പൈപ്പിടാനായി കേബിളുകൾ നശിപ്പിച്ചു; ബിഎസ്എന്‍എല്‍ സേവനങ്ങള്‍ തടസപ്പെട്ടു
1533543
Sunday, March 16, 2025 6:23 AM IST
കൊട്ടാരക്കര: കുളക്കട പഞ്ചായത്തിലെ പെരുംകുളത്ത് വാട്ടര്‍ അഥോറിറ്റിയുടെ കുടിവെള്ള പദ്ധതിക്കായി പൈപ്പിടാനായി കുഴിയെടുത്തപ്പോൾ കേബിളുകൾ നശിച്ചതോടെ ബിഎസ്എന്‍എല്‍ സേവനങ്ങള്‍ തടസപ്പെട്ടു
റോഡിന്റെ ഇരുവശങ്ങളിലും മണ്ണ്മാന്തി യന്ത്രം ഉപയോഗിച്ച് ചാല് കീറുന്നതിനിടയിലാണ് ബിഎസ്എന്‍എല്ലിന്റെ ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിളുകള്‍ തകര്‍ന്നത്.
രണ്ട് ദിവസം മുന്‍പ് പെരുംകുളം ക്ഷേത്രത്തിന് സമീപം മുറിഞ്ഞ് മാറിയ ഫൈബര്‍ കേബിളുകള്‍ കേടുപാടുകള്‍ തീര്‍ത്തത് വൈകുന്നേരമാണ്. ഇതിനിടയില്‍ രാവിലെ മാവേലി ജംഗ്ഷന് സമീപം മുറിഞ്ഞ് മാറിയ ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിളുകള്‍ ശരിയാക്കി കണക്ഷനുകള്‍ പുന:സ്ഥാപിച്ചത് കഴിഞ്ഞ ദിവസമാണ്. ഇന്നലെ രാവിലെ പെരുംകുളം സൊറവരമ്പിന് സമീപത്താണ് രാവിലെ മണ്ണ്മാന്തി യന്ത്രം ഉപയോഗിച്ച് മാന്തിയപ്പോൾ വഴിയില്‍ ഫൈബറുകള്‍ മുറിഞ്ഞ് മാറിയത്.
കുളക്കട, പൂവറ്റൂര്‍ മേഖലകളിലെ ആയിരക്കണക്കിന് ഉപഭോക്താക്കളേയും അക്ഷയ സെന്ററുകളേയും സര്‍ക്കാര്‍ ഓഫീസുകളേയും ഇത് ബാധിച്ചു. നിരവധി സര്‍ക്കാര്‍ സ്കൂളുകളിലേയും ഇന്റര്‍നെറ്റ് കഫേകളുടേയും പ്രവര്‍ത്തനം താറുമാറായി. സ്കൂളുകളിൽ പരീക്ഷക്കാലമാണ്.
ഈ സമയത്ത് ഇന്റര്‍നെറ്റ് ഒഴിച്ചുകൂടാനാവാത്തതാണ്. അപ്പോഴാണ് തുടര്‍ച്ചയായി ഇത്തരത്തില്‍ ഗുരുതരവീഴ്ചയുണ്ടാവുന്നത്. വേണ്ടത്ര മുന്നൊരുക്കങ്ങള്‍ നടത്താതെ റോഡ് കുഴിക്കുന്നതാണ് ഇന്റര്‍നെറ്റിന്റെ സേവനം തടസപ്പെടുന്നതിന് കാരണമാകുന്നതെന്ന് പരാതി ഉയരുകയാണ്.
റോഡ് കുഴിക്കുന്നതിന് മുന്‍പ് വാട്ടര്‍ അഥോറിറ്റി അധികൃതരുടെ അനുവാദം തേടാറുണ്ട്. കൊട്ടാരക്കര നിന്നും കുളക്കട ടെലിഫോണ്‍ ഏക്സ്ചേഞ്ചിലേക്കും ടവറുകളിലേക്കുമുള്ള ഒഎഫ്സി കേബിളുകള്‍ കടന്ന് പോകുന്ന ലൈനില്‍ റോഡ് കുഴിക്കുമ്പോള്‍ ട്രാന്സ്മിഷന് വിഭാഗം ഉദ്യോഗസ്ഥര്‍ സ്ഥലത്ത് ഉണ്ടാകണമെന്നാണ് ചട്ടം.
എന്നാല്‍ ആരുടേയും മേല്‍നോട്ടമില്ലാതെ വളരെ പ്രധാനപ്പെട്ട ഒരുറൂട്ടില് റോഡ് കുഴിക്കുന്നതാണ് കേബിളുകൾ നശിപ്പിക്കാൻ ഇടയാക്കിയത്.