ഓണക്കാലത്ത് മത്സ്യത്തൊഴിലാളികളെ സർക്കാർ വഞ്ചിച്ചു : മത്സ്യത്തൊഴിലാളി കോ ഓർഡിനേഷൻ
1589224
Thursday, September 4, 2025 6:26 AM IST
കൊല്ലം: ഓണക്കാലത്ത് മത്സ്യ ത്തൊഴിലാളികളെ സർക്കാർ വഞ്ചിച്ചിരിക്കുകയാണെന്ന് മത്സ്യത്തൊഴിലാളി കോർഡിനേഷൻ സെന്റർ. 2018 ൽ കേരളത്തിലെ അതി രൂക്ഷമായ പ്രളയക്കെടുതിയിൽ നിരവധി ജീവനുകൾ രക്ഷിച്ച, കേരളത്തിന്റെ സൈന്യം എന്നു തന്നെ വിശേഷണത്തിനർഹമായ മത്സ്യത്തൊഴിലാളികൾക്ക് യഥാസമയം സർക്കാർ ലഭ്യമാക്കേണ്ട ആനുകൂല്യങ്ങൾ നൽകാതെ ഓണക്കാലവും പഞ്ഞമാസം പോലെയാക്കി വാഗ്ദാനങ്ങൾ ജലരേഖയാക്കി വഞ്ചിച്ചിരിക്കുകയാണെന്ന് മത്സ്യത്തൊഴിലാളി കോർഡിനേഷൻ സെന്റർ (ടിയുസിസി) കൊല്ലം ജില്ലാ കമ്മിറ്റികുറ്റപ്പെടുത്തി.
ഓണക്കാലത്ത് മത്സ്യത്തൊഴിലാളികൾക്ക് അടിയന്തിര ധനസഹായവും ആനുകൂല്യങ്ങളും അനുവദിക്കണമെന്നും ടിയുസിസി സംസ്ഥാന ജനറൽ സെക്രട്ടറി അജിത് കുരീപ്പുഴ ആവശ്യപ്പെട്ടു. ജില്ലാ കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ട്രോളിംഗ് നിരോധനം മൂലവും കപ്പൽ അപകടങ്ങളെ തുടർന്നും കടലിൽ പോകാൻ കഴിയാത്ത അവസ്ഥ സംജാതമാവുകയും ചെയ്ത സമയത്ത് മത്സ്യമേഖലയിലെ വിവിധ ട്രേഡ് യൂണിയനുകളുടെ സമ്മർദ ഫലമായി സർക്കാർ പ്രശ്ന ബാധിത പ്രദേശങ്ങളിലെ മത്സ്യ തൊഴിലാളികൾക്കും അനുബന്ധ തൊഴിലാളികൾക്കും സമാശ്വാസമായി അനുവദിച്ച 1000 രൂപയും ആറ് കിലോ അരിയും സി പി എം നേതൃത്വം നൽകുന്ന മത്സ്യത്തൊഴിലാളി സംഘങ്ങളിൽ അംഗങ്ങളായ നാമമാത്രമായ മത്സ്യത്തൊഴിലാളികൾക്ക് മാത്രമാണ് വിതരണം ചെയ്തത്.
ട്രോളിംഗ് നിരോധന മാസങ്ങളും പഞ്ഞമാസങ്ങളുമായ മേയ്, ജൂൺ, ജൂലായ് മാസങ്ങളിൽ കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ സമാശ്വാസ പദ്ധതി പ്രകാരം മത്സ്യത്തൊഴിലാളികൾക്ക് 1500 രൂപ വീതം മൂന്നു മാസങ്ങളിലായി ലഭിക്കേണ്ടത് രണ്ടു ഗഡു മുടങ്ങി കിടക്കുകയാണ്. കുടിശികയുള്ള സാമൂഹ്യ പെൻഷനുകളും മറ്റ് ക്ഷേമനിധി പെൻഷനുകളും ഉൾപ്പടെയുള്ള ആനുകൂല്യങ്ങൾ എല്ലാവർക്കും നൽകുമ്പോൾ മത്സ്യത്തൊഴിലാളികൾ കടുത്ത പ്രതിസന്ധി നേരിടുകയാണ്.
മത്സ്യത്തൊഴിലാളികൾക്ക് അർഹമായ നഷ്ടപരിഹാരവും മറ്റ് ആനുകൂല്യങ്ങളും ഓണത്തിന് മുമ്പ് അടിയന്തിരമായി നൽകണമെന്ന് അജിത് കുരീപ്പുഴ ആവശ്യപ്പെട്ടു.
മത്സ്യത്തൊഴിലാളി കോർഡിനേഷൻ സെന്റർ (ടിയുസിസി) കൊല്ലം ജില്ലാ പ്രസിഡന്റ് ബിജു നീണ്ടകര അധ്യക്ഷത വഹിച്ചു. സഫറിൻ വാടി, വിനോദ് രാമൻകുളങ്ങര, സി. സൂര്യകല, ശക്തികുളങ്ങര ബോസ് നാരായണൻ, കുറ്റിയിൽ ഷംസുദ്ദീൻ, ശെൽവൻ ആനേഴത്ത്, യശോധരൻ ആലാട്ടുകാവ്, അജിത മരുത്തടി, അബ്ദുൾ നസീർ തലശേരി തുടങ്ങിയവർ പ്രസംഗിച്ചു.