കൊട്ടാരക്കരയിൽ കാർ നിയന്ത്രണംവിട്ടു മറിഞ്ഞ് വനിതാ ഡോക്ടർ മരിച്ചു
1536253
Tuesday, March 25, 2025 6:55 AM IST
പത്തനംതിട്ട: എംസി റോഡിൽ കൊട്ടാരക്കര വയക്കൽ കന്പംകോട്ട് കാർ നിയന്ത്രണംവിട്ടു മറിഞ്ഞുണ്ടായ അപകടത്തിൽ വനിതാ ഡോക്ടർ മരിച്ചു. ചന്ദനപ്പള്ളി വടക്കേക്കര വീട്ടിൽ പരേതനായ അജി പി.വർഗീസിന്റെ ഭാര്യ ഡോ .ബിന്ദു ഫിലിപ്പാണ് (48) മരിച്ചത്.
ദുബായില്‍ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇറങ്ങിയശേഷം ഇന്നലെ പുലർച്ചെ വീട്ടിലേക്കു വരുന്പോഴാണ് അപകടം. ചന്ദനപ്പള്ളി സ്വദേശി ബിജു ജോർജാണ് കാർ ഓടിച്ചിരുന്നത്. ബിജു ജോർജിന് പരിക്കേറ്റു.
ആറുവർഷം മുന്‍പാണ് ദുബായ് ന്യൂ മെഡിക്കൽ സെന്ററിൽ ഗൈനക്കോളജിസ്റ്റായി ജോലിയിൽ പ്രവേശിച്ചത് .അതിന് മുമ്പ് ചായലോട് സ്വകാര്യ മെഡിക്കൽ കോളജ്, കോന്നി, അടൂർ എന്നിവിടങ്ങളിലെ സ്വകാര്യ ആശുപത്രികൾ, ചന്ദനപ്പള്ളി പിഎച്ച്സി എന്നിവിടങ്ങളിൽ ജോലി ചെയ്തിട്ടുണ്ട്. ഭർത്താവ് അജി പി.വർഗീസ് രണ്ടുവർഷം മുമ്പാണ് മരിച്ചത്.
മകൾ എയ്ജലീന ദുബായിൽ മീഡിയ ആന്റ് കമ്യൂണിക്കേഷൻ വിദ്യാർഥിയാണ്. മകൻ വീനസ് തിരുവനന്തപുരം എസ് യുടി മെഡിക്കൽ കോളജിൽ എംബിബിഎസ് വിദ്യാർഥിയാണ് .
മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജിൽ പോസ്റ്റുമോർട്ടത്തിന് ശേഷം ഇടത്തിട്ടയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംസ്കാരം നാളെ 10.30 നു ഭവനത്തിലെ ശുശ്രൂഷയ്ക്കു ശേഷം ചന്ദനപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയപള്ളിയിൽ.