അമൃതയിൽ കോൺഫറൻസ് സമാപിച്ചു
1589228
Thursday, September 4, 2025 6:37 AM IST
അമൃതപുരി (കൊല്ലം): നാല് ദിവസമായി അമൃത വിശ്വവിദ്യാപീഠം അമൃതപുരി കാമ്പസിൽ നടന്നുവന്ന ഇന്റർനാഷണൽ കോൺഫറൻസ് ഓൺ സസ്റ്റെയിനബിൾ ആൻഡ് റെസിലിയന്റ് ഫ്യൂച്ചേഴ്സിന് പരിസമാപ്തിയായി. അമൃതപുരി കാമ്പസിൽ നടന്ന പരിപാടിയുടെ സമാപന ചടങ്ങിൽ അമൃത വിശ്വവിദ്യാപീഠം വൈസ് ചാൻസലർ ഡോ. പി .വെങ്കട്ട് രങ്കൻ മുഖ്യപ്രഭാഷണം നടത്തി.
നാഷണൽ ഡിസാസ്റ്റർ മാനേജ്മെന്റ്അഥോറിറ്റി (എൻ ഡി എം എ) ഫൗണ്ടർ മെമ്പർ പ്രഫ. എൻ. വിനോദ് ചന്ദ്ര മേനോൻ മുഖ്യാതിഥിയായി. ചടങ്ങിൽ പ്രൊവോസ്റ്റ് ഡോ. മനീഷ വി. രമേഷ്, അമൃതപുരി കാമ്പസ് ഡയറക്ടർ ദേവീദാസ ചൈതന്യ, പി ജി പ്രോഗ്രാംസ് ഡീൻ ഡോ. കൃഷ്ണശ്രീ അച്യുതൻ, എൻജിനീയറിങ് വിഭാഗം അസോസിയേറ്റ് ഡീൻ ഡോ. എസ്. എൻ. ജ്യോതി, അമൃത സ്കൂൾ ഫോർ സസ്റ്റെയിനബിൾ ഫ്യൂച്ചേഴ്സ് പ്രിൻസിപ്പാൾ ഡോ. എം രവിശങ്കർ എന്നിവർ പ്രസംഗിച്ചു.
അന്താരാഷ്ട്ര കോൺഫറൻസിൽ ഒൻപത് ട്രാക്കുകളിലായി കാലാവസ്ഥ, പരിസ്ഥിതി പുനഃസ്ഥാപനം, സുസ്ഥിരത തുടങ്ങി വിവിധ വിഷയങ്ങളാണ് കൈകാര്യം ചെയ്തത്. കോൺഫറൻസിന്റെ ഭാഗമായി പ്രഗൽഭരായ എൺപതോളം പേരുടെ പ്രഭാഷണങ്ങൾ, ഹാക്കത്തോണുകൾ, സിമ്പോസിയങ്ങൾ, രാജ്യത്തെ വിവിധ എൻ ജി ഒകളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള എൻ ജി ഒ കോൺക്ലേവ്, ശില്പശാലകൾ, പ്രബന്ധാവതരണങ്ങൾ, ചർച്ചകൾ എന്നിവയും നടന്നു. പൂർണമായും കാർബൺ ന്യൂട്രൽ രീതിയിലാണ് കോൺഫറൻസ് സംഘടിപ്പിച്ചത്. ഏഷ്യയിൽ തന്നെ ആദ്യമായാണ് ഇത്തരത്തിൽ കാർബൺ ന്യൂട്രൽ രീതിയിൽ കോൺഫറൻസ് സംഘടിപ്പിക്കുന്നത്.
സമൂഹത്തിന്റെ വിവിധ തലങ്ങളിൽ സുസ്ഥിരതയും പ്രതിരോധശേഷിയും പ്രോത്സാഹിപ്പിക്കുന്നതിനും അതിനായി ജിയോ-എനേബിൾഡ് സൂചികകൾ കണ്ടെത്തുന്നതിനും പൊതുജനത്തെ പ്രയോജനപ്പെടുത്തുന്നതിനായി തയാറാക്കിയ സസ്റ്റെയിനബിലിറ്റി ആൻഡ് റെസിലിൻസ് ബൈ കമ്യൂണിറ്റി എൻഗേജ്മെന്റ് ആന്റ് എംപവർമെന്റ് പ്ലാറ്റ്ഫോം ഉൾപ്പെടെ മൂന്ന് ഡിജിറ്റൽ പ്ലാറ്റ്ഫോമുകളും കോൺഫറൻസിന്റെ ഭാഗമായി പുറത്തിറക്കി. കോൺഫറൻസിന്റെ ഭാഗമായി വിവിധ രാജ്യങ്ങളിൽ നിന്നുള്ളവർ അവതരിപ്പിച്ച സാംസ്കാരിക സന്ധ്യയും കലാപ്രകടനങ്ങളും വേറിട്ട കാഴ്ചയായി.
ഇരുപതിലധികം രാജ്യങ്ങളിൽ നിന്നുള്ള ആയിരത്തോളം പേരാണ് കോൺഫറൻസിന്റെ ഭാഗമായി അമൃതപുരിയിലെത്തിയിരുന്നത്.