നിയന്ത്രണംവിട്ട ജീപ്പ് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് മറിഞ്ഞു വീട്ടമ്മ മരിച്ചു
1589714
Sunday, September 7, 2025 6:08 AM IST
കുളത്തൂപ്പുഴ : അഞ്ചൽ കുളത്തൂപ്പുഴ പാതയിൽ മാർത്താണ്ഡൻകര വളവിൽ നിയന്ത്രണംവിട്ട ജീപ്പ് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് മറിഞ്ഞു വീട്ടമ്മ മരിച്ചു. നെടുമ്പാറ ഈസ്പീഡ് എസ്റ്റേറ്റിൽ പെരുമാളിന്റെ ഭാര്യ ഓമന (65 ) ആണ് മരണപ്പെട്ടത്. ഡ്രൈവർ അടക്കം എട്ടു പേർക്ക് അപകടത്തിൽ പരിക്കുണ്ട്.
തിരുവനന്തപുരം എയർപോർട്ടിൽ നിന്ന് ഗൾഫിൽ നിന്ന് എത്തിയ ബന്ധുവിനെ കൂട്ടി വരുമ്പോഴായിരുന്നു അപകടം ആര്യങ്കാവ് നെടുമ്പാറയിലെ എസ്റ്റേറ്റിലേക്ക് കുളത്തൂപ്പുഴ വഴി തിരുവോണനാൾ ഉച്ചയ്ക്ക് പോകുമ്പോഴായിരുന്നു അപകടം. ജീപ്പിൽ സ്ത്രീകളായിരുന്നു യാത്രക്കാരായി ഉണ്ടായിരുന്നത്.
ശബ്ദം കേട്ട് ഓടിയെത്തിയ സമീപവാസികൾ ആ വഴി കടന്നുപോയ വാഹനങ്ങൾക്ക് കൈ കാണിച്ചെങ്കിലും ആരും അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിലെത്തിക്കാൻ സഹായിച്ചില്ല. തുടർന്ന് വാർഡ് മെമ്പർ അറിയിച്ചതനുസരിച്ച് കുളത്തൂപ്പുഴ പോലീസ് എത്തിയാണ് രണ്ട് പോലീസ് ജീപ്പുകളിൽ പരിക്കേറ്റവരെ അഞ്ചൽ മിഷൻ ആശുപത്രിയിൽ എത്തിക്കുന്നത്.
യാത്രമധ്യേയാണ് പെരുമാളിന്റെ ഭാര്യ ഓമന മരണപ്പെടുന്നത്. പോസ്റ്റുമായിട്ട് നടപടികൾക്ക് ശേഷം ആര്യങ്കാവ് നെടുമ്പാറ എസ്റ്റേറ്റ് വീട്ടുവളപ്പിൽ സംസ്കാരം നടന്നു. ഭർത്താവ് : പെരുമാൾ, മക്കൾ: മഞ്ജു, മായ. മരുമകൻ: രതീഷ്.