ലഹരിക്കെതിരേ പോലീസ് റെയ്ഡ്; കഞ്ചാവുമായി ആസാം സ്വദേശി ഉള്‍പ്പെടെ അറസ്റ്റില്‍
1535979
Monday, March 24, 2025 3:44 AM IST
പത്തനംതിട്ട: ജില്ലയില്‍ ലഹരിമരുന്നുകള്‍ക്കെതിരായ റെയ്ഡുകള്‍ തുടരുന്നു. വിവിധ ഭാഗങ്ങളില്‍ നിന്ന് കഞ്ചാവുമായി ആസാം സ്വദേശി ഉള്‍പ്പെടെ എട്ടുപേരെ പോലീസ് പിടികൂടി. വിൽപ്പനയ്ക്കായി കൈവശം സൂക്ഷിച്ച കഞ്ചാവുമായി ആസാം സ്വദേശി സദീര് ഹുസൈന് ( 30) അടൂരിൽനിന്നുമാണ് പിടിയിലായത്.
11.6 ഗ്രാം കഞ്ചാവുമായാണ് ഇയാള്‍ പിടിയിലായത്. ഡാന്‍സാഫ് സംഘത്തിന്റെയും അടൂര്‍ പോലിസിന്റെയും സംയുക്ത നീക്കത്തിലാണ് ഇയാളെ കഴിഞ്ഞദിവസം രാത്രി 11.30ന് അടൂര്‍ കണ്ണങ്കോട്നിന്ന് കസ്റ്റഡിയിലെടുത്തത്. അടൂര്‍ പോലീസ് തുടര്‍നടപടി സ്വീകരിച്ചു.
പോലീസ് ഇന്‍സ്പെക്ടര്‍ ശ്യാം മുരളിയുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. കഞ്ചാവിന്റെ ഉറവിടം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ പോലീസ് വിശദമായ അന്വേഷണം തുടങ്ങി.
കീഴ്വായ്പൂര് പോലീസിന്റെ നേതൃത്വത്തില്‍ നടന്ന പ്രത്യേക പരിശോധനയില്‍ അഞ്ച് യുവാക്കള്‍ പിടിയിലായി. ഇതില്‍ ഒരാളില്‍നിന്ന് അഞ്ച് ഗ്രാം കഞ്ചാവ് കണ്ടെടുത്തു, ഇയാള്‍ക്കെതിരേ കഞ്ചാവ് വില്‍ക്കാനായി കെവശം വച്ചതിന് കേസെടുത്തു. ബാക്കിയുള്ളവര്‍ക്കെതിരേ കഞ്ചാവ് ബീഡി വലിച്ചതിനും കേസ് രജിസ്റ്റര്‍ ചെയ്തു.
കോഴഞ്ചേരിയില്‍ കണ്ടെടുത്തത് ഹൈബ്രിഡ് കഞ്ചാവ്
പത്തനംതിട്ട: രഹസ്യവിവരത്തേതുടര്‍ന്ന് കോഴഞ്ചേരി പാലത്തിനു സമീപത്തുനിന്ന് രണ്ട് യുവാക്കളെ അഞ്ച് ഗ്രാം ഹൈബ്രിഡ് കഞ്ചാവുമായി ഡാന്‍സാഫ് ടീമും ആറന്മുള പോലീസും സംയുക്തമായി നടത്തിയ പരിശോധനയില്‍ പിടികൂടി. പത്തനംതിട്ട വി കോട്ടയം കൊലപ്പാറ, മൂക്കന്‍വിളയില്‍ ഫെബിന്‍ബിജു (25 ), പ്രമാടം മറുര്‍ മല്ലശേരി ദേവമന സൗരവ് എസ്. ദേവ് (24) എന്നിവരാണ് അറസ്റ്റിലായത്.
ഫെബിന്‍ബിജു കൊച്ചിയിലും ബംഗളൂരുവിലും റ്റാറ്റു സ്റ്റുഡിയോ നടത്തുകയാണ്. സുഹൃത്ത് സൗരവ് പത്തനംതിട്ട പൂങ്കാവില്‍ കാര്‍ വാഷ് വര്‍ക്ക് ഷോപ്പ് നടത്തിവരുന്നു. ഇവര്‍ ബംഗളൂരുവില്‍നിന്ന് കഞ്ചാവ് കാറില്‍ കടത്തിക്കൊണ്ടുവരുന്നതായി ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരം ഡാന്‍സാഫിനു കൈമാറിയതിനെത്തുടര്‍ന്ന് നടത്തിയ തന്ത്രപരമായ നീക്കത്തിലാണ് യുവാക്കള്‍ കുടുങ്ങിയത്.
കോഴഞ്ചേരി പാലത്തില്‍വച്ച് ഡാന്‍സാഫും ആറന്മുള പോലീസും ചേര്‍ന്ന് തടഞ്ഞു പിടികൂടുകയായിരുന്നു. കാര്‍ കസ്റ്റഡിയിലെടുത്തു. യുവാക്കളെ കൂടുതല്‍ ചോദ്യം ചെയ്തുവരുന്നു. ആറന്മുള പോലീസ് ഇന്‍സ്പെക്ടര്‍ വി.എസ്. പ്രവീണന്റെ നേതൃത്വത്തിലാണ് നടപടികള്‍ സ്വീകരിച്ചത്.