മയക്കുമരുന്നിനെതിരെ തീരദേശ ജനത ഉണരണം: ചാണ്ടി ഉമ്മൻ
1589226
Thursday, September 4, 2025 6:37 AM IST
കൊല്ലം: സമൂഹത്തിന്റെ നിലനിൽപ്പിനെയും സുസ്ഥിതിയെയും ഗുരുതരമായി ബാധിക്കുന്ന ലഹരി വിപത്തിനെതിരെ തീരദേശ ജനത ഉണരണമെന്ന് ചാണ്ടി ഉമ്മൻ എംഎൽഎ. എഫ്സിഡിപി ഡോണ്‍ബോസ്കോ ചിൽഡ്രൻസ് ഫോറം സംഘടിപ്പിച്ച ഓണാഘോഷവും ലഹരി വിരുദ്ധ കാന്പയിനും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മയക്കുമരുന്ന് ഉപയോഗത്തെയും അതുമൂലം സമൂഹത്തിലുണ്ടാക്കുന്ന വിനാശകരമായ പ്രത്യാഘാതങ്ങളെയും യുവജനങ്ങൾ തിരിച്ചറിയണം. മയക്കുമരുന്ന് രഹിത സമൂഹം സൃഷ്ടിക്കാൻ എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കണമെന്ന് അദ്ദേഹം അഭ്യർഥിച്ചു.
ചാണ്ടി ഉമ്മൻ കുട്ടികളോടൊപ്പം പട്ടം പറത്തി ഓണാഘോഷ പരിപാടികളിൽ പങ്കെടുത്തു. തോപ്പ് കൊടിമരം മൈതാനിയിൽ നടത്തിയ സമ്മേളനത്തിൽ ഡയറക്ടർ ഫാ. സജി ഇളന്പാശേരിയിൽ അധ്യക്ഷനായിരുന്നു.
ഡിബി ടെക് ഡയറക്ടർ ഫാ. ബെഞ്ചമിൻ, എഫ്സിഡിപി ചെയർപേഴ്സണ്‍ ആഗ്നസ് ജോണ്‍, ടിഎംഎസ് പ്രസിഡന്റ് ലക്റ്റീഷ്യ മാർട്ടിൻ, കെസിബിസി മദ്യവിരുദ്ധ സമിതി സംസ്ഥാന സെക്രട്ടറി എ. ജെ. ഡിക്രൂസ്, നെഹ്റു സാംസ്കാരിക പഠന കേന്ദ്രം പ്രസിഡന്റ് സജീവ് പരിശുവിള, ഡോണ്‍ ബോസ്കോ ചിൽഡ്രൻസ് ഫോറം കോർഡിനേറ്റർ ബിന്ദു ഹാരിസണ്‍ എന്നിവർ പ്രസംഗിച്ചു. ആഘോഷങ്ങളുടെ ഭാഗമായി സംഗീത, നൃത്ത പരിപാടികളും സംഘടിപ്പിച്ചു.