അമ്മയും മകനും ട്രെയിൻ തട്ടി മരിച്ചനിലയിൽ
1589589
Sunday, September 7, 2025 2:11 AM IST
കൊല്ലം: അമ്മയും മകനും ട്രെയിൻ തട്ടി മരിച്ച നിലയിൽ കാണപ്പെട്ടു. ശാസ്താംകോട്ട വേങ്ങ കാരാളിമുക്ക് പ്രണവത്തിൽ വസന്ത (65), മകൻ ശ്യാം (45) എന്നിവരാണ് മരിച്ചത്.
ഓച്ചിറ റെയിൽവേ സ്റ്റേഷന്റെ വടക്കുവശത്തെ പ്ലാറ്റ്ഫോമിനു സമീപമാണ് ഇന്നലെ ഉച്ചയ്ക്ക് 12 ഓടെ മൃതദേഹങ്ങൾ കാണപ്പെട്ടത്. തിരിച്ചറിയാൻ പറ്റാത്ത വിധം ചിന്നിച്ചിതറിയ നിലയിലായിരുന്നു മൃതദേഹങ്ങൾ.
കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തേക്കു വന്ന ജനശതാബ്ദി എക്സ്പ്രസ് തട്ടിയാണ് മരണം സംഭവിച്ചത്. കരുനാഗപ്പള്ളി പോലീസ് സ്ഥലത്ത് എത്തി മൃതദേഹങ്ങൾ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പ്രമീളയാണ് ശ്യാമിന്റെ ഭാര്യ. ശ്രീലക്ഷമി, വിഷ്ണു എന്നിവർ മക്കളാണ്. കോയമ്പത്തൂരിൽ ജോലിയുള്ള ശ്യാം കഴിഞ്ഞ ദിവസമാണ് നാട്ടിലെത്തിയത്. അതിനു ശേഷം ഇയാൾ ഭാര്യയെയും മകനെയും മർദിച്ചിരുന്നു. ഇവർ കൺട്രോൾ റൂമിൽ വിളിച്ച് പരാതിപ്പെട്ടതനുസരിച്ച് ശാസ്താംകോട്ട പോലീസ് വീട്ടിൽ എത്തിയിരുന്നു.
തുടർന്ന് ഇരുകൂട്ടരോടും ഇന്നലെ രാവിലെ പത്തിന് ശാസ്താംകോട്ട സ്റ്റേഷനിൽ ഹാജരാകാൻ പോലീസ് ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് പ്രമീള സ്റ്റേഷനിൽ എത്തുകയും ചെയ്തു. എന്നാൽ ശ്യാമും മാതാവ് ശാന്തയും ഹാജരായില്ല. ഇവർ പുലർച്ചെ നാലിന് വീട്ടിൽ നിന്ന് ഇറങ്ങി പോയിരുന്നു. തുടർന്ന് ശ്യാമിന്റെ ഫോൺ സ്വിച്ച്ഡ് ഓഫ് ആയി. വസന്തയെ പ്രമീള വിളിച്ചപ്പോൾ ഞങ്ങൾ ഒരു സ്ഥലം വരെ പോകുന്നുവെന്നും തിരക്കേണ്ട എന്ന മറുപടിയുമാണ് കിട്ടിയത്.
പിന്നീട് ഇരുവരെയും കുറിച്ച് വിവരം ഒന്നും ഇല്ലായിരുന്നു. ട്രെയിൻ തട്ടി രണ്ടു പേർ മരിച്ചെന്ന ഓച്ചിറ പോലീസിന്റെ സന്ദേശം വന്നപ്പോൾ ശാസ്താംകോട്ട പോലീസിന് സംശയം തോന്നി സ്ഥലത്ത് എത്തിയപ്പോഴാണ് ഇരുവരെയും തിരിച്ചറിഞ്ഞത്.
മൃതദേഹങ്ങൾക്ക് സമീപത്ത് നിന്ന് ഇരുവരുടെയും ഫോണുകൾ ചിന്നിച്ചിതറിയ നിലയിലും ഒരു സിംകാർഡും പോലീസിന് കിട്ടിയിട്ടുണ്ട്. വസന്തയും പ്രമീളയും മക്കളും ഒരുമിച്ചാണ് താമസിച്ച് വന്നിരുന്നത്. കോയമ്പത്തൂരിൽ വർക്ക് ഷാപ്പ് നടത്തുകയാണ് ശ്യാം. ഇയാൾ നേരത്തേ നാട്ടിലും വർക്ക്ഷോപ്പ് നടത്തിയിരുന്നു.