കെഎംഎംഎല്‍എംഎസ് യൂണിറ്റില്‍ വിളവെടുപ്പുത്സവം സംഘടിപ്പിച്ചു
1589229
Thursday, September 4, 2025 6:37 AM IST
ചവറ : ഓണത്തിന് നൂറുമുറം പച്ചക്കറി എന്ന ലക്ഷ്യവുമായി കെഎംഎഎംഎല് മിനറല്‍ സെപ്പറേഷന്‍ യൂണിറ്റില്‍ ജൈവം അമൃതം എന്ന പേരില്‍ നടപ്പാക്കിയ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് നടന്നു. മിനറല്‍ സെപ്പറേഷന്‍ യൂണിറ്റ് ഹെഡ് എം.യു വിജയകുമാര്‍ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു.
ടിഎസ് കനാലിനോട് ചേര്‍ന്ന് കിടക്കുന്ന ഒരേക്കര്‍ ഭൂമിയിലാണ് പദ്ധതി നടപ്പാക്കിയത്. പാവല്‍, പടവലം, പച്ചമുളക്, വഴുതന, പയര്‍, വെണ്ട, തക്കാളി തുടങ്ങിയ പച്ചക്കറികളാണ് കൃഷി ചെയ്തത്. ഇടവിളയായി വെന്റി ജമന്തിയും കൃഷി ചെയ്തു. ഒന്നാം ഘട്ട കൃഷിയില്‍ 20 കിലോവീതം വിളവ് ലഭിച്ചു.വിജയം കൈവരിച്ച കൃഷി രണ്ടാം ഘട്ടത്തില്‍ കൂടുതല്‍ വിപുലപ്പെടുത്തും. ഒപ്പം നിര്‍ധനരായ പ്രദേശവാസികള്‍ക്ക് വിളവ് നല്‍കാനും പദ്ധതിയുണ്ട്. പന്മന പഞ്ചായത്തിന്റെ മികച്ച കൃഷിക്കുള്ള അവാര്‍ഡും ഇത്തവണ ജൈവം അമൃതം പദ്ധതിക്ക് ലഭിച്ചിരുന്നു.
മിനറല്‍ സെപ്പറേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് ഹെഡ് ടി. കാര്ത്തികേയന്, ഗ്രീന്‍സെല്‍ കണ്‍വീനര്‍ സി.പി. ഹരിലാല്‍, ഗ്രീന്‍സെല്‍ അംഗമായ രാജഗോപാല്‍, യൂണിയന് നേതാക്കളായ ഗോപകുമാര്‍, സന്തോഷ്കുമാര്‍, സന്തോഷ്, ഫെലികസ് കമ്പനിയിലെ ഉദ്യോഗസ്ഥര്‍, ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.