സംഘം ചേർന്നു മർദിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ
1536266
Tuesday, March 25, 2025 6:55 AM IST
മല്ലപ്പള്ളി: കുറ്റകൃത്യത്തിനുശേഷം ഒളിവിൽ കഴിഞ്ഞ സ്ഥലം പോലീസിനോടു വെളിപ്പെടുത്തി നൽകിയെന്ന പേരിൽ യുവാവിനെ മർദിച്ച കേസിൽ മൂന്നുപേരെ കീഴ്വായ്പൂര് പോലീസ് അറസ്റ്റ് ചെയ്തു.
കല്ലുപ്പാറ ചെങ്ങരൂർചിറ ശാസ്താംഗൽ ക്ഷേത്രത്തിനു സമീപം താമസിക്കുന്ന കുന്നക്കാട്ട് വീട്ടിൽ എൽവിൻ ജി രാജ(27)നാണ് സംഘത്തിന്റെ മർദനമേറ്റത്. കുന്നന്താനം സ്വദേശികളായ അനന്തു വിനയൻ, പ്രവീൺ, പ്രണവ്, ഉണ്ണിക്കുട്ടൻ, അനന്തു ബിനു, ലിൻസൻ മറ്റു കണ്ടാൽ അറിയാവുന്ന മറ്റൊരാളും ചേർന്ന് ഞായറാഴ്ച വൈകുന്നേരം എൽവിന്റെ വീടിനു സമീപം വച്ചാണ് ദേഹോപദ്രവം ഏല്പിച്ചതെന്ന് പറയുന്നു.
എൽവിനെയും സുഹൃത്തുക്കളായ മറ്റ് രണ്ടുപേരെയും സംശയകരമായ സാഹചര്യത്തിൽ വീടിന് സമീപത്തുനിന്നും കീഴ്വായ്പൂര് പോലീസ് പിടികൂടുകയും കഞ്ചാവ് ബീഡി വലിച്ചതിന് കേസെടുത്ത ശേഷം ജാമ്യത്തിൽ വിടുകയും ചെയ്തിരുന്നു. തുടർന്നാണ് ഇയാൾക്ക് മർദ്ദനമേറ്റത്. കേസിലെ അഞ്ചാം പ്രതി അനന്തു ബിനു (26), മൂന്നാം പ്രതി പ്രണവ് പ്രസന്നൻ (35), ഏഴാം പ്രതി ലിൻസൻ ലാലൻ (25) എന്നിവരാണ് പോലീസി തെരച്ചിലിൽ പിടിയിലായത്.