അനുമതിയായി, പെരുന്തേനരുവി സംഭരണിയിലെ മണൽ നീക്കിത്തുടങ്ങി
1536270
Tuesday, March 25, 2025 6:55 AM IST
വെച്ചൂച്ചിറ: പമ്പാ നദിയിലെ പെരുന്തേനരുവി ഡാമിൽ അടിഞ്ഞ മണൽ നീക്കിത്തുടങ്ങി. മണൽ നീക്കാൻ അനുമതി ലഭിച്ചതിനു പിന്നാലെ ജലസേചന വകുപ്പാണ് മണൽ നീക്കിത്തുടങ്ങിയത്.
കെഎസ്ഇബിയുടെ വൈദ്യുതി ഉത്പാദനം മെച്ചപ്പെടുത്താൻ വേണ്ടിയാണ് ഡാമിലെ മണൽ നീക്കിക്കൊണ്ടിരിക്കുന്നത്. മണൽ മൂലം ഡാമിന്റെ ശേഷി കുറഞ്ഞിരുന്നു. മഴ പെയ്യുന്പോഴേക്കും ഡാം കവിഞ്ഞൊഴുകുന്നതും പതിവായി. പ്രളയകാലത്ത് അടിഞ്ഞുകൂടിയ മണലാണ് സംഭരണിയിലുള്ളത്.
പന്പാനദിയിൽ സാൻഡ് ഓഡിറ്റിംഗ് നടത്തി മണൽവാരലിന് അനുമതി നൽകാൻ തീരുമാനമുണ്ട്. എന്നാൽ മണൽ വാരാൻ കഴിയുന്ന സ്ഥലങ്ങൾ സംബന്ധിച്ച് അന്തിമ തീരുമാനമായിട്ടില്ല. കിഴക്കൻ മേഖലയിൽ കോസ്വേയ്ക്കു സമീപം വൻതോതിൽ ചെളിയും മണലും അടിഞ്ഞിരിക്കുകയാണ്.
ജലവൈദ്യുത പദ്ധതി പ്രവർത്തനം മഴക്കാലത്തു മാത്രം
പെരുന്തേനരുവി ജലവൈദ്യുത പദ്ധതിയുടെ പ്രവർത്തനം നടക്കുന്നത് മൺസൂൺ സീസണിൽ മാത്രമാണ്. ഈ സമയത്ത് ഡാം പെട്ടെന്ന് നിറയുന്നു. ഒപ്പം സമീപ പ്രദേശങ്ങളിൽ പമ്പാ നദിയിലെ കോസ്വേകൾ അടക്കം വേഗത്തിൽ വെള്ളത്തിനടിയിലാവുകയാണ്. ഡാമിനു തൊട്ടുമുകളിലുള്ള കുരുന്പൻമൂഴി കോസ്വേയാണ് ആദ്യം മുങ്ങുന്നത്.
പമ്പാ നദിയിൽ വൻതോതിൽ അടിഞ്ഞ മണൽ മൂലമാണ് കാലവർഷ സീസണിൽ ഡാം പെട്ടെന്ന് നിറയുന്നതെന്നും നദിയിലെ പാലങ്ങൾ മുങ്ങുന്നതെന്നും കണ്ടെത്തിയിരുന്നു. മണൽ നീക്കി ഡാമിലെ യഥാർഥ സംഭരണ ശേഷി വീണ്ടെടുത്താൽ പാലങ്ങൾ മുങ്ങുന്നത് ഉൾപ്പെടെയുള്ള പ്രളയസമാനമായ പ്രതീതി ഒഴിവാകുമെന്നാണ് കരുതുന്നത്. വേനലിൽ വെള്ളം കുറയുന്നതിനാൽ പെരുന്തേനരുവി ജലവൈദ്യുത പദ്ധതിയുടെ പ്രവർത്തനം നിർത്തിവയ്ക്കുകയാണ് പതിവ്.
ഈ സമയം ജലവിതരണ പദ്ധതികൾക്ക് ഡാമിലെ വെള്ളം ഉപയോഗിക്കാൻ കഴിയുമെന്നതിനാൽ എരുമേലി സമഗ്ര ജല വിതരണ പദ്ധതിക്കു പ്രയോജനമാകുകയാണ്. ഡാമിലാണ് പദ്ധതിയുടെ പമ്പ് ഹൗസ് എന്നുള്ളത് ജലവിതരണ ലഭ്യതയ്ക്ക് അനുകൂലവുമാണ്. എന്നാൽ വെള്ളച്ചാട്ടം വരളുന്നതോടെ തൊട്ടുതാഴെയുള്ള വെച്ചൂച്ചിറ പദ്ധതിയുടെ കിണറ്റിൽ പന്പ് ചെയ്യാൻ പോലും വെള്ളം തികയാറില്ല.
വെള്ളമുണ്ടെങ്കിലും നഷ്ടം, വെള്ളച്ചാട്ടവും നഷ്ടമായി
അതേസമയം, കാലവർഷ സീസണിൽ വെള്ളമുണ്ടായിട്ടും മണൽ നിറഞ്ഞതുമൂലം ശേഷി കുറഞ്ഞതിനാൽ മുമ്പ് പെരുന്തേനരുവി ജലവൈദ്യുത പദ്ധതിയുടെ പ്രവർത്തനം നിർത്തി വയ്ക്കേണ്ടി വന്നിട്ടുണ്ട്. മൂന്ന് മെഗാവാട്ട് വീതമുള്ള രണ്ട് ജനറേറ്ററുകളിൽനിന്നായി ദിവസേന ആറ് മെഗാവാട്ട് വൈദ്യുതിയായാണ് പെരുന്തേനരുവിയില്‍ ഉത്പാദിപ്പിച്ചിരുന്നത്.
എന്നാല്‍ ഉത്പാദനം നിലച്ചപ്പോൾ കെഎസ്ഇബിക്ക് ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് നേരിടേണ്ടി വന്നത്. ഈ സാഹചര്യം അടുത്ത കാലവർഷ സീസണിൽ ഒഴിവാക്കാനാണ് ഇപ്പോൾ മണൽ വാരൽ നടത്തിക്കൊണ്ടിരിക്കുന്നത്. മണല്‍ നീക്കി കാലവർഷ സീസണിൽ ഉത്പാദനം പുനരാരംഭിച്ചാലും മാസങ്ങള്‍ക്കകം കാര്യങ്ങള്‍ വീണ്ടും പഴയനിലയിലാവുമെന്ന് ആശങ്കയുണ്ട്. കഴിഞ്ഞ പ്രളയകാലത്തും വൻതോതില്‍ മണല്‍ അടിഞ്ഞതോടെ ആറ് മാസത്തിലേറെയായി വൈദ്യുതി നിലയം പ്രവർത്തിച്ചിരുന്നില്ല. അശാസ്ത്രീയമായ തടയണ നിർമാണവും പദ്ധതിക്ക് തിരിച്ചടിയായതായാണ് പ്രദേശവാസികള്‍ പറയുന്നത്.
പെരുന്തേനരുവി വെള്ളച്ചാട്ടത്തിന് മുകളിലായി 68 കോടി രൂപ മുതല്‍മുടക്കി 2017ലാണ് ജല വൈദ്യുത നിലയം പ്രവർത്തനം ആരംഭിക്കുന്നത്. എന്നാല്‍ എട്ട് മാസത്തോളം പൂർണതോതില്‍ ഉത്പാദനം ലക്ഷ്യമിട്ട് തുടങ്ങിയ പദ്ധതി ഏറെനാള്‍ മുന്നോട്ടുപോയില്ല. മഹാപ്രളയത്തില്‍ വൻ തോതില്‍ നദിയിലടിഞ്ഞ ചെളിയും മണലുമാണ് പദ്ധതിക്ക് തിരിച്ചടിയായത്. മാസങ്ങള്‍ നീണ്ട പ്രവർത്തനങ്ങള്‍ക്കുശേഷം വീണ്ടും ഉത്പാദനം ആരംഭിച്ചെങ്കിലും പിന്നീടുള്ള ഓരോ മഴക്കാലത്തും ഇതേ സ്ഥിതി ആവർത്തിക്കുകയായിരുന്നു. സംഭരണി വന്നതോടെ വെള്ളച്ചാട്ടവും മഴക്കാലത്തു മാത്രമായി. ഇതോടെ പെരുന്തേനരുവിയുടെ ടൂറിസം സാധ്യതകൾക്കുമേൽ മങ്ങലേറ്റു. കോടി ക്കണക്കിനു രൂപ ചെലവഴിച്ച് തയാറാക്കിയ ടൂറിസം പദ്ധതികൾ സഞ്ചാരികളുടെ കുറവു കാരണം പരാജയത്തിലേക്കു നീങ്ങുകയാണ്.