സിനിമാ തീയറ്ററില്‍ സ്ത്രീക്ക് നേരെ അതിക്രമം : ചോദ്യം ചെയ്ത ഭര്‍ത്താവിനെ മര്‍ദിച്ച രണ്ടുപേർ അറസ്റ്റിൽ
1589467
Friday, September 5, 2025 5:55 AM IST
അഞ്ചല്‍ : ഭര്‍ത്താവുമൊത്ത് അഞ്ചലിലെ തീയറ്ററില്‍ സിനിമാകാണാനെത്തിയ വീട്ടമ്മയ്ക്ക് നേരെ ബാര്‍ ജീവനക്കാരായ യുവാക്കളുടെ അതിക്രമം. പിന്നീട് കേസ് ഒത്തുതീര്‍ക്കാം എന്നു പറഞ്ഞു ഇവര്‍ ജോലി ചെയ്യുന്ന ബാറിന് സമീപത്തേക്ക് വിളിച്ചുവരുത്തി അതിക്രമത്തിനിരയായ വീട്ടമ്മയുടെ ഭരത്താവിനെ ക്രൂരമായി മര്‍ദിച്ചു.
അഞ്ചലിലുള്ള ഒരു ബാറിലെ ജീവനക്കാരായ ആറന്മുള ഇടമണ്‍ പാറയില്‍ ഹൗസില്‍ പ്രമോദ് തമ്പി, ഇടയാറന്മുള ഇടത്തറ മേലേതില്‍ സുജിത്ത് എന്നിവരെയാണ് അഞ്ചല്‍ പോലീസ് അറസ്റ്റ് ചെയ്തത്.ഇക്കഴിഞ്ഞ ദിവസമാണ് പ്രതികള്‍ സിനിമ കണ്ടുകൊണ്ടിരിക്കുന്ന വേളയില്‍ അതിക്രമം കാട്ടിയത്.
യുവതി അറിയിച്ചതിനെ തുടര്‍ന്നു ഭര്‍ത്താവ് ഇത് ചോദ്യം ചെയ്തു. ഇത് പിന്നീട് വാക്ക് തര്‍ക്കത്തിലേക്ക് നീങ്ങി. ഇതോടെ ദമ്പതികള്‍ പോലീസില്‍ പരാതി നല്കാന് തീരുമാനിച്ചു. എന്നാല്‍ കേസ് വേണ്ടെന്നും സംഭവത്തില്‍ മാപ്പ് പറഞ്ഞു പ്രശ്നം പറഞ്ഞു തീര്‍ക്കാമെന്നും പറഞ്ഞു യുവതിയുടെ ഭര്‍ത്താവിനെ ബാറിലേക്ക് വിളിച്ച് വരുത്തുകയും അവിടെ വച്ച് ക്രൂരമായി മര്‍ദിക്കുകയുമായിരുന്നു.
മര്‍ദനത്തില്‍ മൂക്കിന്റെ പാലം തകര്‍ന്ന യുവാവിനെ പിന്നീട് അഞ്ചലിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇവരുടെ പരാതിയില്‍ കേസെടുത്ത പോലീസ് യുവാവിന്റെയും യുവതിയുടെയും മൊഴി രേഖപ്പെടുത്തിയ ശേഷം ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്ത് പ്രതികളെ പിടികൂടുകയുമാറുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.