ന്യൂജെൻ ബൈക്കുകളിൽ ചീറിപ്പാഞ്ഞു യുവാക്കൾ : ട്രാഫിക് ലംഘനങ്ങൾ അരങ്ങു തകർക്കുന്നു
1589464
Friday, September 5, 2025 5:55 AM IST
കൊല്ലം: ന്യൂജെൻ ബൈക്കുകളിൽ ചീറിപ്പായുന്ന യുവാക്കൾ ജില്ലാ ആസ്ഥാനത്ത് പോലും വഴിയാത്രക്കാർക്കും വാഹനമോടിക്കുന്നവർക്കും ഭീഷണിയാവുന്നു. ചിന്നക്കടയിൽ ട്രാഫിക് പോലീസിന്റെ സാന്നിധ്യമുള്ള റോഡുകളിൽ പോലും ന്യൂജെൻ റൈഡറു കാർ ചീറിപ്പായുന്നത് നിത്യക്കാഴ്ചയായി.
ഓണാഘോഷ തിമിർപ്പിലാണ് കൊല്ലം നഗരം. ഈ ആഘോഷത്തിനിടെ ഇരുചക്ര വാഹനമോടിച്ച് തിമിർക്കുകയാണ് ഒരു കൂട്ടം ചെറുപ്പക്കാർ.അപകടങ്ങൾ ഉണ്ടാക്കുന്ന ആഘാതമറിയാതെയുള്ള ഇവരുടെ മിന്നൽ പാച്ചിൽ കണ്ടിട്ടും ട്രാഫിക് പോലീസ് കണ്ടില്ലെന്നു നടിക്കുകയാണ്.
ജനം കൂടുന്ന സ്ഥലങ്ങളിൽ അമിത വേഗതയിൽ ചീറിപ്പായുന്നത് ഇവർക്കൊരു രസമാണ്. കാതടപ്പിക്കുന്ന ശബ്ദത്തോടെ അമിതവേഗതയിൽ പായുന്ന ഇരുചക്ര വാഹനങ്ങൾ ആരെയും ഭയപ്പെടുത്തും.
പരമാവധി വേഗതകുറച്ചോടുന്ന വാഹനങ്ങൾക്കിടയിലൂടെ ഊളിയിട്ടു ചീറിപ്പായുന്നതാണ് ഇക്കൂട്ടർക്ക് ഏറെയിഷ്ടം. രാത്രിയെന്നോ പകലെന്നോ നോക്കാതെ ചീറിപ്പായുന്നവരിൽ പലരും ലഹരിയിലാണെന്നതിനു പോലീസ് പിടികൂടിയ സംഭവങ്ങൾ തന്നെ സിറ്റിയിൽ ഉദാഹരണം.
ബൈക്ക് യാത്രക്കാർ മാത്രമല്ല. റോഡ് തങ്ങളുടെ സ്വന്തമെന്നു കരുതുന്ന ഡെലിവറി വാഹനങ്ങളും പ്രൈവറ്റ് ബസുകളും ചീറിപ്പാച്ചിലിൽ പിന്നോട്ടല്ല. ട്രാഫിക് നിയമ ലംഘനങ്ങൾക്കുള്ള പിഴകൾ മോട്ടോർ വാഹന വകുപ്പ് വർധിപ്പിച്ചിട്ടുണ്ടെങ്കിലും ഇതിനെയൊന്നും ചീറിപ്പായുന്നവർ കാര്യമാക്കുന്നില്ല.
തോളിനും ചെവിക്കിടയിലുമായി മൊബൈൽ ഫോൺ വെച്ച് ചീറിപ്പായുന്ന കിങ്കരന്മാരും ഉണ്ട്. ഡ്രൈവിംഗിനിടെ ഉള്ള ഫോൺ ഉപയോഗം പ്രൈവറ്റ് ബസ് ഡ്രൈവർമാർക്കിടയിലാണ് വർധിച്ചിരിക്കുന്നത്. യൂത്ത് റൈഡർമാർക്ക് ആരെയും ഭയമില്ലെന്ന മട്ടാണ്. പോലീസിന്റെ പിടിയിലായാലും ഇവരെ രക്ഷിക്കാൻ രാഷ്്ട്രീയക്കാർ ഓടിയെത്തുന്നത് കുറ്റകൃത്യം ആവർത്തിക്കാൻ ഇവർക്ക് പ്രചോദനം ഉണ്ടാക്കുന്നു.
ചില പ്രൈവറ്റ് ബസ് ഡ്രൈവർമാർ മുന്നിലും പിന്നിലും വരുന്ന വാഹങ്ങൾ ഹോണടിച്ചാൽ പോലും അറിയാതെ ഡ്രൈവിംഗിനിടയിൽ ഫോൺ വിളിയിലാണ്. ഹെഡ് ഫോണുകളിൽ ഡ്രൈവിംഗിനിടെ സംസാരിക്കുന്നവരെ നഗരത്തിൽ ഒരു നാൾ പിടികൂടിയാൽ നിരത്തിൽ ഒരു പക്ഷേ പിന്നെ ഒരൊറ്റ വാഹങ്ങൾ ഉണ്ടാവില്ല. ദിവസങ്ങൾക്ക് മുൻപാണ് കെഎസ്ആർടിസി - പ്രൈവറ്റ് ബസ്, സ്കൂൾ ബസ് ഡ്രൈവർമാർ ജില്ലയിൽ മദ്യപിച്ച് വാഹനം ഓടിച്ചതിന് പിടിയിലാവുന്നത്.
ജില്ലാ ആസ്ഥാനമായ ചിന്നക്കടയിൽ ഭൂരിഭാഗവും ട്രാഫിക് നിയമ ലംഘനങ്ങളാണ് നടക്കുന്നത്. ട്രാഫിക് മാനേജ്മെന്റ് വിഷയങ്ങളിൽ വേണ്ടത്ര ഭരണപരമായ ശ്രദ്ധക്കുറവാണ് ഇതിനൊക്കെ പ്രധാന കാരണം. ജില്ലാ ആസ്ഥാനത്ത് ട്രാഫിക് പോലീസ് ഉണ്ടോ എന്നതാണ് സംശയം.
ട്രാഫിക് മാനുവലായി നിയന്ത്രിക്കുന്നതിനുള്ള പരമ്പരാഗത രീതികൾക്ക് സമയത്തിന്റെയും സ്ഥലത്തിന്റെയും കാര്യത്തിൽ ഉള്ള പരിമിതികളുണ്ടെന്നത് വസ്തുതയാണെങ്കിലും ട്രാഫിക് പോലീസ് ജില്ലാ ആസ്ഥാനത്തു സജീവമല്ലെന്നു തന്നെ പറയേണ്ടിയിരിക്കുന്നു. ഹെൽമെറ്റ് ഇല്ലാതെ വാഹനമോടിച്ചാൽ 1,00͏0 രൂപ പിഴ ഈടാക്കുമെന്ന് വന്നതോടെയാണ് ഹെൽമെറ്റ് ധരിക്കാൻ എല്ലാവരും തയാറാവുന്നത്.
മദ്യപിച്ച് വാഹനമോടിക്കുന്നത് ഗുരുതരമായ കുറ്റകൃത്യമാണെങ്കിലും 10,000 രൂപ പിഴയും ആറ് മാസം വരെ തടവും ശിക്ഷ ഏർപ്പെടുത്തിയിട്ടും ഇക്കാര്യത്തിൽ കുറവൊന്നും ഉണ്ടായിട്ടില്ല. ഓവർ-സ്പീഡിംഗ് കുറയാത്തതിന് മുഖ്യകാരണം അധികൃതർ ഇക്കാര്യത്തിൽ കാട്ടുന്ന അലംഭാവം തന്നെയാണ്.
സ്പീഡ് അപകടങ്ങൾ വർധിപ്പിക്കുകയും അപകടസാധ്യതകൾ കർശനമായി നിരീക്ഷിക്കുകയും ചെയ്യുന്നതിനുള്ള സംവിധാനങ്ങൾ ട്രാഫിക് പോലീസ് ഉപയോഗിക്കുന്നില്ല. ഇരുചക്ര വാഹനങ്ങൾക്ക് 1,000 രൂപ മാത്രം പിഴ വാങ്ങുന്നത് ട്രാഫിക് നിയമ ലംഘനം വർധിക്കാൻ ഇടയാക്കുന്നുണ്ട്.
റോഡുകളിലൂടെ സഞ്ചരിക്കുക എന്നത് ഒരു സ്ഥലത്തു നിന്ന് മറ്റൊരിടത്തേക്ക് പോകുന്നത് മാത്രമല്ല, റോഡ് പങ്കിടുന്ന എല്ലാവർക്കും സുരക്ഷ ഉറപ്പാക്കുക എന്നതാണ് ലക്ഷ്യം വെക്കുന്നത്. ഗതാഗത നിയമങ്ങൾ അച്ചടക്കം പ്രോത്സാഹിപ്പിക്കുന്നതിനും അപകടങ്ങൾ കുറയ്ക്കുന്നതിനും ജീവൻ സംരക്ഷിക്കുന്നതിനും വിഭാവനം ചെയ്തതാണ്. ഹെൽമെറ്റ്, സീറ്റ് ബെൽറ്റ് എന്നിവ ധരിക്കുന്നത് മുതൽ വേഗത കൂട്ടി വാഹനങ്ങൾ ഉപയോഗിക്കുകയും വാഹന രേഖകൾ സൂക്ഷിക്കുകയും ചെയ്യുന്നത് വരെയുള്ള റോഡ് പെരുമാറ്റത്തിന്റെ എല്ലാ വശങ്ങളും ട്രാഫിക് നിയമങ്ങളിൽ പറഞ്ഞിരിക്കുന്നു.
സാധാരണമായി കാണപ്പെടുന്ന ഗതാഗത ലംഘനങ്ങളായ മദ്യപിച്ചുള്ള ഡ്രൈവിംഗ്, അമിത വേഗതയോടെ വാഹനമോടിക്കൽ എന്നിവ കണ്ടെത്തുന്നതിനായി കർശന നടപടികൾ സ്വീകരിക്കുന്നുണ്ടെന്നാണ് പറയുന്നതെങ്കിലും ട്രാഫിക് പോലീസിനിപ്പോൾ ഇതൊന്നും നോക്കാൻ നേരം കിട്ടാറില്ല.