ആലപ്പുഴ വഴിയുള്ള വന്ദേഭാരതിന് കൂടുതൽ കോച്ചുകൾ
1589472
Friday, September 5, 2025 5:55 AM IST
കൊല്ലം: വർധിച്ചുവരുന്ന യാത്രക്കാരുടെ ആവശ്യം പരിഗണിച്ച് ആലപ്പുഴ വഴിയുള്ള തിരുവനന്തപുരം സെൻട്രൽ-മംഗളൂരു സെൻട്രൽ വന്ദേഭാരത് എക്സ്പ്രസിൽ (20631/20632) കൂടുതൽ കോച്ചുകൾ അനുവദിച്ചു.
സെപ്റ്റംബർ ഒമ്പത് മുതൽ 16 കോച്ചുകൾക്ക് പകരം 20 കോച്ചുകളായിരിക്കും ട്രെയിനിൽ ഉണ്ടാകുക. റെയിൽവേ ബോർഡ് ഇതിന് അംഗീകാരം നൽകി.
നിലവിൽ 14 എസി ചെയർ കാർ കോച്ചുകളും രണ്ട് എസി എക്സിക്യൂട്ടീവ് കോച്ചുകളുമാണ് ഈ ട്രെയിനിലുള്ളത്. പുതിയ ക്രമീകരണം അനുസരിച്ച് 18 എസി. ചെയർകാർ കോച്ചുകളും രണ്ട് എസി എക്സിക്യൂട്ടീവ് കോച്ചുകളും ഉണ്ടാകും. ഇതോടെ ഈ റൂട്ടിൽ കൂടുതൽ യാത്രക്കാർക്ക് വന്ദേഭാരത് എക്സ്പ്രസിൽ യാത്ര ചെയ്യാൻ സാധിക്കും.
ഇതോടെ, കേരളത്തിലെ രണ്ട് വന്ദേഭാരത് സർവീസുകളും 20 കോച്ചുകളുമായി സർവീസ് നടത്തും. കാസർഗോഡ്-തിരുവനന്തപുരം സെൻട്രൽ വന്ദേഭാരത് എക്സ്പ്രസ് (20633/20634) ഈ വർഷം ജനുവരി 10 മുതൽ 20 കോച്ചുകളുമായിട്ടാണ് സർവീസ് നടത്തുന്നത്.
കൂടുതൽ കോച്ചുകൾ അനുവദിച്ചത് യാത്രക്കാർക്ക് സൗകര്യപ്രദമാകുമെന്ന് ഭക്ഷിണ റെയിൽവേ അധികൃതർ അറിയിച്ചു.