വരുമാനക്കുറവ്: റേഷന്‍കടകള്‍ അടച്ചുപൂട്ടല്‍ ഭീഷണിയില്‍
1535978
Monday, March 24, 2025 3:44 AM IST
റേഷനിംഗ് സംവിധാനം ആശങ്കയിൽ
പത്തനംതിട്ട: റേഷന്‍ വ്യാപാരികളുടെ വേതന വര്‍ധന ഉള്‍പ്പെടെ പഠിക്കാന്‍ നിയോഗിച്ച സര്‍ക്കാര്‍ സമിതി സംസ്ഥാനത്ത് നാലായിരത്തോളം കടകള്‍ അടച്ചു പൂട്ടണമെന്ന് ശിപാര്‍ശ ചെയ്തതോടെ ജില്ലയിലെ റേഷനിംഗ് സംവിധാനവും ആശങ്കയില്‍. വിറ്റുവരവും കാര്‍ഡുകളുടെ എണ്ണവും അടിസ്ഥാനമാക്കി തീരുമാനമെടുത്താല്‍ പത്തനംതിട്ട ജില്ലയില്‍ നൂറിലധികം കടകള്‍ അടച്ചുപൂട്ടേണ്ടിവരുമെന്ന് റേഷന്‍ വ്യാപാര മേഖല ആശങ്കപ്പെടുന്നു.
വില്പന കുറഞ്ഞ കടകള്‍ പൂട്ടാനും കടകള്‍ തുടരുന്നവര്‍ക്ക് കമ്മീഷന് വര്‍ധിപ്പിക്കാനുമാണ് റേഷനിംഗ് ഇന്‍സ്പെക്ടറുടെ നേതൃത്വത്തിലുള്ള സമിതിയുടെ നിര്‍ദേശം. ഇതു നടപ്പാക്കുന്ന കാര്യം ആലോചിച്ചിട്ടില്ലെന്ന് മന്ത്രി ജി.ആര്. അനില്‍ പറഞ്ഞിട്ടുണ്ടെങ്കിലും വ്യാപാരികള്‍ ആശങ്കയിലാണ്.
ഏറ്റവും കൂടുതല്‍ കടകള്‍ പൂട്ടേണ്ടിവരുന്നത് പത്തനംതിട്ടയിലാകുമെന്ന് അവര്‍ പറയുന്നു. ഒരു കടയില്‍ എണ്ണൂറില്‍ കുറയാത്ത കാര്‍ഡുകള്‍ ഉണ്ടാകണമെന്നും കുറഞ്ഞത് 45 ക്വിന്റല്‍ അരി വിറ്റുപോകണമെന്നുമാണ് സമിതിയുടെ ശിപാര്‍ശകളില്‍ പ്രധാനം.
ജില്ലയിലെ ഒരു റേഷന്‍ കടയില്‍ ശരാശരി നാനൂറില്‍ താഴെയാണ് കാര്‍ഡുകളുടെ എണ്ണം. 25 വര്‍ഷം മുന്‍പ് തുടങ്ങിയ റേഷന്‍കടകളില്‍ ഇത്രയും കാര്‍ഡുടമകളാണുള്ളത്. പല പഞ്ചായത്തുകളിലും ഒരുവാര്‍ഡില്‍ ഒന്നിലധികം റേഷന്‍ കടകളുണ്ട്. ചില വാര്‍ഡുകളില്‍ റേഷന്‍ കടകളേയില്ല.
പത്തനംതിട്ടയില്‍ കാര്‍ഡ് മാനദണ്ഡമാക്കിയിട്ടില്ല
മലയോര മേഖലയില്‍ കാര്‍ഡ് ഉടമകളുടെ എണ്ണം മാനദണ്ഡമാക്കിയല്ല റേഷന്‍ കടകളുടെ പ്രവര്‍ത്തനം. ഭൂപ്രകൃതിയുടെ പ്രത്യേകതയാണ് മാനദണ്ഡമാക്കിയിരിക്കുന്നത്. ചില കടകളില്‍ മുന്നൂറില്‍ താഴെയാണ് കാര്‍ഡ് ഉടമകള്‍.
പുതിയ ശിപാര്‍ശ അനുസരിച്ച് ചില കടകള്‍ പൂട്ടേണ്ടി വന്നാല്‍ മലയോര ജനത റേഷന്‍ വാങ്ങാന്‍ അടുത്ത കടയിലേക്ക് പോകാന്‍ ദൂരങ്ങള്‍ താണ്ടണം. കാര്‍ഡ് ഉടമകള്‍ക്ക് ഏതു കടകളില്നിന്നുവേണമെങ്കിലും റേഷന്‍ വാങ്ങാമെന്ന വ്യവസ്ഥയുണ്ട്.
റേഷന്‍ കടകള്‍ പൂട്ടാനുള്ള നിര്‍ദേശം നിരവധി കുടുംബങ്ങളെ ബാധിക്കും. സബ്സിഡി സാധനങ്ങള്‍ റേഷന്‍ കടകളിലൂടെ വിറ്റാല്‍ വരുമാനക്കുറവ് പരിഹരിക്കാനാകുമെന്ന് റേഷന്‍ റീട്ടെയില്‍ ഡീലേഴ്സ് അസോസിയേഷന് ജില്ലാ പ്രസിഡന്റ് എം.ബി. സത്യന് പറഞ്ഞു.
780 റേഷന്‍കടകള്‍
ജില്ലയില്‍ ആറ് താലൂക്കുകളിലായി 780 റേഷന്‍ കടകളാണ് പ്രവര്‍ത്തിക്കുന്നത്. അടൂര്‍ - 166, കോന്നി - 141, കോഴഞ്ചേരി - 137, തിരുവല്ല - 131, റാന്നി - 118, മല്ലപ്പള്ളി - 87 എന്നിങ്ങനെയാണ് റേഷന്‍കടകളുടെ എണ്ണം.
3,64, 582 കാര്‍ഡുടമകളാണ് നിലവിലുള്ളത്. ഇതില്‍ വലിയൊരു വിഭാഗം കാര്‍ഡുടമകളും സമീപകാലത്ത് റേഷന്‍ കടകളിലേക്ക് എത്താതായതോടെയാണ് വില്പനയില് കുറവുണ്ടായത്. സാധനങ്ങളുടെ ലഭ്യതക്കുറവാണ് കടകള്‍ നേരിടുന്ന മറ്റൊരു പ്രതിസന്ധി.