നഗരത്തിലെ മോഷണം പരന്പര; പ്രതികള്‍ പിടിയില്‍
1533872
Monday, March 17, 2025 6:41 AM IST
കൊല്ലം: കൊല്ലം നഗര മധ്യത്തിലെ മോഷണ പരമ്പരയിലെ പ്രതികള്‍ പോലീസ് പിടിയിലായി. മയ്യനാട് ധവളക്കുഴി സുനാമി ഫ്ളാറ്റ് നമ്പര്‍-18ല്‍ ലാലു (30), കൊല്ലം വെസ്റ്റ് പള്ളിത്തോട്ടം സെഞ്ചുറി നഗര്‍55ല്‍ സനില്‍ (26) എന്നിവരാണ് കൊല്ലം ഈസ്റ്റ് പോലീസിന്റെ പിടിയിലായത്.
കഴിഞ്ഞ ഒമ്പതിന് രാത്രിയിലായിരുന്നു ആണ്ടാമുക്കം റോഡിലുള്ള ഹാര്‍ഡ് വെയര്‍ കടയില്‍ മോഷണം നടന്നത്. പുലര്‍ച്ചയോടെ പ്രതികള്‍ കടയിലെത്തി പണം സൂക്ഷിക്കുന്ന അലമാരയും മേശയും കുത്തിതുറന്ന് മൂന്ന് ലക്ഷം മോഷ്ടിച്ചു.
എട്ടിന് രാത്രിയിലായിരുന്നു ചിന്നക്കട കുമാര്‍ ജംഗ്ഷനിലുള്ള ഫാന്‍സിയിൽ മോഷണം നടന്നത്. എട്ടു ലക്ഷത്തോളം അവിടെ നിന്ന് മോഷണം പോയിരുന്നു. തുടര്‍ന്ന് ഈസ്റ്റ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിവരികയായിരുന്നു.
കൊല്ലം ഈസ്റ്റ് സിഐ അനില്‍കുമാറിന്റെ നേതൃത്വത്തില്‍ മൂന്ന് സംഘങ്ങളായി തിരിഞ്ഞായിരുന്നു അന്വേഷണം. അന്വേഷണ ഭാഗമായി നിരവധി സിസിടിവി ദൃശ്യങ്ങളും ഫോണ്‍ കോളുകളും പരിശോധിച്ചു. പ്രതികളെ പിടികൂടാത്തതില്‍ വ്യാപാരികള്‍ ഉള്‍പ്പെടെയുള്ളവര്‍ വ്യാപക പ്രതിഷേധവുമായി രംഗത്ത് എത്തിയിരുന്നു. ഇതിനിടയിലാണ് പ്രതികള്‍ അറസ്റ്റിലായത്.
പ്രതികള്‍ കടകളും അതില്‍ കയറാനുള്ള വഴികളും നേരത്തെ കണ്ട് വച്ച ശേഷം കവര്‍ച്ച നടത്തുകയായിരുന്നു. ഈസ്റ്റ് സിഐയെ കൂടാതെ എസ്ഐ സുമേഷ്, സിപിഒമാരായ അജയന്, ജയകൃഷ്ണന്, ഷൈജു, അനു എന്നിവരും അന്വേഷണ സംഘത്തില്‍ ഉള്പെട്ടിരുന്നു. പ്രതികള്‍ നേരത്തെ മോഷണ കേസില്‍ ഉള്‍പ്പെട്ടവരാണെന്നും കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ അന്വേഷണം നടത്തുമെന്നും കൊല്ലം എസിപി എസ്. ഷെരീഫ് പറഞ്ഞു.