ഭിന്നതകൾ ചർച്ച ചെയ്തു പരിഹരിക്കണം: മാർ ബർണബാസ്
1536258
Tuesday, March 25, 2025 6:55 AM IST
റാന്നി: സഭകൾ തമ്മിലുള്ള ഭിന്നതകൾക്കും കലഹങ്ങൾക്കും ചർച്ചകളിലൂടെ പരിഹാരം കാണണമെന്നും കുറവുകൾ തിരിച്ചറിഞ്ഞു തിരുത്തി സമൂഹത്തിൽ ക്രിസ്തുസാക്ഷികളായി നാം ജീവിക്കണമെന്നും ഡോ. ജോസഫ് മാർ ബർന്നബാസ് സഫ്രഗൻ മെത്രാപ്പോലീത്ത. റാന്നി മാർ അത്താനേഷ്യസ് സെന്ററിൽ നടന്ന നിലയ്ക്കൽ സെന്റ് തോമസ് എക്യുമിനിക്കൽ ട്രസ്റ്റ് സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കേരളം ഭയാനകമായ സാഹചര്യങ്ങളിലൂടെയാണ് കടന്നു പോകുന്നത്. ലഹരിയുടെ ഉപയോഗം, അക്രമം, കൊലപാതകം, വന്യജീവി ആക്രമണം എന്നിവ ദിനംപ്രതി വർധിച്ചുവരികയാണ്. ഭരണകൂടം ഇത് ഗൗരവമായി കാണണമെന്നും സഫ്രഗൻ മെത്രാപ്പോലീത്ത ആവശ്യപ്പെട്ടു.
ട്രസ്റ്റ് വൈസ് ചെയർമാൻ ബിഷപ് ഡോ. ജോഷ്വാ മാർ ഇഗ്നാത്തിയോസ് അധ്യക്ഷത വഹിച്ചു. കേരളത്തിൽ അരാജകത്വം സൃഷ്ടിച്ചു നേട്ടങ്ങൾ കൈവരിക്കാൻ ശ്രമിക്കുന്ന ദുഷ്ടശക്തികൾ ഇന്നു കാണുന്ന പ്രശ്നങ്ങൾക്ക് പിന്നിൽ ഉണ്ടന്ന് സംശയിക്കുന്നതായി അദ്ദേഹം പറഞ്ഞു.
പവിത്രമായ ബന്ധങ്ങളും ധാർമികമൂല്യങ്ങളും പ്രാർഥനാജീവിതവും നിലനിൽക്കുന്ന ഒരു സമൂഹത്തെ സൃഷ്ടിക്കാൻ എല്ലാ മതങ്ങളും ഉത്സാഹിക്കണമെന്നും വഷളത്തങ്ങളെ പ്രചരിപ്പിക്കുന്ന സാമൂഹ്യ മാധ്യമങ്ങളുടെ മേൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ സർക്കാർ തയാറാകണമെന്നും മാർ ഇഗ്നാത്തിയോസ് അഭിപ്രായപ്പെട്ടു.
ഓർത്തഡോക്സ് സഭ നിലയ്ക്കൽ ഭദ്രാസനാധിപൻ ഡോ.ജോഷ്വാ മാർ നിക്കോദിമോസ്, ട്രസ്റ്റ് സെക്രട്ടറി ബിഷപ് ഡോ. സാബു കോശി മലയിൽ, ട്രഷറർ ഏബ്രഹാം ഇട്ടിച്ചെറിയ, ഫാ. ജോർജ് തേക്കടയിൽ, ഏബ്രഹാം മാത്യു പനച്ചമൂട്ടിൽ, ഫാ. ഷൈജു മാത്യു, റവ. തോമസ് കോശി പനച്ചമൂട്ടിൽ, തോമസ്കുട്ടി തേവർമുറിയിൽ എന്നിവർ പ്രസംഗിച്ചു.
സഭാ ഐക്യ സംരംഭങ്ങളെക്ക ുറിച്ചു നടന്ന ചർച്ചകളിൽ, ഫാ. റോയി മാത്യു മുളമൂട്ടിൽ കോർ എപ്പിസ്കോപ്പ, സുരേഷ് കോശി, ജോർജ് മാമ്മൻ കൊണ്ടൂർ, ഫാ. സോബിൻ ശാമുവേൽ, റവ. സോജി വർഗീസ് ജോൺ, റവ. ഫിലിപ്പ് ജോർജ്, റവ. ടി. എസ്. തോമസ്, പ്രഫ. എം. ജി. വർഗീസ്, ജെയ്സൺ മാത്യു, ജൂബി സൂസൻ സജി, ജിജി റെജി, എബി സീതത്തോട് എന്നിവർ പങ്കെടുത്തു.