ദൈവസ്നേഹത്തിൽ ഹൃദയം കത്തിജ്വലിക്കണം: ആന്റണി മാർ സിൽവാനോസ്
1589465
Friday, September 5, 2025 5:55 AM IST
കൊല്ലം: ദൈവസ്നേഹത്തിൽ ഹൃദയം കത്തിജ്വലിക്കണമെന്നും ദൈവസ്നേഹം പങ്കുവയ്ക്കപ്പെടണമെന്നും മലങ്കര സുറിയാനി കത്തോലിക്കാ സഭ കൂരിയാ മെത്രാൻ ആന്റണി മാർ സിൽവാനോസ് ഉദ്ബോധിപ്പിച്ചു.
കാക്കോട്ടുമൂല തിരുഹൃദയ പള്ളി ഓഡിറ്റോറിയത്തില്‍ കാക്കോട്ടുമൂല തിരുഹൃദയ പള്ളി വികാരി ഫാ. റൊമാന്‍സ് ആന്റണി രചിച്ച പുസ്തകം ഹൃദയരാഗത്തിന്റെ പ്രകാശനവും വിശുദ്ധ മാര്‍ഗ്രറ്റ് മേരി അലക്കോക്കിന് ഈശോ തന്റെ തിരുഹൃദയദര്‍ശനം നല്‍കിയതിന്റെ 350 - ാം വാര്‍ഷികം-ഹൃദയോത്സവം@2025 ഉം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ബിഷപ്.
ഈശോയുടെ സ്നേഹത്തിന്റെ ഏറ്റവുംവലിയ പ്രതീകമാണ് തിരുഹൃദയം. ആഴത്തിലുള്ള ആധ്യാത്മികചിന്തയും ധ്യാനാനുഭവവും ഈ പുസ്തകത്തിൽ പ്രതിപാദിച്ചിരിക്കുന്നതായി അദ്ദേഹം പറഞ്ഞു.
കൊല്ലം ബിഷപ് ഡോ. പോള്‍ ആന്റണി മുല്ലശേരി അധ്യക്ഷത വഹിച്ചു. ഫാ.റോമാൻസ് ആന്റണി പൗരോഹിത്യസുവർണജൂബിലിയിലേക്കു പ്രവേശിക്കുന്ന ധന്യനിമിഷത്തിൽ വിശ്വാസസമൂഹത്തിനു നൽകുന്ന വിലപ്പെട്ട സമ്മാനമാണ് ഈ പുസ്തകം.ഇത് ആത്മീയ ഉണർവ് നൽകുന്ന പുസ്തകമാണെന്നും അദ്ദേഹം അധ്യക്ഷപ്രസംഗത്തിൽ പറഞ്ഞു. തിരുഹൃദയത്തിനു ക്രൈസ്തവ ജീവിതത്തിൽ മുഖ്യസ്ഥാനമാണുള്ളത്.
ഈശോയുടെ തിരുഹൃദയം ജീവിതയാത്രയിൽ നമുക്ക് തുണയാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൊല്ലംരൂപത ബിഷപ് എമിരിറ്റസ് ഡോ.സ്റ്റാന്‍ലി റോമൻ പുസ്തകംഏറ്റുവാങ്ങി. തിരുവനന്തപുരം മാര്‍ തിയോഫിലസ് ട്രെയിനിംഗ് കോളജ് ബര്‍സാര്‍ ഫാ. ജോണ്സണ് പുതുവേലില്‍ പുസ്തകാവതരണം നടത്തി.
ദീപിക മാനേജിംഗ് ഡയറക്ടര്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് ദീപിക ഉപഹാരം സമർപ്പിച്ചു ആശംസയർപ്പിച്ചു. കോട്ടപ്പുറ കുടുംബയോഗ പ്രതിനിധി ആദം ഫെർണാണ്ടസ് തുടങ്ങിയവർ പ്രസംഗിച്ചു.
ഇടവക ഗായകസംഘം തിരുഹൃദയവന്ദനം നടത്തി. ഗ്രന്ഥകർത്താവ് ഫാ. റൊമാൻസ് ആന്റണി മറുപടിപ്രസംഗം നടത്തി. അദ്ദേഹത്തിന്റെ 32-ാമത്തെ പുസ്തകമാണ് ഹൃദയരാഗം. കാക്കോട്ടുമൂല ഇടവക അജപാലന സമിതി സെക്രട്ടറി ഡോ. മനോജ് അഗസ്റ്റിന് സ്വാഗതവും വിന്‍സന്റ് ഡി പോള്‍ സൊസൈറ്റി കാക്കോട്ടുമൂല കോണ്‍ഫറന്‍സ് സെക്രട്ടറി ലൈസാമ്മ വില്‍സണ്‍ നന്ദിയും പറഞ്ഞു.