ബോട്ട് സഞ്ചാരം ഇനി ചെമ്പകരാമനല്ലൂരിലും
1589230
Thursday, September 4, 2025 6:37 AM IST
അഞ്ചല്‍ : ഇടമുളയ്ക്കൽ പഞ്ചായത്തിലെ ചെമ്പകരാമനല്ലൂർ ചിറയിൽ വിനോദത്തിനും ഉല്ലാസത്തിനുമായി പെഡൽ ബോട്ടും കയാക് ബോട്ടും വരുന്നു. ലെഫ്. അമിത്ത് ഷാജി മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റാണ് ബോട്ടുകൾ നൽകുന്നത്.
ഒരു പെഡൽ ബോട്ടും രണ്ട് കയാക് ബോട്ടുകളും മുതിർന്നവർക്കും കുട്ടികൾക്കുമായി പത്ത് ലൈഫ് ജാക്കറ്റുകളും ഒരു ബോയ് ഉൾപ്പടെയാണ് നൽകുന്നത്. ബോട്ടുകളുടെ ഉദ്ഘാടനം ആറിനു പി. എസ്. സുപാൽ എംഎല്‍എ നിർവഹിക്കും. ബോട്ടുകളും അനുബന്ധ സാധനങ്ങളും പിന്നീട് ചെമ്പകരാമനല്ലൂർ ആർട്സ് ആന്റ് സ്പോർട്സ് ക്ലബിന് നൽകും.
ഇടമുളയ്ക്കൽ ഗ്രാമപഞ്ചായത്തും അഞ്ചൽ ബ്ലോക്ക് പഞ്ചായത്തും സംയുക്തമായി ഒരു കോടി രൂപ ചെലവഴിച്ച് പുനരുദ്ധാരണം നടത്തിയ ചിറയിലാകും ബോട്ട് സവാരി നടക്കുക. ക്ലബ്അംഗങ്ങൾക്ക് പരിശീലനം നൽകിയതിനു ശേഷമാകും ബോട്ട് സവാരി ആരംഭിക്കുക.
പരിപാലനവും തുടർ സംരക്ഷണവും നൽകുന്ന ക്ലബുകൾക്കോ സംഘടനകൾക്കോ കുതിര സവാരിക്കായി രണ്ടു കുതിരകളെ നൽകുന്നതാണെന്ന് വാർഡ് മെമ്പർ രാജീവ് കോശി അറിയിച്ചു.