എങ്ങും എവിടെയും തെരുവുനായ്ക്കൾ; കുളത്തൂപ്പുഴക്കാർ പൊറുതിമുട്ടി
1588954
Wednesday, September 3, 2025 6:39 AM IST
കുളത്തൂപ്പുഴ: കുളത്തൂപ്പുഴ പഞ്ചായത്തിൽ വർധിച്ചു വരുന്ന തെരുവുനായ ശല്യത്തിന് പരിഹാരമായി വർഷങ്ങൾക്ക് മുൻപ് ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ പഞ്ചായത്ത് പ്രഖ്യാപിച്ച തെരുവുനായ നിയന്ത്രണവും പുനരധിവാസവും പദ്ധതി വർഷങ്ങൾ കഴിഞ്ഞിട്ടും നടപ്പിലായില്ല.
കുളത്തൂപ്പുഴ പഞ്ചായത്ത് 2018-19 സാമ്പത്തിക വർഷത്തെ ബജറ്റിൽ ഉൾപ്പെടുത്തി പ്രഖ്യാപിച്ച തെരുവുനായ വന്ധ്യംകരണവും പുനരധിവാസ കേന്ദ്രവും പദ്ധതിയുടെ ആദ്യഘട്ടമെന്ന നിലയിൽ പുനരധിവാസ കേന്ദ്രത്തിനായി കല്ലുവെട്ടാംകുഴിയിലെ പൊതുശ്മശാനത്തിനോട് ചേർന്ന് കെട്ടിടം നിർമിച്ചുവെങ്കിലും തുടർനടപടികൾ ഒന്നും ഉണ്ടായില്ല.
പഞ്ചായത്ത് പ്രദേശത്ത് അലഞ്ഞുതിരിയുന്ന തെരുവുനായകളെ പിടികൂടി വന്ധ്യംകരണം നടത്തി ഒരാഴ്ചയോളം പുനരധിവാസ കേന്ദ്രത്തിൽ പാർപ്പിച്ച് സംരക്ഷിച്ച ശേഷം തനത് ആവാസവ്യവസ്ഥയിലേക്ക് മടക്കി അയക്കുക എന്നതായിരുന്നു പദ്ധതി. വംശവർധനവ് നിയന്ത്രിക്കാനായിരുന്നു പദ്ധതി ലക്ഷ്യം വെച്ചിരുന്നത്. കെട്ടിടനിർമാണം പൂർത്തിയാക്കി കരാറുകാരൻ തുകയും വാങ്ങി പോയതല്ലാതെ പദ്ധതി പൂർത്തീകരിക്കുന്നതിനുള്ള ഒരു തുടർനടപടിയും പഞ്ചായ ത്തി െ ന്റ ഭാഗത്ത് നിന്ന് ഉണ്ടായില്ല.
ഗ്രാമവീഥികളിൽ ഭീതിവിതച്ച് സംഘങ്ങളായി എത്തുന്ന തെരുവുനായ്ക്കൂട്ടങ്ങളെ ഭയന്ന് വഴിനടക്കാനാവാതെ പൊതുജനം പൊറുതിമുട്ടിയിരിക്കുകയാണ് ഇപ്പോൾ. ഗ്രാമ പ്രദേശങ്ങളിലും കുളത്തൂപ്പുഴ ടൗണിൽ കെഎസ് ആർടിസി ബസ് സ്റ്റേഷനു സമീപവും പഞ്ചായത്ത് ഓഫീസ് പരിസരപ്രദേശങ്ങളിലും പകലെന്നോ രാത്രിയെന്നോ വ്യത്യാസമില്ലാതെ തെരുവുനായകളുടെ വിളയാട്ടമാണ്.
സംഘം ചേർന്ന് കടിപിടികൂടി നിരത്തുകളിലേക്ക് ഓടിയിറങ്ങുന്ന നായകൾ വിദ്യാർഥികൾക്കും വഴിയാത്രക്കാർക്കും ഇരുചക്ര വാഹനങ്ങൾക്കും ഭീഷണി ഉയർത്തുകയാണ്.
സന്ധ്യമയങ്ങിയാൽ കാൽനട യാത്രികർക്ക് നടന്നുപോലും കുളത്തൂപ്പുഴ ടൗണിലൂടെ പോകുവാൻ കഴിയാത്ത അവസ്ഥയാണ്. ഒരുവർഷത്തിനിടെ കുളത്തൂപ്പുഴ മേഖലയിൽ മാത്രം നിരവധി പേർക്കാണ് തെരുവുനായകളുടെ ആക്രമണത്തിൽ പരിക്കേറ്റത്.
ഓരോ വർഷവും ബജറ്റ് പ്രഖ്യാപന വേളയിൽ തെരുവുനായ നിയന്ത്രണം സംബന്ധിച്ച് പ്രഖ്യാപനങ്ങളുണ്ടാകുമെങ്കിലും ഇക്കാലമത്രയും ഒരു നടപടിയും അധികൃതർ സ്വീകരിച്ചിട്ടില്ലെന്നതാണ് വസ്തുത.
പൊതുജനത്തി െ ന്റ നികുതി പണമുപയോഗിച്ച് കെട്ടിടം നിർമിച്ച് പാമ്പു വളർത്താനായി ഉപേക്ഷിച്ചിരിക്കുകയാണ് അധികൃതർ. തെരുവുനായ നിയന്ത്രണത്തിനായി നിർമിച്ച കെട്ടിട നിർമാണം പൂർത്തിയാക്കി തെരുവുനായ്ക്കളിൽ നിന്ന് പൊതുജനങ്ങളുടെ സ്വൈര ജീവിതത്തിനു സംരക്ഷണം നൽകണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.