ആരോഗ്യമേഖലയില്‍ ഏറ്റവുമധികം വികസനം നടപ്പാക്കിയ കാലഘട്ടമാണിത്: മന്ത്രി വീണാ ജോർജ്
1588955
Wednesday, September 3, 2025 6:39 AM IST
കൊല്ലം: അഞ്ചൽ, കുമ്മിള്‍, പാരിപ്പള്ളി , എസ്.എന്‍ പുരം, പോരുവഴി തുടങ്ങിയ ആരോഗ്യകേന്ദ്രങ്ങളിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനവും അഞ്ചല്‍ സാമൂഹികാരോഗ്യകേന്ദ്രത്തില്‍ നിര്‍മിച്ച ബഹുനില ആശുപത്രിമന്ദിരം, ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രം, പബ്ലിക് ഹെല്‍ത്ത് യൂണിറ്റ് ലാബ് എന്നിവയുടെ ഉദ്ഘാടനവും മന്ത്രി വീണാ ജോർജ് നിർവഹിച്ചു.
സംസ്ഥാനത്ത് ആരോഗ്യമേഖലയില്‍ ഏറ്റവുമധികം വികസനം നടപ്പാക്കിയ കാല
ഘട്ടമാണിതെന്ന് അവർ പറഞ്ഞു. പി.എസ് സുപാല്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. കുമ്മിള്‍ കുടുംബാരോഗ്യ കേന്ദ്രത്തിലെ പുതിയ കെട്ടിടം മന്ത്രി ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്ത് പ്രതിവര്‍ഷം 1600 കോടിരൂപ ആരോഗ്യവകുപ്പ് സൗജന്യ ചികിത്സയ്ക്കായി ചെലവഴിക്കുന്നുവെന്നു മന്ത്രി ഉദ്ഘാടനപ്രസംഗത്തിൽ ചൂണ്ടികാട്ടി.
മന്ത്രി ജെ.ചിഞ്ചുറാണി അധ്യക്ഷത വഹിച്ചു. പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടനം ആരോഗ്യമന്ത്രി നിർവഹിച്ചു. സംസ്ഥാനത്തെ മെഡിക്കല്‍ വിദ്യാഭ്യാസമേഖലയില്‍ മികവിന്റെ അടയാളപ്പെടുത്തലാണ് ഇപ്പോഴുള്ളതെന്ന് അവർ ചൂണ്ടികാട്ടി. ജി.എസ്. ജയലാല്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു.
പവിത്രേശ്വരം ഗ്രാമപഞ്ചായത്തിലെ എസ് എന്‍ പുരം കുടുംബാരോഗ്യകേന്ദ്രത്തില്‍ പുതുതായി നിര്‍മിച്ച രണ്ടാംനിലയുടെ ഉദ്ഘാടനം മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിച്ചു. മുന്‍ എംപി കെ.സോമപ്രസാദിന്റെ പ്രാദേശിക വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തിയാണ് പദ്ധതി പൂര്‍ത്തിയാക്കിയത്. പവിത്രേശ്വരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.രാധാകൃഷ്ണന് അധ്യക്ഷതവഹിച്ചു.
പോരുവഴി കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ആരോഗ്യമന്ത്രി നിർവഹിച്ചു. ശാസ്താംകോട്ട താലൂക്ക് ആശുപത്രിനിര്‍മാണം വേഗത്തില്‍ പൂര്‍ത്തീകരിക്കുമെന്നു മന്ത്രി അറിയിച്ചു. കോവൂര്‍ കുഞ്ഞുമോന് എം എല്‍ എ അധ്യക്ഷത വഹിച്ചു.