ബസ് തലയിലൂടെ കയറി ഒരാൾ മരിച്ച സംഭവം : മന്ത്രിക്കെതിരെ പ്രക്ഷോഭത്തിനൊരുങ്ങി യുഡിഎഫ്
1589720
Sunday, September 7, 2025 6:14 AM IST
പത്തനാപുരം : ഷണ്ടിങ്ങിന് ഇടയിൽ കെഎസ്ആർടിസി ബസ് തലയിലൂടെ കയറി പാങ്ങോട് സ്വദേശി മരിച്ച സംഭവത്തിൽ സ്ഥലം എംഎൽഎയായ മന്ത്രി കെ.ബി.ഗണേഷ്കുമാറിനെതിരെ പ്രക്ഷോഭം സംഘടിപ്പിക്കാൻ ഒരുങ്ങി യുഡിഎഫ്. ഗ ുരുതരമായ സുരക്ഷാ വീഴ്ച ഉണ്ടായിട്ടും കെഎസ്ആർടിസി ഡിപ്പോയിൽ സുരക്ഷയൊരുക്കാൻ അധികൃതർ തയാറാകുന്നില്ലെന്നാണ് യുഡി എഫ് ആരോപിക്കുന്നത്.
രാത്രി സമയത്തു സെക്യൂരിറ്റിയെ നിയമിച്ചാൽ ഇത്തരം ദാരുണ സംഭവങ്ങൾ ഒഴിവാക്കാമെങ്കിലും കെഎസ്ആർടിസി അതിനു തയാറാവുന്നില്ല. 54 സർവീസുകൾ നടത്തുന്ന ഡിപ്പോയിൽ സുരക്ഷ ഒരുക്കാത്തത് മന്ത്രി കെ.ബി. ഗണേഷ്കുമാറിന്റെ അനാസ്ഥയാണെന്ന് ആരോപിച്ചു പ്രക്ഷോഭം സംഘടിപ്പിക്കാനുള്ള നീക്കത്തിലാണ് യുഡിഎഫ്. ബസ് തലയിൽ കയറി ഒരാൾ മരിച്ച സംഭവത്തിൽ അന്വേഷണം വേണമെന്നാണ് കോൺഗ്രസ്, ആർഎസ്പി,മുസ്ലിം ലീഗ് നേതാക്കൾ ആവശ്യപ്പെടുന്നത്.
പോലീസ് തികഞ്ഞ അനാസ്ഥയാണു ഇക്കാര്യത്തിൽ കാട്ടുന്നത്. അന്വേഷണം നടത്തണമെന്ന ആവശ്യം വേണ്ടത്ര പ്രാധാന്യത്തോടെ പരിഗണിക്കുന്നില്ല. പഞ്ചായത്ത് വാടകയ്ക്കു നൽകിയ ഒരേക്കർ ഭൂമിയിലാണ് ഡിപ്പോ ഇപ്പോൾ പ്രവർത്തിക്കുന്നത്. സ്ഥലക്കുറവ് മൂലം കുന്നിക്കോട് റോഡിലും സെൻട്രൽ ജംഗ്ഷൻ ഭാഗങ്ങളിലുമാണു ബസുകൾ രാത്രികാലത്ത് നിർത്തിയിടുന്നത്. മറ്റെവിടെയെങ്കിലും സ്ഥലം കണ്ടെത്തി, ഗാരിജ് മാറ്റിയാൽ പ്രശ്നം പരിഹരിക്കാവുന്നതാണെന്നും നാട്ടുകാർ പറയുന്നു.
പുനലൂർ – മുവാറ്റുപുഴ റോഡ് നവീകരണം പൂർത്തിയായതോടെ രാത്രിയിൽ ദീർഘദൂര സർവീസുകൾ തുടങ്ങിയിട്ടുണ്ട്. ഡിപ്പോയ്ക്കുള്ളിൽ സ്ഥലമില്ലാത്തതിനാൽ രാത്രിയിൽ സെൻട്രൽ ജംഗ്ഷനിൽ നിർത്തി പോകുകയാണു പതിവ്.