പേഴ്സീന്‍ ബോട്ടുകളുടെ കടന്നു കയറ്റവും ട്രോളിംഗും : മത്സ്യത്തൊഴിലാളികൾ പട്ടിണിയിലേക്ക്
1589718
Sunday, September 7, 2025 6:08 AM IST
അജി വള്ളിക്കീഴ്
കൊല്ലം: മത്സ്യബന്ധന മേഖല ഏറെ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ ഓണത്തിന് പോലും മത്സ്യത്തൊഴിലാളികൾക്ക് നൽകുമെന്ന് പ്രഖ്യാപിച്ചിരുന്ന സമാശ്വാസ സഹായം സർക്കാർ നൽകിയില്ല. ഓണത്തിനെങ്കിലും കിട്ടുമെന്ന് കരുതി അവർ കാത്തിരുന്ന ആറ് കിലോ അരിയും 1000രൂപയും അവർക്ക് നൽകിയതുമില്ല. കപ്പൽ അപകടങ്ങൾക്കും ട്രോളിംഗിനും ശേഷം കടലിൽ പോയി വരുന്ന കൊല്ലം തീരത്തെ പരമ്പരാഗത-ചെറുകിട മത്സ്യത്തൊഴിലാളി സമൂഹം ഏറെ ദുരിതത്തിലേക്ക് തള്ളപ്പെട്ടിരിക്കുകയാണ്.
വിദേശ മീന്‍പിടിത്ത കപ്പലുകളും ഇന്ത്യയിലെ തന്നെ വന്‍കിട ട്രോളറുകളും കടലിൽ ചെറു മത്സ്യങ്ങളെ അടക്കം തൂത്തുവാരുന്നതിനാൽ കൊല്ലത്ത് നിന്ന് കടലിൽ പോകുന്ന ബോട്ടുകൾക്കും യാനങ്ങൾക്കും നിത്യവൃത്തിക്കുള്ള വക പോലും കിട്ടാത്ത അവസ്ഥയാണുള്ളത്.
ഉപജീവനത്തിനായി മീന്‍പിടിത്തത്തിലേര്‍പ്പെടുന്ന പരമ്പരാഗത-ചെറുകിട മത്സ്യത്തൊഴിലാളി സമൂഹമാണ് ഏറെ ദുരിതത്തിലേക്ക് തള്ളപെട്ടിരിക്കുന്നത്. വിദേശ മീന്‍പിടിത്ത കപ്പലുകള്‍ക്കും ഇന്ത്യയിലെ തന്നെ വന്‍കിട ട്രോളറുകള്‍ക്കും ഒത്താശ ചെയ്തു കൊടുക്കുന്ന നയസമീപനമാണ് കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകൾ സ്വീകരിച്ചു വരുന്നത്.
തീരത്ത് നിന്ന് അധികാര പരിധിയില്‍ വരുന്ന 12 നോട്ടിക്കല്‍ മൈല്‍ എന്ന 22കിലോമീറ്റര്‍ കടല്‍ മേഖലയില്‍ പോലും ചെറുകിട മീന്‍പിടിത്തക്കാര്‍ക്ക് മീൻപിടിക്കാൻ കഴിയാത്ത സാഹചര്യമാണ് ഉള്ളത്. പരമാധികാരത്തിലുള്ള 200 നോട്ടിക്കല്‍ മൈല്‍ എന്ന 360 കിലോമീറ്റര്‍ കടല്‍ മേഖലയില്‍ മീന്‍പിടിത്തക്കാര്‍ക്ക് സ്വതന്ത്രമായി മത്സ്യബന്ധനം നടത്താനുള്ള അവകാശം പോലും നിഷേധിച്ചിരിക്കുകയാണ്.
കടലില്‍ നിരോധിക്കപ്പെട്ട പേഴ്സീന്‍ ബോട്ടുകളുടെ പ്രവര്‍ത്തനം യഥേഷ്ടം തുടരുമ്പോള്‍ യാതൊരു നിയമനടപടികളും സ്വീകരിക്കാതെ ഫിഷറീസ് വകുപ്പ് നോക്കുകുത്തിയായി നിലയുറപ്പിക്കുകയാണ്.
ചെറുമത്സ്യങ്ങളെപോലും കോരിയെടുക്കുന്ന ‘അടക്കംകൊല്ലി വലകള്‍' നിയന്ത്രിക്കാനുള്ള നടപടി പോലും ഫിഷറീസ് വകുപ്പ് കാട്ടുന്നില്ല. സമീപഭാവിയില്‍ കടലിലെ മത്സ്യസമ്പത്ത് മത്സ്യത്തൊഴിലാളികൾക്ക് കി ട്ടാതാകുന്ന സ്ഥിതി വിശേഷം ആയിരിക്കും ഇത് ഉണ്ടാക്കുക.
കേരള കടലില്‍ നിരോധിച്ചിട്ടുള്ളതും സുപ്രീം കോടതി വിധിയിലൂടെ അറിയിച്ചിട്ടുള്ളതുമായ പേഴ്സീന്‍ ബോട്ടുകള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ രജിസ്ട്രേഷന് നല്കുവാനുള്ള നീക്കം നടക്കുകയാണ്. യന്ത്രവത്കൃത ട്രോളിംഗ് ബോട്ടുകളുടടെയും റിംഗ്സീന്‍ വള്ളങ്ങളുടെയും അമിതമായ കടന്നുവരവ് കൊല്ലം തീരത്തെ മത്സ്യത്തൊഴിലാളികളുടെ നിലനില്‍പ്പിനു തന്നെ ഭീഷണിയായിരിക്കുന്നു.
വലയുടെ അനിയന്ത്രിതമായ വലിപ്പം, എൻജിനുകളുടെ കുതിരശക്തി എന്നിവ നിയന്ത്രിച്ച് മത്സ്യത്തൊഴിലാളി സമൂഹത്തെ സഹായിക്കേണ്ടത് സംസ്ഥാന സർക്കാരാണ്. തീരക്കടലില്‍ പോലും രണ്ടു ബോട്ടുകള്‍ ഉപയോഗിച്ചുള്ള പെയര്‍ ട്രോളിംഗ് തുടർന്നിട്ടും അവ നിയന്ത്രിക്കാൻ സർക്കാർ തയാറാവുന്നില്ല.
ചൈനീസ് നിര്‍മിതമായ 470 കുതിരശക്തിവരെയുള്ള എൻജിനുകള്‍ ഉപയോഗിച്ചാണ് ട്രോള്‍ബോട്ടുകള്‍ രാത്രിയും പകലും ഒരു പോലെ മത്സ്യക്കൊയ്ത്ത് നടത്തി വരുന്നത്. ഇത്തരത്തിലുള്ള ചൈനീസ് എൻജിന് സ്പീഡ് കുറച്ച് ഓടിച്ച് കടലിന്റെ അടിത്തട്ടിലെ ട്രോളിംഗും കുറെക്കൂടി സ്പീഡ് കൂട്ടി ഓടിച്ച് കടലിന്റെ മധ്യഭാഗത്തെ ട്രോളിംഗും ഫുള്‍സ്പീഡില്‍ ഓടിച്ച് കടലിന്റെ ഉപരിതല ട്രോളിംഗും ട്രോള്‍ബോട്ടുകള്‍ നടത്തുകയാണ്.
ഒരൊറ്റ എൻജിന് ഉപയോഗിച്ച് തന്നെ കടലിന്റെ അടിത്തട്ടു മുതല്‍ ഉപരിതലം വരെയുള്ള മീനെല്ലാം ഒറ്റയടിക്ക് കോരി എടുക്കുകയാണ്. ചെറുമത്സ്യങ്ങളെപ്പോലും കോരിയെടുത്തു നശിപ്പിക്കുന്നു. ടണ്‍ കണക്കിന് ചെറുമത്സ്യങ്ങളാണ് ഉപയോഗശൂന്യമായി കടലിലേക്ക് തന്നെ വലിച്ചെറിയപ്പെടുന്നത്.
ഈ രീതിയിലുള്ള മത്സ്യബന്ധനം തുടർന്നാൽ സമീപഭാവിയില്‍ മത്സ്യസമ്പത്ത് തന്നെ ഇല്ലാതാകും. നമ്മുടെ കടലില്‍ മീന്‍ പിടിത്തത്തിനായി ഉള്‍ക്കൊള്ളാവുന്നതിനേക്കാള്‍ എത്രയോ മടങ്ങ് മത്സ്യബന്ധന യാനങ്ങള്‍ ഇപ്പോള്‍ തന്നെ ഉള്ളപ്പോഴാണ് അനധികൃതമായി പേഴ്സീന്‍ ബോട്ടുകളുടെ കടന്നു വരവ് ഉണ്ടായിരിക്കുന്നത്.
ഏറ്റവും നല്ല പ്രോട്ടീന്‍ ആഹാരമായ മത്സ്യം കുറഞ്ഞ വിലയ്ക്ക് സാധാരണക്കാര്‍ക്ക് എത്തിക്കുന്നതും ഈ മത്സ്യത്തൊഴിലാളി സമൂഹമാണെന്ന വസ്തുത ഭരിക്കുന്നവർ മറക്കുകയാണെന്നാണ് മത്സ്യത്തൊഴിലാളികൾ ആരോപിക്കുന്നത്. നാടിനു നല്ലൊരു ശതമാനം വിദേശനാണ്യം നേടിത്തരുന്നതിൽ മത്സ്യതൊഴിലാളികളുടെ പങ്ക് വളരെ വലുതാണ്.
അതേസമയം, സ്വയംതൊഴില്‍ ചെയ്ത് ഉപജീവനം നടത്തുന്ന മത്സ്യത്തൊഴിലാളി സമൂഹത്തോട് ഭരണകര്‍ത്താക്കൾ നീതി പുലര്‍ത്തുന്നില്ല. മത്സ്യബന്ധനമേഖല നേരിടുന്ന യഥാര്‍ഥ പ്രശ്നങ്ങള്‍ വിശകലനം ചെയ്യുവാനോ ഈ മേഖലയുടെ സ്ഥായിയായ നിലനില്‍പ്പിനുതകുന്ന കര്‍മ പദ്ധതികള്‍ ആവിഷ്കരിക്കുവാനോ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തയാറാകുന്നില്ല എന്നതാണ് മത്സ്യത്തൊഴിലാളി സംഘടനകൾ കുറ്റപ്പെടുത്തുന്നത്.