ഓട്ടോമാറ്റിക് സാനിറ്ററി പാഡ് വെന്‍ഡിംഗ് മെഷീന് സ്ഥാപിച്ചു
1536256
Tuesday, March 25, 2025 6:55 AM IST
വെച്ചൂച്ചിറ: ഓട്ടോമാറ്റിക് സാനിറ്ററി പാഡ് വെന്‍ഡിംഗ് മെഷീന് ആന്‍ഡ് ഇന്‍സിനിനേറ്റര്‍ സ്ഥാപിച്ച് ഹൈടെക് നേട്ടവുമായി വെച്ചൂച്ചിറ ഗ്രാമപഞ്ചായത്ത്. മാലിന്യമുക്ത നവകേരളം കാമ്പയിന്റെയും ‘ക്ലീന്‍ വാട്ടര്‍ ക്ലീന്‍ വെച്ചുച്ചിറ' പ്രോജക്ടിന്റെയും ഭാഗമായി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ മെഷീനുകള്‍ സ്ഥാപിച്ചു.
വെച്ചൂച്ചിറ ബസ് സ്റ്റാന്‍ഡ് ശൗചാലയം, പഞ്ചായത്ത് കാര്യാലയം, സെന്റ് തോമസ് ഹൈസ്കൂള്‍, എസ് എന്‍ഡിപി ഹൈസ്കൂൾ, എസ് എന്‍ ഡി പി ഹയര്‍സെക്കന്‍ഡറി സ്കൂൾ, കുന്നം എംടിവി എച്ച്എസ് എസ്, മണ്ണടിശാല സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, കൊല്ലമുള ലിറ്റില്‍ ഫ്ളവര്‍ പബ്ലിക് സ്കൂള്‍ എന്നിവിടങ്ങളില്‍ മെഷീന്റെ സേവനം ലഭിക്കും.
മെഷീനുകള്‍ സ്ഥാപിക്കാന്‍ ആറു ലക്ഷം രൂപ വിനിയോഗിച്ചു. നാണയം ഉപയോഗിച്ച് സാനിറ്ററി പാഡുകള്‍ വാങ്ങാനും ഉപയോഗിച്ചത് കത്തിച്ചുകളയാനും കഴിയുന്ന യൂണിറ്റുകളാണ്. ആര്‍ത്തവ ശുചിത്വ ശീലങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് അവബോധം പ്രചരിപ്പിക്കുക, ആര്‍ത്തവ ഉല്പന്നങ്ങൾ, ആര്‍ത്തവ വിദ്യാഭ്യാസം, ശുചിത്വ സൗകര്യങ്ങള്‍ എന്നിവയുടെ ലഭ്യതയെക്കുറിച്ചുള്ള അറിവുകള്‍ സമൂഹത്തില്‍ വളര്‍ത്തുക എന്ന ലക്ഷ്യത്തിലാണ് പഞ്ചായത്ത് പദ്ധതി നടപ്പാക്കിയത്.
വീടുകളിലും സ്ഥാപനങ്ങളിലും നിന്നും സാനിറ്ററി പാഡ്, കുട്ടികളുടെയും മുതിര്‍ന്നവരുടെയും നാപ്കിനുകള്‍ എന്നിവ ശേഖരിച്ച് സംസ്കരിക്കുന്നതിന് 85 ലക്ഷം രൂപ ചെലവഴിച്ച് കമ്യൂണിറ്റി ഇന്‍സിനറേറ്റര്‍ സ്ഥാപിക്കുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. കെ. ജയിംസ് പറഞ്ഞു.