തിരുവല്ല മാര്‍ത്തോമ്മ കോളജിന് ജനറല്‍ ബിപിന്‍ റാവത്ത് എന്‍സിസി അവാര്‍ഡ്
1536268
Tuesday, March 25, 2025 6:55 AM IST
കോട്ടയം: മികച്ച എന്‍സിസി യൂണിറ്റിന് എംജി സര്‍വകലാശാല പുതിയതായി ഏര്‍പ്പെടുത്തിയ ജനറല്‍ ബിപിന്‍ റാവത്ത് അവാര്‍ഡ് തിരുവല്ല മാര്‍ത്തോമ്മ കോളജിന്. 2020-21 വര്‍ഷത്തെ വിവിധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയാണ് പുരസ്കാരത്തിന് തെരഞ്ഞെടുത്തത്. ഇക്കാലയളവില്‍ മാര്‍ത്തോമ്മ കോളജിലെ എന്‍സിസി കേഡറ്റുകള്‍ റിപ്പബ്ലിക് ദിന ക്യാമ്പ് ഉള്‍പ്പെടെയുള്ള ദേശീയ ക്യാമ്പുകളിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും മികച്ച കേഡറ്റുകള്‍ക്കുള്ള മുഖ്യമന്ത്രിയുടെ പുരസ്കാരം നേടുകയും ചെയ്തിരുന്നു.
കോവിഡ് കാലത്തും പ്രളയനാളുകളിലും നടത്തിയ പ്രവര്‍ത്തനങ്ങളും നിര്‍ധന സ്കൂള്‍ വിദ്യാര്‍ഥികളുടെ ക്ഷേമത്തിനായുള്ള ഇടപെടലുകളും ലഹരിവിരുദ്ധ ബോധവത്കരണം, പ്രകൃതിസംരക്ഷണം, വിശപ്പുരഹിത തിരുവല്ല പദ്ധതി തുടങ്ങിയവയിലെ പങ്കാളിത്തവും പുരസ്കാരനിര്‍ണയസമിതി പരിഗണിച്ചു.
ഇന്ന് മാര്‍ത്തോമ്മാ കോളജില്‍ നടക്കുന്ന ചടങ്ങില്‍ സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ. സി.ടി. അരവിന്ദകുമാര്‍ പുരസ്കാരം സമ്മാനിക്കും.
സിന്‍ഡിക്കറ്റ് അംഗം അഡ്വ. റെജി സക്കറിയ, മാര്‍ത്തോമ്മ സഭ സെക്രട്ടറി റവ. എബി ടി. മാമ്മന്‍, എന്‍സിസി 15-ാം കേരള ബറ്റാലിയന് കമാന്‍ഡിംഗ് ഓഫീസര്‍ കേണല്‍ ജേക്കബ് ഫ്രീമാന്‍, എംജി സര്‍വകലാശാല സിന്‍ഡിക്കറ്റ് അംഗങ്ങളായ പി.ബി. സതീഷ് കുമാര്‍, അഡ്വ. അമല്‍ ഏബ്രഹാം, സ്റ്റുഡന്റ്സ് സര്‍വീസ് വിഭാഗം മേധാവി അലക്സാണ്ടര്‍ കെ. സാമുവല്‍, കോളജ് പ്രിന്‍സിപ്പല്‍ ഡോ. മാത്യു വര്‍ക്കി എന്നിവര്‍ പ്രസംഗിക്കും.