ജില്ലയില്‍ 25 ഡോക്ടര്‍മാരുടെ ഒഴിവുകള്‍
1535562
Sunday, March 23, 2025 3:35 AM IST
പത്തനംതിട്ട: ജില്ലയിലെ സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളിലായി 25 ഡോക്ടര്‍മാരുടെ ഒഴിവുകള്‍. സംസ്ഥാനത്താകമാനം 503 ഡോക്ടര്‍മാരുടെ ഒഴിവുകളാണ് പൊതുജനാരോഗ്യവകുപ്പിലുള്ളത്. ഇതില്‍ ഏറെയും പ്രമോഷന് തസ്തികകളാണ്.
പത്തനംതിട്ട ജനറല്‍ ആശുപത്രി, ജില്ലാ ആശുപത്രി, അടൂര്‍ ജനറല്‍ ആശുപത്രി, റാന്നി, കോന്നി, മല്ലപ്പള്ളി താലൂക്ക് ആശുപത്രികള്‍ എന്നിവിടങ്ങളിലെല്ലാം ഡോക്ടര്‍മാരുടെ ഒഴിവുകളുണ്ട്.
ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിലും വീഴ്ചയുള്ളതായി പറയുന്നു. നേരത്തേ എന്‍എച്ച്എം മുഖേന താത്കാലികാടിസ്ഥാനത്തില്‍ നിയമനം നടത്തിയിരുന്നുവെങ്കിലും ഇപ്പോള്‍ അതിനും ആളെ കിട്ടാത്ത സ്ഥിതിയുണ്ട്. പിഎസ്സി മുഖേന നിയമനം ലഭിക്കുന്ന ഡോക്ടര്‍മാരില്‍ നല്ലൊരു പങ്കും ജോലിയില്‍ പ്രവേശിച്ചശേഷം തുടര്‍ പഠനത്തിനും മറ്റുമായി അവധിയില്‍ പോകുന്നതോടെയാണ് ഒഴിവുകള്‍ ഏറെയും ഉണ്ടാകുന്നത്.
ഇതിനിടെ കഴിഞ്ഞ 12നു ജില്ല മെഡിക്കല്‍ ഓഫീസര്‍ പുറപ്പെടുവിച്ച ഉത്തരവു പ്രകാരം ജില്ലയില്‍ ജോലി ക്രമീകരണ വ്യവസ്ഥയില്‍ നിലനിന്നിരുന്ന ഡോക്ടര്‍മാരെ മുഴുവനായി അവരുടെ മാതൃസ്ഥാപനത്തിലേക്കു തിരിച്ചുവിളിച്ചു.
ഇതോടെ പലയിടത്തും മെഡിക്കല്‍ ഓഫീസര്‍മാരുടെയടക്കം ഒഴിവുകളുണ്ടായി. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള കോന്നി സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ റസിഡന്റ് ഡോക്ടര്‍മാരുടെയടക്കം ഒഴിവുകളുണ്ട്. ഒപി ഡ്യൂട്ടിക്കും മറ്റുമായി ഡോക്ടര്‍മാരെ താത്കാലികാടിസ്ഥാനത്തില്‍ നിയമിക്കുകയാണ് പതിവ്. മെഡിക്കല്‍ കോളജ് ഫാക്കല്‍റ്റി ഡോക്ടര്‍മാരുടെ സേവനം ആശുപത്രി പ്രവര്‍ത്തനത്തിനു പൂര്‍ണമായി ലഭിക്കാറില്ല.
ജീവനക്കാരും കുറവ്
ഡോക്ടര്‍മാരോടൊപ്പം ആരോഗ്യവകുപ്പിലെ അനുബന്ധ ജീവനക്കാരുടെ കുറവും ആശുപത്രികളുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കുന്നുണ്ട്. നഴ്സിംഗ് അസിസ്റ്റന്റ്, തിയേറ്റര്‍ ടെക്നീഷന്‍, നഴ്സിംഗ് ഓഫീസര്‍ തുടങ്ങിയ തസ്തികകള്‍ പ്രധാന ആശുപത്രികളിലടക്കം ഒഴിഞ്ഞുകിടക്കുകയാണ്.
ജില്ലാ ആശുപത്രി, ജനറല്‍ ആശുപത്രി എന്നിവിടങ്ങളിലും ഒഴിവുകളുണ്ട്. ഇതിനിടെ പല തസ്തികകളിലും നിയമനം ലഭിക്കുന്നവര്‍ രാഷ്ട്രീയതാത്പര്യങ്ങള്‍ മുന്‍നിര്‍ത്തി സ്ഥലംമാറ്റം വാങ്ങുന്നതും ദൈനംദിന പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നതായി പറയുന്നു.