ആശ്രയയുടെ മക്കളെ ഓണം ഊട്ടാൻ ഇത്തവണയും അവരെത്തി
1589219
Thursday, September 4, 2025 6:26 AM IST
കൊട്ടാരക്കര: ആശ്രയയിലെ അന്തേവാസികൾക്ക് ഓണം ഉണ്ണാൻ ഉപ്പുതൊട്ട് ഇല വരെ ആശ്രയയിൽ എത്തി. കലയപുരം ആശ്രയ സങ്കേതത്തിൽ ആയിരത്തിഅഞ്ഞൂറോളം അന്തേവാസികളാണുള്ളത്.
ഇവർക്ക് തിരുവോണ സദ്യനൽകുന്ന ചുമതല പതിവ് തെറ്റിക്കാതെ ഈ വർഷവും നെടുവത്തൂർ ഗ്രാമവാസികളും പരിസരപ്രദേശങ്ങളിൽ ഉള്ളവരും ഏറ്റെടുത്തു. 25 വർഷമായി തുടർന്നുവരുന്ന പതിവ് ഇത്തവണയും അവർ തെറ്റിച്ചില്ല. ഉപ്പ് തൊട്ട് വാഴയില വരെ എല്ലാ സാധനങ്ങളും കഴിഞ്ഞദിവസം സങ്കേതത്തിൽ എത്തിച്ചു.
പതിവ് തെറ്റാതെ തിരുവോണ സദ്യ നൽകുന്നത് 25ാം വർഷത്തിലേക്ക് കടക്കുകയാണ്. കോവിഡ് കാലത്തിന് മുൻപ് വരെ നെടുവത്തൂരിൽ നിന്ന് സദ്യ തയാറാക്കി അന്തേവാസികൾക്ക് എത്തിച്ചു കൊടുക്കുകയായിരുന്നു. സദ്യക്കുള്ള സാധനങ്ങൾ ആശ്രയ ജനറൽ സെക്രട്ടറി കലയപുരം ജോസ് ഏറ്റുവാങ്ങി.
തിരുവോണ ദിവസത്തെ രണ്ടു നേരത്തെ ഭക്ഷണത്തിന്റെ സാധനങ്ങളാണ് എത്തിച്ചത്. കൂട്ടായ്മയ്ക്ക് നേതൃത്വം നൽകുന്ന കൺവീനർ നെടുവത്തൂർ ചന്ദ്രശേഖരൻ, ഗ്രാമപഞ്ചായത്ത് അംഗം ആർ രാജശേഖരൻ പിള്ള,
പ്രസിഡന്റ്എസ് .മോഹനൻ, ഭാരവാഹികളായ പ്രകാശ് വിലങ്ങറ, ഷിബു നാടല്ലൂർ, ജി .സന്തോഷ്, നൗഷാദ്, ടി. കുമാരി, കൊട്ടാരക്കര മുൻസിപ്പൽ ചെയർമാൻ അഡ്വ. ഉണ്ണികൃഷ്ണ മേനോൻ, മുൻ ചെയർമാൻ എസ്. ആർ .രമേശ്, കൗൺസിലർ ഫൈസൽ ബഷീർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.