മദ്യലഹരിയിൽ സുഹൃത്തിനെ കുത്തിപ്പരിക്കേല്‍പ്പിച്ചയാൾ അറസ്റ്റിൽ
1589716
Sunday, September 7, 2025 6:08 AM IST
പേരൂര്‍ക്കട: മദ്യലഹരിയിലുണ്ടായ വാക്കുതര്‍ക്കത്തിനിടെ സുഹൃത്തിനെ കുത്തിപ്പരിക്കേല്‍പ്പിച്ചയാളെ കരമന പോലീസ് അറസ്റ്റുചെയ്തു. കാലടി സ്വദേശിയും പാപ്പനംകോട് ഭാഗത്ത് വാടകയ്ക്കു താമസിച്ചുവരുന്നയാളുമായ രതീഷ് (32) ആണ് അറസ്റ്റിലായത്.
കഴിഞ്ഞദിവസമാണ് കേസിന് ആസ്പദമായ സംഭവം. കാലടി കോട്ട വാഴവിളാകത്ത് വാടകയ്ക്കു താമസിക്കുന്ന വിഷ്ണു (32) വിനാണ് കുത്തേറ്റത്. കരമന സ്റ്റേഷന് പരിധിയില്‍ മരുതൂര്‍ക്കടവ് ഭാഗത്തിരുന്നാണ് ഇരുവരും മദ്യപിച്ചത്. മദ്യലഹരിയിലായതോടെ രതീഷും വിഷ്ണുവും തമ്മിൽ വാക്കുതര്‍ക്കമുണ്ടാകുകയായിരുന്നു.
പ്രകോപനത്തിനൊടുവില്‍ അരയില്‍ സൂക്ഷിച്ചിരുന്ന കത്തിയെടുത്ത് രതീഷ് വിഷ്ണുവിന്റെ നെഞ്ചില്‍ കുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സാരമായി മുറിവേറ്റ വിഷ്ണു തിരുവനന്തപുരം മെഡിക്കല്‍കോളജ് ആശുപത്രിയില്‍ ചികിത്സ തേടി.
നിരവധി ക്രിമിനല്‍ക്കേസുകളിലെ പ്രതിയായ രതീഷിനെതിരേ ഭാര്യയെ കുത്തിപ്പരിക്കേല്‍പ്പിച്ച സംഭവത്തിലും കേസുണ്ട്. സിഐ അനൂപ്, എസ്ഐ ശ്രീജിത്ത്, സിപിഒമാരായ കിരണ്‍, അജി എന്നിവരാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.