്തുനിൽക്കാതെ നഗരസഭ ഭൂമിയുടെ മുൻകൂർ കൈവശം വിട്ടുനൽകി വികസന പ്രവർത്തനങ്ങളിൽ നഗരസഭ ഭരണസമിതി മാതൃക കാട്ടിയെന്നും ചെയർമാൻ പറഞ്ഞു. നിർമാണം പുരോഗമിക്കുന്ന ജില്ലാ സ്റ്റേഡിയം പ്രതിസന്ധികളെയും തടസങ്ങളെയും അതിജീവിക്കാനുളള ഭരണസമിതിയുടെ കരുത്തിന്റെ മാത്രം ഉത്പന്നമാണെന്നും സക്കീർ ഹുസൈൻ ചൂണ്ടിക്കാട്ടി.
ബജറ്റിൽ ആവർത്തന വിരസത: ജാസിംകുട്ടി
നഗരസഭയിൽ അവതരിപ്പിച്ചത് ആവർത്തന വിരസതയുള്ള ബജറ്റാണെന്ന് നഗരസഭ പ്രതിപക്ഷ നേതാവ് കെ. ജാസിംകുട്ടി പറഞ്ഞു. നഗരം മുഴുവൻ മാലിന്യക്കുമ്പാരമായിട്ടും സംസ്കരണത്തിനുള്ള നൂതനമായ ഒരു പദ്ധതിയും ബജറ്റിൽ ഇല്ല. വാർഡുതല വികസനങ്ങൾ പാടേ അവഗണിച്ചിരിക്കുന്നു. ഭരണകക്ഷിയിൽപ്പെട്ട കൗൺസിലർമാർ പോലും വാർഡ് വികസന മുരടിപ്പിന്റെ പേരിൽ കൗൺസിലിൽ കണ്ണീർ പൊഴിക്കുന്നത് നിത്യസംഭവമാണ്.
യുഡിഎഫ് ഭരണകാലത്തു കൊണ്ടുവന്ന വൃദ്ധസദനം, ബഡ്സ് സ്കൂൾ, രാത്രികാല വിശ്രമ കേന്ദ്രം ഇവയെല്ലാം കാടു കയറി നശിക്കുന്നു. പുതുതായി ഉൾപ്പെടുത്തിയിട്ടുള്ള പ്രഖ്യാപനങ്ങൾ കാലാവധി കഴിയാൻ പോകുന്ന ഭരണസമിതിക്ക് ഏറ്റെടുക്കാനാകില്ല. പണം ചെലവഴിച്ചു തയാറാക്കുന്ന ഡിപിആറുകൾ അടുത്ത ഭരണസമിതി അംഗീകരിക്കണമെന്നില്ലെന്നും ജാസിംകുട്ടി അഭിപ്രായപ്പെട്ടു.