അമീബിക് മസ്തിഷ്ക ജ്വരം : ജാഗ്രതയും പ്രതിരോധവും പ്രധാനം: ജില്ലാ കളക്ടർ
1588952
Wednesday, September 3, 2025 6:39 AM IST
കൊല്ലം: ജില്ലയില്‍ അമീബിക് മസ്തിഷ്ക ജ്വരത്തി െന്റ ഭീഷണിനേരിടാന്‍ അതീവജാഗ്രത അനിവാര്യമെന്ന് ജില്ലാ കളക്ടർ എന്‍. ദേവിദാസ്. ആരോഗ്യ വകുപ്പി െ ന്റ മേല്‍നോട്ടത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഈ സാഹചര്യത്തിൽ ഊര്‍ജിതമാക്കി. വിവിധ ആരോഗ്യ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് ജലം ശുദ്ധീകരിക്കുന്നതിനുള്ള കാമ്പയിന് തുടങ്ങി.
രോഗലക്ഷണങ്ങളായ കഠിനമായതലവേദന, കടുത്തപനി, തൊണ്ടവേദന, ഓക്കാനം, ഛര്‍ദി, മയക്കം എന്നിവ ശ്രദ്ധയില്‍പെട്ടാല്‍ ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ട് വിദഗ്ധ ചികിത്സ തേടണം.ജലം ക്ലോറിനേറ്റ് ചെയ്ത് അണുവിമുക്തമാക്കുന്നതിലൂടെ അമീബിക് മസ്തിഷ്ക ജ്വരം ഉള്‍പ്പെടെയുള്ള രോഗങ്ങളുടെ വ്യാപനം തടയാന്‍ കഴിയും. രോഗം ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് നേരിട്ട് പകരില്ലെങ്കിലും ജലസ്രോതസുകളിലൂടെയും മലിനജലത്തിലൂടെയും പകരാന്‍ സാധ്യതയുണ്ട്.
മണ്ണും ചെളിയുമായുള്ള സമ്പര്‍ക്കത്തിലൂടെയും രോഗം പകരാമെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. ആരോഗ്യസ്ഥാപനങ്ങള്‍, തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍, ആശാപ്രവര്‍ത്തകര്‍, കുടുംബശ്രീപ്രവര്‍ത്തകര്‍, സന്നദ്ധപ്രവര്‍ത്തകര്‍ എന്നിവരുടെ സഹകരണത്തോടെയാണ് കാമ്പയിന് തുടരുന്നത്.
ജില്ലയിലെ മുഴുവന്‍ വീടുകളിലെയും സ്ഥാപനങ്ങളിലെയും കിണറുകള്‍ ക്ലോറിനേറ്റ് ചെയ്യുകയും ടാങ്കുകള്‍ വൃത്തിയാക്കുകയും ചെയ്യുന്നതിന് നടപടിയായി. വിപുലമായ ജലപരിശോധനയും തുടര്‍നടപടികളും ബോധവത്കരണ പ്രവര്‍ത്തനങ്ങളും നടത്തും.
സ്കൂളുകളിലും ബോധവത്കരണം ഊര്‍ജിതമാക്കും. പൊതുജലസ്രോതസുകള്‍ ശുചിയാക്കുന്നതിനോടൊപ്പം അവയിലേക്ക് മാലിന്യം ഒഴുകിവരുന്നത് തടയാനുള്ള സംവിധാനവും ഏര്‍പെടുത്തുമെന്ന് ജില്ലാ കളക്ടർ വ്യക്തമാക്കി.