വിപഞ്ചികയുടെ മരണം: ഭർത്താവിനെതിരേ ലുക്കൗട്ട് നോട്ടീസ്
1589715
Sunday, September 7, 2025 6:08 AM IST
കൊല്ലം : ചന്ദനത്തോപ്പ് സ്വദേശിനി വിപഞ്ചികയേയും മകളെയും വിദേശത്ത് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതിയായ ഭർത്താവ് നിതീഷിനെതിരെ ക്രൈംബ്രാഞ്ച് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. വിദേശത്തുള്ള നിതീഷിനെ നാട്ടിലെത്തിച്ച് ചോദ്യം ചെയ്യും. കേസുമായി ബന്ധപ്പെട്ട് കൂടുതൽ പേരുടെ മൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തി.
വിപഞ്ചിക ഉപയോഗിച്ചിരുന്ന ലാപ്ടോപ്പ് കണ്ടെത്തുന്നതിനും ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്.ചന്ദനത്തോപ്പ് രജിത ഭവനിൽ മണിയെ ന്റ യും ഷൈലജയുടെയും മകൾ വിപഞ്ചിക മണിയനെയും (33), ഒന്നര വയസുള്ള മകൾ വൈഭവിയെയും ഷാർജ അൽ നഹ്ദയിലെ ഫ്ലാറ്റിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
ഭർത്താവ് നിതീഷ്, നിതീഷിെ ന്റ അച്ഛൻ മോഹനൻ, സഹോദരി നീതു എന്നിവർക്കെതിരെയാണ് നിലവിൽ കേസെടുത്തിരിക്കുന്നത്. ആത്മഹത്യാ പ്രേരണ, സ്ത്രീധന പീഡനം തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസ്. ക്രൈംബ്രാഞ്ച് വിപഞ്ചികയുടെ വീട്ടുകാരുടെ മൊഴിയെടുക്കുകയും വിപഞ്ചികയുടെ ഫോൺ ശേഖരിക്കുകയും ചെയ്തിട്ടുണ്ട്.
വിദേശത്ത് ജോലിയുണ്ടായിരുന്ന വിപഞ്ചികയെ 2020 നവംബറിലാണ് കോട്ടയം സ്വദേശി നിതീഷ് വിവാഹം കഴിച്ചത്. ഗർഭിണിയായിരുന്നപ്പോൾ പോലും വിപഞ്ചികക്ക് ക്രൂര പീഡനം ഏൽക്കേണ്ടി വന്നുവെന്നും കഴുത്തിൽ ബെൽറ്റിട്ട് മുറുക്കുകയും മർദിക്കുകയും വീട്ടിൽ നിന്ന് ഇറക്കി വിടുകയും ചെയ്തുവെന്നും കുടുംബം ആരോപിച്ചിരുന്നു.
നിതീഷിന് പല സ്ത്രീകളുമായും ബന്ധമുണ്ടായിരുന്നുവെന്ന് വിപഞ്ചിക പറഞ്ഞിരുന്നു. പല ദിവസങ്ങളിലും നിതീഷ് വീട്ടിലെത്താറില്ലായിരുന്നെന്നും ഈ സ്വഭാവത്തെ പിതാവും സഹോദരിയും പിന്തുണച്ചിരുന്നെന്നും വിപഞ്ചിക പറയുന്ന ഓഡിയോ സന്ദേശം കുടുംബം പുറത്തുവിട്ടിരുന്നു. ഇതിനുപിന്നാലെ നിതീഷ് സ്ത്രീകളുടെ അടിവസ്ത്രം ധരിച്ച ചിത്രങ്ങളും പുറത്തുവന്നിരുന്നു.
തന്റെ സഹോദരി നീതുവിനെക്കാൾ വിപഞ്ചികക്ക് സൗന്ദര്യമുണ്ടെന്ന് ആരോപിച്ച് നിതീഷും നീതുവും ചേർന്ന് വിപഞ്ചികയുടെ മുടി മുറിച്ചു. കുഞ്ഞ് ജനിച്ച ശേഷവും ഭർത്താവിൽനിന്നും കുടുംബത്തിൽ നിന്നും വലിയ പീഡനം നേരിട്ടു.
കുഞ്ഞിന് പനി കൂടിയിട്ടും ആശുപത്രിയിൽ എത്തിക്കാൻ സമ്മതിക്കാതെ നിതീഷും നീതുവും മുറിയിൽ പൂട്ടിയിട്ടു. മരിക്കുന്നതിന് മുൻപ് വിപഞ്ചിക സമൂഹ മാധ്യമത്തിൽ പോസ്റ്റ് ചെയ്തിരുന്നതെല്ലാം നിതീഷ് ഫ്ലാറ്റിൽ എത്തിയ ഉടൻ നീക്കം ചെയ്യപ്പെട്ടു എന്നെല്ലാം കുടുംബം ആരോപിച്ചിരുന്നു. നിതീഷിനെ എത്രയും വേഗം നാട്ടിൽ എത്തിച്ച് വിശദമായി ചോദ്യം ചെയ്യാനുള്ള നീക്കത്തിലാണ് ക്രൈംബ്രാഞ്ച്.