സ്ത്രീസംവരണ ഉത്തരവ് പൂട്ടിവച്ചിരിക്കുന്നതായി: മന്ത്രി
1533880
Monday, March 17, 2025 6:52 AM IST
പത്തനാപുരം: സ്ത്രീകൾക്ക് 33 ശതമാനം സംവരണം ഉറപ്പാക്കുന്ന ഉത്തരവ് കേന്ദ്രസർക്കാർ പെട്ടിയിൽ പൂട്ടിവച്ചിരിക്കുകയാണെന്ന് മന്ത്രി ജെ. ചിഞ്ചുറാണി.
ഗാന്ധിഭവനിൽ ലോക വനിതാവാരാചരണത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി. അടുക്കളയിൽ മാത്രം തളയ്ക്കപ്പെട്ടിരുന്ന സ്ത്രീകളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിച്ചതുവഴി നിരവധി പ്രവർത്തന മണ്ഡലങ്ങളിൽ അവർ കഴിവ് തെളിയിച്ചെന്ന് മന്ത്രി പറഞ്ഞു.
ജീവകാരുണ്യരംഗത്തെ മികച്ച സേവനങ്ങൾക്ക് പെരുമ്പാവൂർ കൂവപ്പടി ബത്ലഹേം അഭയഭവൻ പ്രസിഡന്റ് മേരി എസ്തപ്പാന് ഗാന്ധിഭവന്റെ വക വനിതാശ്രീ പുരസ്കാരം മന്ത്രി സമ്മാനിച്ചു. 25000 രൂപയും ഫലകവുമാണ് പുരസ്കാരം. ഔഷധി ചെയർപേഴ്സൺ ശോഭനാ ജോർജ് അധ്യക്ഷയായ ചടങ്ങിൽ പത്തനാപുരം പഞ്ചായത്തിലെ ഹരിതകർമ സേനാംഗങ്ങളെയും മന്ത്രി ആദരിച്ചു.
ഓർഫനേജ് കൺട്രോൾ ബോർഡ് അംഗം ഫാ. ജോർജ് ജോഷ്വാ കന്നിലേത്ത്, മെമ്പർ സെക്രട്ടറി അഡ്വ. എം.കെ. സിനുകുമാർ, ഗാന്ധിഭവൻ സെക്രട്ടറിയും ഓർഫനേജ് കൺട്രോൾ ബോർഡ് അംഗവുമായ സോമരാജൻ, ഗാന്ധിഭവൻ വൈസ് ചെയർമാൻ പി.എസ്. അമൽരാജ്, ട്രസ്റ്റി കെ. ഉദയകുമാർ എന്നിവർ പ്രസംഗിച്ചു.
വനിതാ വാരാചരണത്തോടനുബന്ധിച്ച് നടന്ന ബോധവത്കരണ സെമിനാർ വനിതാകമ്മീഷൻ അംഗം അഡ്വ. ഇന്ദിര രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഗാന്ധിഭവൻ ചെയർപേഴ്സൺ ഷാഹിദാ കമാൽ അധക്ഷത വഹിച്ചു. ഗാന്ധിഭവൻ അസിസ്റ്റന്റ് സെക്രട്ടറി ജി. ഭുവനചന്ദ്രൻ, ബി. മോഹനൻ, സന്തോഷ്. ജി. നാഥ്, വിൻസന്റ് ഡാനിയേൽ, അഡ്വ. ബീന വിൻസന്റ്, അഡ്വ. എസ്. രശ്മി എന്നിവർ പ്രസംഗിച്ചു.