കടൽ മണൽ ഖനനം കൊല്ലം തീരത്തെ സമരഭൂമിയാക്കും
1589215
Thursday, September 4, 2025 6:26 AM IST
കൊല്ലം: കടൽ മണൽ ഖനനത്തിന്റെ ആദ്യ ഘട്ടം കേരളത്തില്‍ ഏറ്റവും കൂടുതല്‍ മത്സ്യസമ്പത്ത് ഉല്‍പ്പാദിപ്പിക്കപ്പെടുന്ന കൊല്ലം തീരത്ത് നിന്ന് ആരംഭിക്കാനുള്ള സർക്കാർ നീക്കം കൊല്ലം തീരത്തെ സമരക്കളമാക്കും. ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്ന കടൽ മണൽ ഖനനത്തിനെതിരെ മൽസ്യ തൊഴിലാളികളെ മുന്നിൽ നിർത്തി കക്ഷി രാഷ്ട്രീയ ഭേദമന്യേ സെക്രട്ടേറിയറ്റ് മാർച്ച് അടക്കമുള്ള സമര പരിപാടികൾക്ക് ഒരുങ്ങുകയാണ് മത്സ്യത്തൊഴിലാളി സംഘടനകൾ.
ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ പഠനപ്രകാരം കേരളത്തിന്റെ പുറംകടലില്‍ ഖനനം ചെയ്തെടുക്കാവുന്ന 74.5 കോടി ടണ്‍ മണല്‍ശേഖരം ഉണ്ട്. അതില്‍ ആദ്യഘട്ടമെന്ന നിലയില്‍ കൊല്ലം കടലില്‍നിന്നും മുന്നൂറ് ദശലക്ഷം ടണ്‍ മണല്‍ ഖനനം ചെയ്തെടുക്കാന്‍ ഉദ്ദേശിച്ചുള്ളതാണ് പുതിയ പുറംകടല്‍ മണല്‍ ഖനന പദ്ധതി. ഖനനത്തിലൂടെ ഉണ്ടാകാവുന്ന സാമൂഹികവും പാരിസ്ഥിതികവുമായ പ്രത്യാഘാതങ്ങളെപ്പറ്റി പഠിക്കാതെയും സംസ്ഥാന സര്‍ക്കാരിന്റെ അഭിപ്രായം തേടാതെയുമാണ് കേന്ദ്രം കുത്തകകള്‍ക്ക് ഖനനത്തിന് അനുമതി നല്‍കിയിരിക്കുന്നതെന്നാണ് ആക്ഷേപം.
പതിനായിരക്കണക്കിന് മത്സ്യത്തൊഴിലാളികളും അനുബന്ധമായി അത്രത്തോളം തന്നെ തൊഴിലാളികളും പണിയെടുക്കുന്ന സംസ്ഥാനത്തെ ഏറ്റവും വലിയ മത്സ്യബന്ധന തുറമുഖമാണ് നീണ്ടകര. പ്രതിവർഷം 5.5 ലക്ഷം ടണ്‍ മത്സ്യോല്‍പ്പാദനം കൊല്ലം തീരത്ത് നടക്കുന്നതായിട്ടാണ് കണക്ക്. ഇതിലേറിയപങ്കും വിദേശരാജ്യങ്ങളിലേക്കാണ് കയറ്റുമതി ചെയ്തുവരുന്നത്. ജില്ലയുടെ ഏറ്റവും വലിയ സാമ്പത്തിക സ്രോതസ് കൂടിയാണ് മത്സ്യബന്ധനം.
കൊല്ലം കടല്‍ തീരത്തെയാണ് കടൽ മണല്‍ ഖനനത്തിന് സ്വകാര്യ മേഖലയ്ക്ക് അനുമതി നല്കുന്ന കേന്ദ്രസര്‍ക്കാരിന്റെ ഓഫ് ഷോര്‍ ഏരിയാസ് ആറ്റമിക് ആക്ടിന്റെ പരീക്ഷണശാലയാക്കി മാറ്റുവാൻ ശ്രമിക്കുന്നത്.
ഏറെ ഗൗരവകരവും അത്യന്തം അപകടകരവുമാണിത്. മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ നാളെയുടെ പ്രതീക്ഷകൾക്ക് മുന്നിൽ കരിങ്കൊടി ഉയർത്തുന്നതാണിത്. കടലിന്റെ ആവാസവ്യവസ്ഥയും ജൈവവൈവിധ്യവും മത്സ്യസമ്പത്തും കടൽ മണൽ ഖനത്തിലൂടെ നാശത്തിലേക്ക് വലിച്ചെറിയപ്പെടുമെന്ന ആശങ്കയിലാണ് തീരദേശ ദേശ നിവാസികള്‍. നഷ്ടപരിഹാരമെന്ന നിലയില്‍ നക്കാപ്പിച്ച നൽകി അവരുടെ എതിര്‍പ്പുകളെ മറികടക്കാനുള്ള നീക്കമാണ് നടക്കുന്നത്.
ഖനന പ്രവർത്തിക്കായി യോഗ്യതയുള്ള ടെന്‍ഡറുകള്‍ ഓഗസ്റ്റ് 21നും സെപ്റ്റംബര്‍ രണ്ടിനുമിടയില്‍ തെരഞ്ഞെടുക്കുമെന്നാണ് അറിയിച്ചിരുന്നത്. എട്ടിന് തെരഞ്ഞെടുക്കപ്പെടുന്ന കമ്പനിയെ പ്രഖ്യാപിക്കാനിരിക്കുകയാണ്. കേരളത്തില്‍ കൊല്ലത്താണ് ആദ്യഘട്ട ഖനനത്തിന് പദ്ധതിയിട്ടിട്ടുള്ളത്. തുടർന്ന് പൊന്നാനി, ചാവക്കാട്, ആലപ്പുഴ, കണ്ണൂര്‍ കോഴിക്കോട് എന്നിവിടങ്ങളിലേക്കും ഖനനം വ്യാപിപ്പിക്കും.
മത്സ്യത്തൊഴിലാളി സംഘടനകളുടെ എതിര്‍പ്പ് വകവെക്കാതെ മത്സ്യസമ്പത്തിനും ആഴക്കടല്‍ ജൈവവൈവിധ്യത്തിനും ആഘാതമേല്‍പ്പിക്കുന്ന കടല്‍മണല്‍ ഖനന നീക്കമെന്നതാണ് എടുത്ത് പറയേണ്ടത്. കൊല്ലത്തെ പുറം കടലില്‍ ആഴക്കൂടുതല്‍ ഉള്ളതിനാൽ ഖനനത്തിനായി പതിന്മടങ്ങ് ശക്തിയുള്ള ഡ്രഡ്ജറുകളാകും ഉപയോഗിക്കേണ്ടി വരിക.
അവ ആഴത്തില്‍ കടല്‍ത്തറ തുരന്ന് മണല്‍ പുറത്തെടുത്ത് അരിച്ച് ആവശ്യമായവ വേര്‍തിരിച്ചെടുക്കുമ്പോള്‍ ഉണ്ടാകുന്ന പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ ഊഹിക്കാൻ ആവുന്നതല്ല. കടലിലെ ജൈവ സമ്പന്നതയുടെ അടിസ്ഥാനത്തില്‍ വ്യത്യസ്ത സ്പെഷല്‍ സോണുകളായി തിരിച്ചതില്‍ ഒരു പ്രധാന സോണ്‍ കേരളത്തിലെ കൊല്ലം പരപ്പാണ്.
ഇത് കൊല്ലം ആലപ്പുഴ ജില്ലകളിലായി 12 നോട്ടിക്കല്‍ മൈല്‍ വരെ സംസ്ഥാന സമുദ്രാതിര്‍ത്തിയിലും 200 നോട്ടിക്കല്‍ മൈല്‍ വരെ ദേശീയ സമുദ്രാതിര്ത്തിയിലുമായി പരന്നു കിടക്കുന്ന 3,300 ചതുരശ്രകിലോമീറ്റര്‍ കടല്‍ത്തറയാണ്. ഈ കണ്ടെത്തലാണ് കൊല്ലം നീണ്ടകര കേന്ദ്രീകരിച്ചു ഇന്‍ഡോ നോര്‍വീജിയന്‍ പ്രോജക്ടിനു തുടക്കം കുറിക്കാന്‍ വഴിയൊരുക്കുന്നത്.
കടലിലെ ആവാസവ്യവസ്ഥയ്ക്ക് ഉണ്ടാകുന്ന പാരിസ്ഥിതിക തകര്‍ച്ച മറ്റിടങ്ങളിലും ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും. ഒപ്പം കടലിനെ ആശ്രയിച്ചു കഴിയുന്ന സമൂഹത്തെ നേരിട്ടു ബാധിക്കും. കൊല്ലം പരപ്പിലെ വെട്ടുകല്‍ പാരുകള്‍ മൂടിപ്പോകാനും, കടൽത്തട്ടിലെ മടകളും തൊടുവുകളും എന്നന്നേക്കുമായി ഇല്ലാതാകാനും അത് വഴിയൊരുക്കുമെന്ന് മാത്രമല്ല, കടലിന്റെ ആവാസ വ്യവസ്ഥയിൽ മാറ്റം ഉണ്ടാക്കാനും ഗുരുതര പരിസ്ഥിതി പ്രശ്നങ്ങൾക്കും അത് കാരണമാകും.
തീരദേശവാസികളെയും കടലില്‍ ഉപജീവനം നടത്തുന്നവരെയും മാത്രമല്ല കടലിന്റെ ആവാസ വ്യവസ്ഥയിലുണ്ടാകുന്ന മാറ്റം കേരളത്തിന്റെയാകെ പരിസ്ഥിതിയെ ബാധിക്കുമെന്നുറപ്പാണ്. അതിനാൽ കടല്‍ മണല്‍ ഖനനം കൊല്ലത്തെ തീരദേശത്തിന്റെ ജീവിത പ്രശ്നം കൂടിയാണ്. ഈ സാഹചര്യത്തിലാണ് ഖനന നീക്കത്തെ ചെറുക്കാൻ കൊല്ലത്തെ എല്ലാ രാഷ്ട്രീയ പാർട്ടികളും രംഗത്തിറങ്ങുന്നത്.