ലഹരി കടത്ത് സാധ്യത : ആര്യങ്കാവിൽ പരിശോധന കർശനമാക്കി
1589218
Thursday, September 4, 2025 6:26 AM IST
ആര്യങ്കാവ് : ഓണനാളുകളിൽ തമിഴ്നാട് ,കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് ലഹരി വസ്തുക്കളുടെ കടത്ത് ഉണ്ടാകാനുള്ള സാധ്യത മുന്നില്‍ കണ്ട് തമിഴ്നാട് അതിർത്തിയായ ആര്യങ്കാവിൽ എക്സൈസ് പരിശോധന കർശനമാക്കി. നിത്യോപയോഗ സാധനങ്ങളുടെ മറവിൽ കഞ്ചാവും മറ്റ് നിരോധിത ലഹരിവസ്തുക്കളും കൊണ്ടുവരുന്ന മുൻ അനുഭവം കണക്കിലെടുത്താണ് പരിശോധന നടത്തുന്നത്. ചെക്പോസ്റ്റിലെ ജീവനക്കാർ മൂന്നു ഷിഫ്റ്റായാണ് പരിശോധന നടത്തുന്നത്.
ആന്ധ്രപ്രദേശ്, ഒഡിഷ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും ഇതു വഴി കഞ്ചാവ് വൻതോതിൽ കേരളത്തിലേക്ക് കടത്തുന്നുണ്ട്. വാഹനങ്ങളിൽ കൂടാതെ ട്രെയിൻ മാർഗവും കഞ്ചാവ് കടത്തുകാരുടെ സുഗമപാതയാണ് ആര്യങ്കാവ്.
കൂടാതെ നിരോധിത പുകയില ഉൽപന്നങ്ങളും ധാരാളമായി കൊണ്ടുവരുന്നുണ്ട്. പച്ചക്കറി സാധനങ്ങളുടെ മറവിലാണ് ഇവ കൂടുതലായും കടത്തുന്നത്. നിറയെ ലോഡുമായി വരുന്ന വാഹനങ്ങളിൽ ഇത്തരം ലഹരി ഉൽപന്നങ്ങൾ കൊണ്ടുവരുന്നത് കണ്ടുപിടിക്കാനും അധികൃതർക്ക് പ്രയാസമാണ്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വല്ലപ്പോഴെങ്കിലും ലഹരി വസ്തൂക്കൾ ഇവിടെ പിടികൂടുന്നത്.
മറ്റൊരു അതിർത്തിയായ അച്ചൻകോവിലിലും എക്സൈസ്, പോലീസ് ജാഗ്രതയിലാണ്. വരും ദിവസങ്ങളില്‍ തമിഴനാട് പോലീസിന്റെ കൂടി സഹകരണം ഉറപ്പാക്കി പരിശോധന കൂടുതല്‍ ശക്തമാക്കാനാണ് അധികൃതരുടെ തീരുമാനം.